ബിജെപി അനുഭാവിയായ നടൻ കൃഷ്ണകുമാർ, തന്റെ രാഷ്ട്രീയ നിലപാടുകൾ മക്കളിൽ അടിച്ചേൽപ്പിക്കാറില്ലെന്ന് വ്യക്തമാക്കി. അവർക്ക് പാർട്ടി അംഗത്വമില്ലെന്നും തിരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുന്നത് അച്ഛനെന്ന നിലയിലാണെന്നും അദ്ദേഹം പറഞ്ഞു.

ലയാളികള്‍ക്ക് ഏറെ സുപരിചിതമായ താര കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഈ കുടുംബം. നാല് മക്കൾക്കും ഭാര്യ സിന്ധുവിനും യുട്യൂബ് ചാനലുകളുണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുമുണ്ട്. അഭിനയത്തിന് പുറമെ രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമാണ് കൃഷ്ണ കുമാർ. ബിജെപി അനുഭാവിയായ അദ്ദേഹം തന്റെ മക്കളുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ. താൻ ബിജെപിയിൽ ആയതുകൊണ്ട് അവർ ആ പാർട്ടിയിലേക്ക് വരണമെന്നില്ലെന്നും ആർക്കും അം​ഗത്വം ഇല്ലെന്നും കൃഷ്ണ കുമാർ വ്യക്തമാക്കി.

"രാഷ്ട്രീയം എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയാൽ എല്ലാവർക്കും താല്പര്യമുണ്ട്. രാഷ്ട്ര നിർമാണവുമായി ബന്ധപ്പെട്ട ഒരു പ്രവർത്തി മാത്രമാണ് രാഷ്ട്രീയം. അതിൽ ഏതെങ്കിലും ഒരു പാർട്ടിയിൽ ഓരോരുത്തർക്കും ചേരാം. അതവരവരുടെ വിശ്വാസം. എല്ലാവർക്കും രാഷ്ട്രീയത്തിൽ താല്പര്യം ഉണ്ടാവണം. രാഷ്ട്ര നിർമാണത്തിന് നമ്മൾ ഓരോരുത്തരുടെയും സംഭാവനകൾ വേണം. ഏത് പാർട്ടിയിൽ ആണെങ്കിലും അത് രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടിയാണെങ്കിൽ അതിന് യാതൊരു കുഴപ്പവുമില്ല. ഞാൻ വിശ്വസിക്കുന്ന പാർട്ടി ബിജെപി ആയതുകൊണ്ട് എന്റെ മക്കൾക്ക് അതിനോട് തന്നെ ഇഷ്ടം വരണമെന്നില്ല. ഞാൻ നിർബന്ധിച്ചിട്ടുമില്ല. അവരാരും പാർട്ടിയിൽ അം​ഗത്വം എടുത്തിട്ടുമില്ല. ഞാൻ ഇലക്ഷന് നിൽക്കുമ്പോൾ, പാർട്ടി എന്നതിനെക്കാൾ അച്ഛനെ ജയിപ്പിക്കണം, അച്ഛൻ ജയിക്കണം എന്ന ആ​ഗ്രഹം കൊണ്ട് വരും. അതിനെ പലരും രാഷ്ട്രീയമായി കാണാറുമുണ്ട്. ഇന്ന പാർട്ടിയോട് അവർക്ക് വലിയ താല്പര്യമൊന്നും ഇല്ല. എന്ന് വച്ച് ബിജെപിയോട് ഇഷ്ടക്കുറവും ഇല്ല", എന്ന് കൃഷ്ണ കുമാർ പറയുന്നു.

വട്ടിയൂർക്കാവിൽ മത്സരിക്കാനുള്ള താല്പര്യവും കൃഷ്ണ കുമാർ തുറന്നു പറഞ്ഞു. "കഴിഞ്ഞ 25 കൊല്ലമായി ഞാൻ ജീവിക്കുന്ന സ്ഥലമാണ് വട്ടിയൂർക്കാവ്. ഇവിടെ ബന്ധങ്ങൾ ധാരാളമായുണ്ട്. രാഷ്ട്രീയത്തിന് അധീതമായി ഒരു വ്യക്തിക്ക് എത്ര വോട്ട് കൊണ്ടുവരാൻ പറ്റും. അതാണ് വിജയിക്കുന്നതിന്റെ ഒരു ഘടകം. പാർട്ടിക്ക് ഒരു ഘടനയുണ്ട് രീതിയുണ്ട്. പാർട്ടി തീരുമാനിക്കും ആര് എവിടെ മത്സരിക്കണമെന്ന്. അത് അനുസരിക്കുക എന്നതാണ് സാധാരണ ഒരു പ്രവർത്തകൻ എന്നനിലയിൽ എന്റെ ആ​ഗ്രഹവും. പാർട്ടി വട്ടിയൂർക്കാവിൽ മത്സരിക്കാൻ പറഞ്ഞാൽ തീർച്ചയായും മത്സരിക്കും. എന്റെ ആ​ഗ്രഹവും വട്ടിയൂർക്കാവിൽ മത്സരിക്കാനാണ്. തന്നാൽ സന്തോഷപൂർവ്വം സ്വീകരിക്കും", എന്നായിരുന്നു നടന്റെ വാക്കുകൾ.

"രാഷ്ട്രീയം, മതം ഇതെല്ലാം വളരെ വ്യക്തിപരമായ കാര്യങ്ങളാണ്. അത് പൊതുവേദികളിൽ ചർച്ച ചെയ്യാതിരിക്കുക. ഞാനൊരു സ്ഥാനാർത്ഥി ആകുമ്പോൾ രാഷ്ട്രീയം പറഞ്ഞേ പറ്റൂ. അല്ലാതെ വ്യക്തിപരമായി ഒരാളെയും നമ്മൾ ടാർ​ഗെറ്റ് ചെയ്യരുത്", എന്നും മൂവി വേൾഡ് മീഡിയയോട് കൃഷ്ണ കുമാർ പറഞ്ഞു.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming