നഗരവത്കരണത്താല്‍ ഒറ്റപ്പെട്ടുപോയ ഒരു ഗ്രാമത്തിലെ ആറ് മനുഷ്യരുടെ ജീവിതം പറയുന്ന ചിത്രം, ദാര്‍ശനികമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു

ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍റ് സിനിമകള്‍ ഫോളോ ചെയ്യുന്നവര്‍ക്ക് പരിചിതമായ പേരാണ് മേഘാലയയില്‍ നിന്നുള്ള ചലച്ചിത്രകാരനായ പ്രദീപ് കുര്‍ബാ. മേഘാലയയിലെ ഭാഷകളിലൊന്നായ ഖാസിയില്‍ സിനിമകള്‍ ചെയ്യുന്ന അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമായ ദി എലീസിയന്‍ ഫീല്‍ഡിന്‍റെ പശ്ചാത്തലം പരന്നുകിടക്കുന്ന ഖാസി കുന്നുകളാണ്. എത്തിപ്പെടല്‍ ദുഷ്കരമായ, ദിവസത്തിലൊരിക്കല്‍ വന്നുപോകുന്ന ഒരു ബസിനെ മാത്രം ​ഗതാ​ഗതത്തിനായി ആശ്രയിക്കേണ്ട ഒരിടം. അവിടെ നാല് വീടുകളിലായി ആകെ താമസക്കാര്‍ ആറ് പേര്‍. അവരിലൂടെ ലോകമെമ്പാടും അതിവേ​ഗം നടന്നുകൊണ്ടിരിക്കുന്ന ന​ഗരവത്‍കരണത്തില്‍ ഒറ്റപ്പെട്ടുപോകുന്ന ​ഗ്രാമങ്ങളെക്കുറിച്ചും മനുഷ്യരെക്കുറിച്ചും പറയുകയാണ് പ്രദീപ് കുര്‍ബ ഇത്തവണ. മനോഹരമായ ഫ്രെയ്മുകളിലൂടെയും ചുരുക്കം കഥാപാത്രങ്ങളിലൂടെയും കഥ പറയുന്ന ചിത്രം സമ്മാനിക്കുന്ന അനുഭവം ഒരു വേള ഇറാനിയന്‍ സിനിമകളെ ഓര്‍മ്മിപ്പിക്കും.

ന​ഗരത്തില്‍ നിന്ന് എത്തുന്ന ഒരു ബസില്‍ ഖാസി കുന്നുകളിലെ തന്‍റെ വീട്ടിലേക്ക് എത്തുന്ന ഒരു കഥാപാത്രത്തിനൊപ്പമാണ് നമ്മളെയും പ്രദീപ് കുര്‍ബ ആ അപൂര്‍വ്വ ജീവിത സാഹചര്യങ്ങളിലേക്ക് എത്തിക്കുന്നത്. എങ്ങോട്ട് നോക്കിയാലും, ചക്രവാളം മുട്ടെ പര്‍വ്വതങ്ങളുടെ തിരകള്‍ മാത്രമുള്ള ഒരിടം. ആളുകള്‍ എന്നോ ഉപേക്ഷിച്ചുപോയ, തകര്‍ന്ന നിരവധി വീടുകളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നാല് വീടുകള്‍, അവിടെ ജീവിക്കുന്ന ആറ് മനുഷ്യര്‍. ആദ്യം നാം ബസില്‍ കാണുന്ന ഫ്രൈഡേ എന്ന കഥാപാത്രം ന​ഗരത്തില്‍ നിന്ന് ഒരു ശവപ്പട്ടിയും വാങ്ങിയാണ് എത്തുന്നത്. തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന ഏഴാമത്തെയാള്‍ ബെലിന്‍ഡയുടെ ഭൗതികദേഹം അടക്കം ചെയ്യാനായാണ് അത്. അം​ഗസംഖ്യ ഏഴില്‍ നിന്ന് ആറായി ചുരുങ്ങിയ ആ ചെറു സമൂഹത്തിന്‍റെ പ്രത്യേകിച്ച് സംഭവങ്ങളൊന്നുമില്ലാത്ത ദിനസരികളിലേക്ക് അവരിലൊരാളായി കാണിയെ കൊണ്ടുനിര്‍ത്തുകയാണ് പിന്നീട് സംവിധായകന്‍. ലിവിങ്സ്റ്റണ്‍, ഫ്രൈഡേ, കംപ്ലീറ്റ്, പ്രോമിസ്, മൈയ, ഹെലെന്‍ എന്നീ മനുഷ്യര്‍ക്കും ലിയ എന്ന ആടിനുമൊപ്പമാണ് പിന്നീടുള്ള രണ്ട് മണിക്കൂര്‍ നാം. പ്രത്യേകതകളൊന്നുമില്ലാത്ത അവരുടെ ദിനങ്ങളുടെ താളത്തിലേക്ക് നാം എത്താന്‍ അല്‍പ സമയം എടുക്കുമെങ്കിലും ആ സെറ്റിം​ഗ് ഓണായിക്കഴിഞ്ഞാല്‍ കഥപറച്ചിലിന്‍റെ ഒരു മാജിക് സ്ക്രീനില്‍ ആരംഭിക്കുകയാണ്.

