ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രം

കോളിവുഡില്‍ സൂപ്പര്‍താരങ്ങള്‍ക്കുവേണ്ടി ഏറ്റവുമധികം ജനപ്രിയ ട്രാക്കുകള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ ആയിരിക്കും. രജനികാന്ത് ചിത്രം ജയിലര്‍ ആണ് അനിരുദ്ധ് ഈണമിടുന്ന ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാവാലയ്യാ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശില്‍പ റാവുവും അനിരുദ്ധ് രവിചന്ദറും ചേര്‍ന്നാണ്. 

തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രജനിയുടെ കരിയറിലെ 169-ാം ചിത്രത്തില്‍ അതിഥിതാരമായി മോഹന്‍ലാല്‍ എത്തുന്നുവെന്നത് പ്രേക്ഷകപ്രീതി വര്‍ധിപ്പിക്കുന്ന ഘടകമാണ്. രജനികാന്തും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ജയിലറുടെ വേഷത്തിലാണ് രജനി എത്തുക. മുത്തുവേല്‍ പാണ്ഡ്യന്‍ എന്നാണ് രജനി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രമ്യ കൃഷ്ണന്‍, വിനായകന്‍ തുടങ്ങിയവരൊക്കെ രജനിക്കൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ജയിലര്‍ രാജസ്ഥാനില്‍ ചിത്രീകരിച്ച സമയത്ത് രജനിയും മോഹന്‍ലാലും പരസ്പരം കണ്ടിരുന്നു. അന്ന് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ഉണ്ടായിരുന്നു മോഹന്‍ലാല്‍. ആതിരപ്പള്ളിയില്‍ ഒരു ദിവസത്തെ ചിത്രീകരണവുമുണ്ടായിരുന്നു ജയിലറിന്. ഈ ചിത്രീകരണത്തില്‍ രജനിയും പങ്കെടുത്തിരുന്നു.

ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫര്‍. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനീകാന്ത് ചിത്രമാണിത്. രജനി ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ജയിലര്‍ ഇതിനകം തന്നെ ഇടംപിടിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥയും നെല്‍സണിന്‍റേതാണ്. തിരക്കഥയില്‍ തന്‍റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ALSO READ : ബോളിവുഡിന് ആശ്വാസജയവുമായി കാര്‍ത്തിക് ആര്യന്‍; തിയറ്ററുകളില്‍ ആളെ കയറ്റി 'സത്യപ്രേം കി കഥ'

JAILER - Kaavaalaa Lyric Video | Superstar Rajinikanth | Sun Pictures | Anirudh | Nelson | Tamannaah