റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'. ഒരു ദ്വീപില്‍ അമ്മയോടൊപ്പം താമസിക്കുന്ന, വിഷവൈദ്യന്മാരുടെ പിന്‍തലമുറക്കാരിയായ മീരയുടെ അതിജീവനത്തിന്‍റെ കഥയാണ് ചിത്രം പറയുന്നത്.

മലയാളം ഇന്‍ഡിപെന്‍ഡന്‍റ് സിനിമയിലെ വേറിട്ട ശബ്ദമാണ് സജിന്‍ ബാബു. എണ്ണത്തില്‍ കുറവാണെങ്കിലും വേറിട്ട ഫിലിമോ​ഗ്രഫിയാണ് അദ്ദേഹത്തിന്‍റേത്. ബിരിയാണി എന്ന ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിന് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി. റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സജിന്‍ ബാബുവിന്‍റെ മുന്‍ ചിത്രങ്ങളെപ്പോലെതന്നെ ആശയത്തിലും അവതരണത്തിലും പരീക്ഷണത്വരയുടെ ഊര്‍ജ്ജം നിറഞ്ഞതാണ്. ഏതെങ്കിലും ഒരു നിശ്ചിത ജോണറില്‍ ഒതുക്കാന്‍ പറ്റാത്ത ചിത്രമാണിത്.

സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിലാണ് മീരയും പ്രായമായ അമ്മയും താമസിക്കുന്നത്. വള്ളം തുഴഞ്ഞ് മാത്രം എത്താന്‍ സാധിക്കുന്ന അവിടെ അവര്‍ ഇങ്ങനെ കഴിയുന്നതിന് ചരിത്രപരവും സാമൂഹികവുമായ കാരണങ്ങള്‍ ഉണ്ട്. ജീവിതം മുന്നോട്ട് കൊണ്ടുപോവാനുള്ള വരുമാനത്തിനായി തെങ്ങില്‍ കയറ്റവും കാര്‍ഷികോല്‍പന്നങ്ങളുടെ വില്‍പ്പനയുമൊക്കെ നടത്തുന്ന മീരയുടെ പശ്ചാത്തലവും അതിലെ പ്രത്യേകതകളുമൊക്കെ പതിയെയാണ് സംവിധായകന്‍ നമ്മോട് പറയുന്നത്. അതില്‍ പുരാവൃത്തങ്ങളും വിശ്വാസങ്ങളും വര്‍ത്തമാനകാല റിയാലിറ്റിയുമൊക്കെയുണ്ട്. അത്തരത്തിലുള്ള പല മാനങ്ങള്‍ ഒരു കൊളാഷ് പോലെ കലര്‍ത്തിയാണ് സജിന്‍ ബാബു തിയേറ്ററിന്‍റെ കഥ പറയുന്നത്.

സര്‍പ്പക്കാവുകള്‍ ഉണ്ടായ ഒരു പുരാവൃത്തത്തില്‍ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പേരുകേട്ട വിഷവൈദ്യന്മാരുടെ പിന്‍തലമുറക്കാരിയായ മീരയ്ക്ക് പക്ഷേ പറയാനുള്ളത് കടന്നുവന്ന ദുരിതപര്‍വ്വങ്ങളുടെ കഥകളാണ്. ഒരു സമൂഹത്തിന്‍റെ വിശ്വാസങ്ങള്‍ നല്‍കിയ ചില തീര്‍പ്പുകളില്‍ കുരുങ്ങിപ്പോയ ജീവിതം. അവിടെ അതിജീവനത്തിനായി അധ്വാനിക്കുന്ന മീരയെ തേടി മറ്റൊരു പ്രതിസന്ധി കൂടി വരികയാണ്. താങ്ങും തണലുമില്ലാതെ ജീവിക്കുന്ന അവര്‍ ആ പ്രതിസന്ധിയെ എങ്ങനെ അതിജീവിക്കുമെന്നാണ് ചിത്രം കാട്ടിത്തരുന്നത്.

