വെനീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിയ ചിത്രമാണ് അനുപർണ റോയിയുടെ 'സോങ്ങ്സ് ഓഫ് ഫൊർഗോട്ടൺ ട്രീസ്'. മുംബൈയിൽ കുടിയേറിയ രണ്ട് സ്ത്രീകളുടെ അതിജീവനവും ആത്മബന്ധവുമാണ് പ്രമേയം.

വളരെ പതിഞ്ഞതാളത്തിലാണ് അനുപർണ റോയ് കഥ പറഞ്ഞുപോകുന്നത്. ആ താളത്തിനൊപ്പം മുംബൈയിലെ നിലയ്ക്കാത്ത വേഗവും, തിരക്കുകളും, ഇടുങ്ങിയ ഗലികളിലെ മണങ്ങളും, നനവുകളും പ്രേക്ഷകരിലേക്കും ഒരു മൂളിപ്പാട്ടുപോലെയെത്തുന്നു. 'സോങ്ങ് ഓഫ് ഫൊർഗോട്ടൺ ട്രീസ്' രണ്ട് സ്ത്രീകളുടെ കഥയാണ്. മുംബൈ എന്ന വലിയ നഗരത്തിൽ അസ്തിത്വ ദുഃഖത്താൽ ഓരോ ദിവസവും തള്ളിനീക്കുന്ന രണ്ട് സ്ത്രീകളുടെ കഥ. ഈ വർഷത്തെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അനുപർണ റോയിക്ക് മികച്ച സംവിധായികയ്ക്കുള്ള പുരസ്കാരം നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. ഈ വർഷത്തെ ഐഎഫ്എഫ്കെ ഇന്ത്യൻ സിനിമ നൗ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം രണ്ട് സ്ത്രീകളുടെ അതിജീവനവും ആത്മബന്ധവുമാണ് പ്രമേയമാക്കുന്നത്.

ഹോളോങ് മരങ്ങൾക്കടുത്തിരുന്ന് സ്നേഹിക്കുന്ന മനുഷ്യർ തമ്മിൽ സംസാരിച്ചാൽ അവർ തമ്മിൽ വേർപിരിയും എന്ന മിത്തിലൂന്നിക്കൊണ്ടാണ് അനുപർണ റോയ് തന്റെ ആദ്യ സിനിമയായ സോങ്ങ് ഓഫ് ഫൊർഗോട്ടൺ ട്രീസിന്റെ ആഖ്യാനത്തെ മുന്നോട്ട് കൊണ്ടുപോവന്നത്. മുംബൈ എന്ന നഗരത്തിലേക്ക് കുടിയേറിയ, അഭിനയമോഹം കൊണ്ടുനടക്കുന്ന തൂയ എന്ന എന്ന പെൺകുട്ടിയും അവളുടെ അപ്പാർട്ട്മെന്റിലേക്ക് പുതുതായി വരുന്ന ശ്വേതയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കൃത്യമായ നിർവചനങ്ങളില്ലാത്ത, വുമൺഹുഡ് എന്നൊക്കെ വിളിക്കാൻ കഴിയുന്ന പ്ലറ്റോണിക് ആയ ഒരാത്മബന്ധത്തിന്റെ നിഴലുകൾ ഇരുവർക്കിടയിലും പ്രതിഫലിക്കുന്നത് കാണാം.