എന്നാല്‍ ഇന്നിന്‍റെ ആഖ്യാനകാലമല്ല ചിത്രത്തിന്‍റേത്. 2047 ആണ് ദി എലീസിയന്‍ ഫീല്‍ഡിന്‍റെ കഥാകാലം. എവിടെ ക്യാമറ വച്ചാലും മനോഹരമായ ഫ്രെയ്മുകള്‍ മാത്രം ലഭിക്കുന്ന ഇടമാണ് ഖാസി കുന്നുകള്‍. വൈഡ് ഫ്രെയ്മുകളില്‍ ഒരു വലിയ എടുപ്പായി ഉള്ളത് മദര്‍ തെരേസയുടെ ഒരു ചാപ്പല്‍ മാത്രമാണ്. ആ പള്ളിയുടെയും നാല് വീടുകളുടെയും ചുവരുകള്‍ ഒഴിച്ചാല്‍ കടല്‍ പോലെ കിടക്കുന്ന പര്‍വ്വതനിരകളും ആകാശവും മാത്രം. അവിടെ ആറ് മനുഷ്യര്‍ മാത്രമുള്ള ഒരു ചെറുസമൂഹത്തിലൂടെ മനുഷ്യജീവിതത്തിന്‍റെ ശാശ്വതമായ സത്യങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് പ്രദീപ് കുര്‍ബ. വേ​ഗത്തില്‍ നടക്കുന്ന ന​ഗരവത്‍കരത്തില്‍ ​ഗ്രാമങ്ങളില്‍ ഒറ്റപ്പെടുന്ന മനുഷ്യരെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെങ്കിലും ചിത്രത്തിന്‍റെ അപൂര്‍വ്വമായ സെറ്റിം​ഗും മൂഡുമൊക്കെ കാണികളെ ദാര്‍ശനികമായ സമസ്യകളിലേക്കും സത്യങ്ങളിലേക്കും നയിക്കുന്നുണ്ട്. തങ്ങള്‍ മാത്രമാണ് തങ്ങള്‍ക്ക് ഉള്ളതെന്ന ബോധ്യത്തില്‍ ജീവിക്കുന്ന ആറ് പേരും ഒരു കുടുംബം പോലെയാണ് പുലരുന്നത്. ജനസാന്ദ്രതയുള്ള ഒരിടത്ത് ജീവിക്കുന്ന മനുഷ്യരുടെ വികാരവിചാരങ്ങളൊക്കെ ഉണ്ടെങ്കിലും അപരനെ കൂടുതല്‍ കരുതുന്നുണ്ട് അവര്‍. സെന്‍റിന് ലക്ഷങ്ങള്‍ കൊടുക്കേണ്ട നഗരത്തിലെ ജനബാഹുല്യത്തിലും വ്യക്തികള്‍ ഒറ്റപ്പെട്ട തുരുത്തുകളല്ലേ എന്നാണ് ചിത്രം ആത്യന്തികമായി ചോദിക്കുന്നത്. നഗരവത്‍കരണം ഈ വേഗതയില്‍ മുന്നോട്ടുപോയാല്‍ ചിത്രത്തില്‍ പറയുന്ന കാലം ആവുമ്പോഴേക്ക് ഗ്രാമങ്ങള്‍ ആളുകള്‍ ഉപേക്ഷിച്ചുപോയ പ്രേതഗ്രാമങ്ങളായി അവശേഷിക്കുമെന്നും സംവിധായകന്‍ പറയുന്നു.

ഏറ്റവും ലളിതമായി, ഏറ്റവും വലിയ ഫിലോസഫി പറയുന്നതില്‍ മികവ് കാട്ടാറുള്ള ഇറാനിയന്‍ സിനിമകളെ ഓര്‍മ്മിപ്പിക്കുന്നുണ്ട് ദി എലീസിയന്‍ ഫീല്‍ഡ്. സംവിധായകന്‍ രണ്ട് വര്‍ഷമെടുത്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത് എന്നറിയുമ്പോഴാണ് ഈ ചിത്രത്തിന് പിന്നിലുള്ള അധ്വാനം എത്ര വലുതായിരുന്നുവെന്ന് മനസിലാവുക. ഋതുക്കള്‍ മനുഷ്യരെ അത്രയും സ്വാധീനിക്കുന്ന ഒന്നാണെന്ന ബോധ്യത്തില്‍ ഋതുഭേദങ്ങള്‍ താന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ചിത്രീകരിക്കാനായിരുന്നു ഇത്. പ്രദീപ് ദൈമറിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. അണിയറക്കാര്‍ എടുത്ത എഫര്‍ട്ട് ദൃശ്യങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. സംവിധായകനും ഛായാഗ്രാഹകനും ചേര്‍ന്ന് ഖാസി കുന്നുകളുടെ വിശാലമായ കാന്‍വാസില്‍ നിറങ്ങളുടെ ഒരു മനോഹര ചിത്രം വരച്ചിട്ടിരിക്കുകയാണ് ദി എലീസിയന്‍ ഫീല്‍ഡിലൂടെ.

HA LYNGKHA BNENG - THE ELYSIAN FIELD Official Trailer