ചിത്രത്തിന്‍റെ പേര് പോലെ തന്നെ മിത്തും റിയാലിറ്റിയുമൊക്കെ ചേര്‍ന്നുവരുന്ന ചിത്രം വര്‍ത്തമാനകാല കേരളത്തിന്‍റെയും ലോകത്തിന്‍റെ തന്നെയും ഒരു സ്പൂഫ് ആണ്. കേരളത്തില്‍ നടക്കുന്ന കഥയെങ്കിലും പ്രധാന കഥാപശ്ചാത്തലമായ തുരുത്തിലെ പ്രധാന കഥാപാത്രങ്ങളുടെ ഒറ്റപ്പെടലിന്‍റെ ജീവിതക്കാഴ്ചകള്‍ നാം ഒരു ഫാന്‍റസി ലോകത്താണോ എന്ന് പലപ്പോഴും തോന്നിപ്പിക്കുന്നുണ്ട്. വര്‍ത്തമാനകാലത്തിന്‍റെ സൗകര്യങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന രണ്ട് മനുഷ്യരുടെ രക്ഷയ്ക്കെത്തുന്നത് ടെക്നോളജിയാണ്. അവിടെയും ഏതാണ് ആത്യന്തികമായി നല്ലതെന്ന് തീര്‍പ്പ് കല്‍പ്പിക്കാനാവാത്ത ഒരു വൈദുധ്യത്തെ സജിന്‍ ബാബു എടുത്ത് കാണിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങള്‍ എത്രത്തോളം ജീവിതവുമായി ചേര്‍ന്ന മലയാളിക്ക് സ്വന്തം ജീവിതം അവിടെ കാണാം.

റിമ കല്ലിങ്കല്‍ തെങ്ങില്‍ കയറുന്നതിന്‍റെ സ്റ്റില്ലുകളിലൂടെയാണ് ഈ സിനിമ പ്രേക്ഷകരുടെ ശ്രദ്ധയിലേക്ക് ആദ്യം എത്തുന്നത്. സിനിമയില്‍ നിലവില്‍ സജീവമല്ലാത്ത റിമയെ അഭിനയപ്രാധാന്യമുള്ള ഒരു കഥാപാത്രമായി കാണാനാവുന്നതിന്‍റെ സന്തോഷം കൂടിയാണ് തിയേറ്റര്‍. തെങ്ങുകയറ്റം മാത്രമല്ല, ഒരു ആക്റ്ററെ സംബന്ധിച്ച് ഫിസിക്കല്‍ ആയ നിരവധി ചലഞ്ചുകള്‍ മുന്നോട്ട് വെക്കുന്ന കഥാപാത്രമാണ് തിയേറ്ററിലെ മീര. ശാരീരികമായ വെല്ലുവിളികളിലൂടെ കടന്നുപോകുമ്പോള്‍ത്തന്നെ അകപ്പെട്ടിരിക്കുന്ന മാനസികവ്യഥയുടെ ആഴങ്ങളും പ്രതിഫലിപ്പിക്കേണ്ട കഥാപാത്രമാണ് മീര. റിമയിലെ പ്രതിഭാധനയായ നടി ലഭിച്ച കഥാപാത്രത്തെ നിഷ്പ്രയാസം പകര്‍ന്നാടിയിട്ടുണ്ട്. സരസ ബാലുശ്ശേരിയാണ് മീരയുടെ അമ്മയായി എത്തിയിരിക്കുന്നത്. ഈ അമ്മ കഥാപാത്രമാണ് മീരയുടെ പാത്രസൃഷ്ടിക്ക് കൂടുതല്‍ മിഴിവ് പകര്‍ന്നിരിക്കുന്നത്.

രൂപഘടനയില്‍ കടുത്ത നിബന്ധനകളൊന്നും ഏര്‍പ്പെടുത്താതെ ഒരു സ്വതന്ത്ര്യാഖ്യാനമാണ് സജിന്‍ ബാബു രൂപപ്പെടുത്തിയിരിക്കുന്നത്. സ്റ്റാറ്റിക് ആയും സ്ലോ മൂവ്മെന്‍റ്സുമുള്ള ഫ്രെയ്മുകളില്‍ ആരംഭിക്കുന്ന ചിത്രം പിന്നീട് കൂടുതല്‍ വേഗതയിലേക്ക് പോകുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഒരു മോക്യുമെന്‍ററി സ്വഭാവത്തിലേക്കും നീങ്ങുന്നു. ശ്യാമപ്രകാശ് എം എസ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംവിധായകന് വേണ്ടത് കൃത്യമായി കൊടുത്തിരിക്കുന്ന ഛായാഗ്രാഹകന്‍റെ സാന്നിധ്യം ചിത്രത്തില്‍ ഉടനീളമുണ്ട്. സയീദ് അബ്ബാസ് ആണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. സങ്കീര്‍ണ്ണവും ആഴമുള്ളതുമായ മുഹൂര്‍ത്തങ്ങളെ കൂടുതല്‍ ദീപ്തമാക്കുന്നുണ്ട് സയീദിന്‍റെ പശ്ചാത്തലസംഗീതം. അപ്പു ഭട്ടതിരിയുടേതാണ് എഡിറ്റിംഗ്. സജിന്‍ ബാബു എന്ന സംവിധായകന്‍റെ കൈയൊപ്പ് പതിഞ്ഞിരിക്കുന്ന തിയേറ്റര്‍ പുതുമയുള്ള ഒരു കാഴ്ചാനുഭവമാണ് പകരുക.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്