ആഴമുള്ള കഥാപാത്രങ്ങൾ, ആഴമുള്ള വികാരങ്ങൾ

തൂയ അഭിനയമോഹവുമായാണ് മുംബൈയിലേക്ക് കുടിയേറിയിരിക്കുന്നത്, സിനിമയിലെത്തുക എന്നത് വളരെയേറെ കഷ്ടപ്പാട്ട് നിറഞ്ഞതാണെങ്കിലും അവൾ പ്രതീക്ഷ കൈവിടുന്നില്ല. എന്നാൽ ജീവിതത്തിന്റെ കഠിനമായ സാഹചര്യങ്ങൾ രഹസ്യമായി ലൈംഗികത്തൊഴിലേർപ്പെടാൻ അവളെ നിർബന്ധിതയാക്കുന്നു. ഫ്ലാറ്റ് ഉടമസ്ഥനുമായി ബന്ധമുള്ളത് കൊണ്ട് തന്നെ വാടക നൽകാതെ അവൾക്ക് മുന്നോട്ട് പോകാൻ കഴിയുന്നുണ്ട്. ജീവിത യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് അവൾ അതിനെ കാണുന്നത്. ഒട്ടും താല്പര്യമില്ലാതെ തന്നെ ഒരു 'തൊഴിൽ' എന്ന കണക്കെ അവൾ തന്റെ ശരീരം 'പങ്കുവയ്ക്കാൻ' നിർബന്ധിതയാവുന്നു. തന്റെ ബാല്യകാല സുഹൃത്തായ ജുമയെ നഷ്ടപ്പെട്ടത്തിന്റെ ദുഃഖം അവളെ അലട്ടുന്നുണ്ട്. ജുമയോടുള്ള സ്നേഹത്തിൽ അവളിപ്പോഴും ജീവിക്കുന്നു. ജുമ എവിടെയാണെന്നോ മറ്റോ തൂയക്ക് അറിയില്ല. അവളുടെ കല്യാണം കഴിഞ്ഞുപോയെന്നും കുഞ്ഞുണ്ടെന്നുമുള്ള വിവരം മാത്രം അവൾക്ക് നാട്ടിൽ നിന്നും ലഭിക്കുന്നുണ്ട്. ശ്വേത തന്റെ അപ്പാർട്ട്മെന്റിലേക്ക് താമസത്തിനായി എത്തുന്നതോടെയാണ് തൂയയുടെ ജീവിതത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത്. നഷ്ടപ്പെട്ടുപോയ തന്റെ ബാല്യകാല സുഹൃത്തിന്റെ സ്നേഹത്തിന്റെ പ്രതിഫലനം ശ്വേതയിൽ തൂയക്ക് അനുഭവപ്പെടുന്നു.ആ മാറ്റങ്ങളെ വളരെ മനോഹരമായാണ് അനുപർണ റോയ് ചിത്രീകരിച്ചിരിക്കുന്നത്.

ശ്വേതയും മറ്റൊരു സ്ഥലത്ത് നിന്നും മുംബൈയിലേക്ക് ആദ്യമായി തൊഴിൽ ആവശ്യത്തിനായി എത്തിപ്പെടുന്നതാണ്. വലിയ നഗരത്തിന്റെ തിരക്കുകളിൽ ഏകാന്തത പലപ്പോഴും അവളെ വേദനിപ്പിക്കുന്നതായി കാണാം. തൂയയോടുള്ള സൗഹൃദം മാത്രമാണ് അവളുടെ ആശ്വാസം. വളരെ പതിയെയാണ് ഇരുവരും തമ്മിലുള്ള സൗഹൃദവും സ്നേഹവും ഉടലെടുക്കുന്നത്. അപ്പാർട്ട്മെന്റിൽ ആദ്യ ദിനം സ്വന്തം മുറികളിൽ ഇരുന്ന് ആഹാരം കഴിക്കുന്ന ഇരുവരും നിലത്ത് ഒരുമിച്ച് കിടന്നുറങ്ങുന്നതിലേക്ക് എത്തിയത് വളരെ സൂക്ഷ്മമായാണ് സംവിധായിക ചിത്രീകരിച്ചിരിക്കുന്നത്. സിനിമയിലെ ഏറ്റവും മനോഹരമായ രംഗമാണ് ഇരുവരും വ്യത്യസ്ത ബാത്ത്റൂമുകളിലിരുന്ന് തുണി കഴുകുമ്പോഴുള്ള സംഭാഷണം. തനിക്ക് ചെറുപ്പത്തിൽ നഷ്ടപ്പെട്ടുപോയ സൗഹൃദത്തിന്റെ വീണ്ടെടുപ്പ് കൂടിയാണ് തൂയ ശ്വേതയുടെ കാണുന്നത്.

