മലയാളികള്‍ അടക്കം ഏറ്റു പാടുന്ന 'കുട്ടുമ കുട്ടൂ' വൈറല്‍ ബോയിയുടെ ജീവിത കഥ.
സോഷ്യൽ മീഡിയയിയുടെ അതിപ്രസരമുള്ള ഈ കാലത്ത് ആരുടെ ജീവിതമാണ് എപ്പോഴാണ് മാറി മറിയുക എന്നത് പറയാൻ പറ്റില്ല. അതുവരെ ജീവിച്ച ചുറ്റുപാടുകളിൽ നിന്നും മാറി മെച്ചപ്പെട്ട ജീവിതം നയിക്കാൻ ആ വ്യക്തികൾക്ക് സാധിച്ചിട്ടുണ്ട്. അത്തരം കഥകൾ പലപ്പോഴും നമുക്ക് മുന്നിൽ എത്തിയിട്ടുമുണ്ട്. അങ്ങനെയൊരു ഗായകനുണ്ട് അങ്ങ് നേപ്പാളിൽ. പേര് അശോക് ദാർജി. ഈ പേര് പറഞ്ഞാൽ ചിലപ്പോൾ ആളുകൾക്ക് പെട്ടെന്ന് പിടികിട്ടണമെന്നില്ല. ഒരിടവേളയ്ക്ക് ശേഷം സോഷ്യൽ ലോകത്ത് വൻ വൈറലായി മാറിയിരിക്കുന്ന 'കുട്ടുമ കുട്ടൂ' എന്ന ഗാനം പാടി ശ്രദ്ധനേടിയ കൊച്ചു മിടുക്കനാണ് അശോക് ദാർജി.
ഇന്ത്യയിൽ ബാൻ ചെയ്ത സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ടിക് ടോക്ക് നിറഞ്ഞു നിന്നിരുന്ന കാലത്താണ് അശോക് ദാർജി എന്ന കൊച്ചുകുട്ടി ക്യാമറ കണ്ണുകളിൽ ഉടക്കുന്നത്. സാമ്പത്തികമായി വളരെയധികം പ്രതിസന്ധി നേരിട്ടിരുന്ന കുടുംബത്തിലായിരുന്നു അശോകിന്റെ ജനനം. മാതാപിതാക്കളെ സഹായിക്കാനായി തെരുവോരത്ത് ഭിക്ഷയാചിക്കാൻ വന്നതായിരുന്നു അശോക്. ഭിക്ഷയാചിക്കുന്നതിനൊപ്പം മനോഹരമായ ഗാനങ്ങളും അവൻ പാടി. മാധുര്യമൂറുന്ന ശബ്ദം ശ്രദ്ധിച്ചവർ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. അന്നവൻ പാടിയ പാട്ടാണ് 'കുട്ടുമ കുട്ടൂ'.
വീഡിയോ വൈറലായതിന് പിന്നാലെ നേപ്പാളി സംഗീത സംവിധായകൻ ടാങ്ക ബുദാതോക്കി അശോകിന് അടുത്തെത്തി. ജീവിക്കാനായി തെരുവോരത്ത് പാടിയിരുന്ന അവൻ, പിന്നീട് ആയിരക്കണക്കിന് പേർ പങ്കെടുത്ത വേദികളിൽ എത്തി. ജനപ്രീതി കൂടിയതോടെ അശോകിന്റെ പാട്ടുകൾ റെക്കോർഡ് ചെയ്യപ്പെട്ടു, ലൈവ് ഈവന്റുകൾ വന്നു. ആൽബങ്ങളും പുറത്തിറങ്ങി. ഇന്ന് നേപ്പാളിൽ അറിയപ്പെടുത്ത പാട്ടുകാരനാണ് അശോക് ദാർജി.

മലയാളികൾ അടക്കം നെഞ്ചേറ്റിയ 'കുട്ടുമ കുട്ടൂ' ഗാനത്തിലൂടെ അശോകിന്റെ ജീവിത ശൈലി തന്നെ മാറി മറിഞ്ഞു. ഇന്ന് മാതാപിതാക്കൾക്കൊപ്പം സുഖസൗകര്യങ്ങളോടെ അശോക് ജീവിക്കുകയാണ്. ലക്ഷക്കണക്കിന് ആരാധകരും അശോകിന് ഇന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് അശോകിന്റെ ഒരു സംഗീത ആൽബം പുറത്തിറങ്ങിയിരുന്നു. അശോകിന്റെ ജീവചരിത്രമാണ് ആൽബത്തിൽ പറഞ്ഞത്. അശോക് തന്നെയാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നതും. ടാങ്കയാണ് സംഗീത സംവിധാനം.