സംഭാഷണങ്ങളാണ് ഈ സിനിമയുടെ ആത്മാവ്. സെക്സിനായി വരുന്ന ക്ലയന്റ്സ് തന്നെ ഒരു തെറാപ്പിസ്റ്റായാണ് കാണുന്നതെന്നും, സ്വന്തം ഭാര്യമാരെ വിളിക്കാത്ത പേരുകൾ തന്നെ അവർ വിളിക്കാറുണ്ടെന്നും തന്റെ പ്രവൃത്തികളെ ന്യായീകരിക്കാനായി തൂയ ശ്വേതയോട് പറയുന്നുണ്ട്. അതിന് ശ്വേത നൽകുന്ന മറുപടിയാണ് ഒരുപക്ഷേ തൂയയെ കൊണ്ട് എല്ലാം മാറ്റിചിന്തിപ്പിക്കുന്നത്. ക്ലയന്റ്സ് തരുന്ന പണം തനിക്ക് തെറാപ്പിസ്റ്റിനെ കാണിക്കാൻ മാത്രമല്ലേ ഉപകരിക്കുന്നുള്ളൂ എന്നാണ് ശ്വേത ചോദിക്കുന്നത്. ഇത്തരത്തിൽ രണ്ട് പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ആഴത്തിലുള്ളതും ദൈർഘ്യം കുറഞ്ഞതുമായ സംഭാഷണങ്ങളിലാണ് സിനിമ മുന്നോട്ട് പോകുന്നത്. പ്രധാനമായും തൂയയുടെ അപ്പാർട്ട്മെന്റും മുറികളും, ബാത്ത്റൂമുകളുമാണ് സിനിമയിൽ ഏറ്റവും കൂടുതൽ നിറഞ്ഞുനിൽക്കുന്നത്. അതിലാണ് ജീവിതത്തിന്റെ ഏറ്റവും കൂടുതൽ ഇരുവരും ചെലവഴിക്കുന്നത്. ഫ്ലാറ്റ് ഉടമസ്ഥന്റെ ഭാര്യയും ചിത്രത്തിൽ ചെറുതെങ്കിലും പ്രധാന കഥാപാത്രമായി തന്നെ വരുന്നുണ്ട്.

അനുപർണ റോയ്‌യുടെ ബാല്യകാല ഓർമയുടെ ആവിഷ്കാരമാണ് ഈ ചിത്രം. പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്ന ഒരു ഗ്രാമത്തിൽ നിന്നാണ് താൻ വരുന്നതെന്നും, തന്റെ സുഹൃത്ത് ജുമ 13 വയസ്സുള്ളപ്പോൾ ഒരു സംസ്ഥാന പദ്ധതി പ്രകാരം വിവാഹിതയായെന്നും പിന്നീട് അവളെ കുറിച്ചുള്ള യാതൊരു വിവരങ്ങളും ഇല്ലാതെപോയെന്നും അനുപർണ റോയ് ഓർമ്മിക്കുന്നു. "അവളുടെ നിശബ്ദത എന്നിൽ തങ്ങിനിന്നു, സ്ത്രീകളെ മായ്ക്കാനായി രൂപകൽപ്പന ചെയ്ത സാമൂഹ്യ വ്യവസ്ഥിതിയെ അതിജീവിക്കുന്നതിനെക്കുറിച്ചുള്ള അത്തരം ഓർമ്മകളാണ് സോങ്ങ്സ് ഓഫ് ഫോർഗോട്ടൺ ട്രീസ് രൂപപ്പെടുത്തിയിരിക്കുന്നത്. വേഗങ്ങൾ നിലയ്ക്കാത്ത ഒരു നഗരത്തിൽ നിശബ്ദമായി കൂടിച്ചേരുന്ന രണ്ട് കുടിയേറ്റക്കാരുടെ ജീവിതങ്ങളെ സിനിമ പിന്തുടരുന്നു. മുൻവിധിയോട് കൂടിയോ രൂപകമോ ഇല്ലാതെ സ്ത്രീകളെ ചിത്രീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. മറയ്ക്കപ്പെട്ട, സങ്കീർണ്ണമായ, നിശബ്ദമായ പ്രതിരോധശേഷിയുള്ളവർക്കായി ആഖ്യാന ഇടം വീണ്ടെടുക്കാനുള്ള ശ്രമമാണ് എന്റെ സിനിമ." അനുപർണ റോയ് പറയുന്നു. അപൂർണതയിൽ സിനിമ അവസാനിക്കുമ്പോൾ തൂയയും ശ്വേതയും പ്രേക്ഷരുടെ മനസിലേക്ക് കൂടിയായിരിക്കാം ഒരു പതിഞ്ഞ മൂളിപ്പാട്ടുപോലെ നടന്നടുക്കുന്നത്!