ഇന്ത്യൻ സംഗീത ലോകത്തെ നിത്യവിസ്മയം ആശാ ഭോസ്‌ലെ വിടപറയുമ്പോൾ ഇന്ത്യൻ സിനിമയിലെ, പിന്നണി ഗാനരംഗത്തെ ഒരു യുഗമാണ് അവസാനിക്കുന്നത്.
ആശാ ഭോസ്‌ലെ, ഇന്ത്യൻ സംഗീത ലോകത്തെ നിത്യവിസ്മയം. തലമുറകളെ തന്റെ സ്വരം കൊണ്ട് വിസ്മയിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു ആശ. ഭാവസാന്ദ്രമായ മെലഡികളാലും 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ' തുടങ്ങി ആവേശം നിറയ്ക്കുന്ന ഫാസ്റ്റ് നമ്പറുകളാലും ഗാനാസ്വാദകരെ ഒന്നടങ്കം ത്രസിപ്പിച്ച ഗായിക. 92-ാം വയസിൽ അവർ വിടപറയുമ്പോൾ ഇന്ത്യൻ സിനിമയിലെ, പിന്നണി ഗാനരംഗത്തെ ഒരു യുഗമാണ് അവസാനിക്കുന്നത്.
സിരകളിൽ പടർന്ന് കയറുന്ന ആശ മാജിക്. അതെന്നും കാതുകൾക്ക് ഇൻമ്പമേകുന്നതായിരുന്നു. ചിരിയും നിശ്വാസവും നെടുവീർപ്പ് പോലും ആശയോളം പാട്ടിൽ ലയിപ്പിച്ച മറ്റൊരാളില്ലെന്ന് തന്നെ പറയാം. 'ആശ വെറുമൊരു പാട്ടുകാരിയല്ല, മേളം തന്നെ'എന്ന് പങ്കാളിയായ ആർഡി ബർമ്മൻ പറഞ്ഞതിൽ തന്നെയുണ്ട് എല്ലാം. മാസ്മരിക ശബ്ദത്തിലൂടെ പതിറ്റാണ്ടുകളോളം ഇന്ത്യയെ ആവേശം കൊള്ളിച്ച ആശ.

സഹോദരി ലത മങ്കേഷ്കറുടെ ചിറകിനടിയിൽ നിന്ന് സ്വന്തം വഴിവെട്ടിയാണ് ആശ ഭോസ്‌ലെ പറന്നുയർന്നത്. സാംഗ്ലിയിൽ ജനിച്ച ആശക്ക്, അച്ഛൻ ദിനാനാഥ് മങ്കേഷ്കറുടെ സഞ്ചരിക്കുന്ന നാടക കമ്പനി ആയിരുന്നു ആദ്യ പഠന കളരി. അച്ഛൻ മരിച്ചതോടെ ചേച്ചിക്കൊപ്പം കുടുംബം പോറ്റാൻ ഇറങ്ങി. 1943ൽ പത്താം വയസിൽ മറാഠി ചിത്രത്തിലൂടെ സിനിമാ അങ്ങേറ്റം. പിന്നാലെ ബോളിവുഡിലേക്ക്. ഗീതാദത്തും ഷംഷാദ് ബീഗവും ലതയും കത്തിനിന്ന അക്കാലത്ത് ആശ പരിഗണിക്കപ്പെട്ടത് അവർക്ക് ശേഷം മാത്രമായിരുന്നു.
‘ക്യാബറെ ഗായിക’ എന്ന ഇമേജിൽ നിന്ന് ആശയെ മോചിപ്പിച്ചത് സംഗീത സംവിധായകനായ ഒപി നയ്യാർ ആയിരുന്നു. ലതയുമായി നയ്യാർക്കും എസ്ഡി ബർമനും ഉണ്ടായ അകൽച്ച ആശയ്ക്ക് നേട്ടമായി. പിന്നീടുണ്ടായത് സുവർണഗാനങ്ങളുടെ കാലം. ബർമ്മന്റെ വരവ് ആശയുടെയും ഇന്ത്യൻ സിനിമാ സംഗീതത്തിന്റെയും തലവര തന്നെ മാറ്റി മറിച്ചു. പഞ്ചം ദായുടെ ഈണങ്ങളും ആശയുടെ ശബ്ദവും, ഹെലന്റെ മാദക നൃത്തവും ചേർന്നപ്പോൾ ബോളിവുഡിൽ പിറന്നത് ക്ലാസിക് ഡാൻസ് നമ്പറുകളായിരുന്നു. കേട്ട് പഠിക്കാൻ റെക്കോർഡിംഗ് സെഷനുകളിൽ ആശയെ അനുഗമിച്ച ഹെലന്റെ കാലവും ഉണ്ടായി.

ഇതിനിടെ ആശ- ലത ഈഗോകൾ ഗോസിപ്പുകളായി സിനിമാലോകത്ത് പരന്നെങ്കിലും പരസ്പര ബഹുമാനം ഇരുവരും മരണം വരെ കാത്തുസൂക്ഷിച്ചിരുന്നു. മെലഡികളുടെ രാജ്ഞി ആയി ലതയെ ശ്രോതാക്കൾ പ്രതിഷ്ഠിച്ചപ്പോൾ, അതിരുകളില്ലാതെ ഒഴുകി ആശയുടെ ശബ്ദം. അതിൽ പ്രണയവും മെലഡിയും ഭക്തിയും ഖവാലിയും മുജ്റയും ക്യാബറയും റോക്ക് ആന്റ് റോളുമെല്ലാം ആ ശബ്ദത്തിൽ തന്നെ വഴങ്ങി.
സിനിമയും ടെക്നോളജിയും മാറിയപ്പോഴും സ്വയം നവീകരിച്ച് വിസ്മയിപ്പിക്കാണ് ആശയിലെ ഗായികയ്ക്ക് കഴിഞ്ഞു. 90കളിൽ യുവാക്കളെ ത്രസിപ്പിച്ച രംഗീലയിൽ ഊർമ്മിളക്കായി പാടുമ്പോൾ ആശക്ക് പ്രായം 62 ആയിരുന്നു. എട്ട് പതിറ്റാണ്ട് നീണ്ടുിനിന്ന സംഗീത യാത്രയിൽ ഒൻപത് ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ ആശയുടെ ശബ്ദത്തിൽ ലോക സംഗീതാസ്വാദകരും സിനിമാക്കാരും കേട്ടു. മലയാളത്തിൽ പാടിയതും ഹിറ്റായി. ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ഗായിക, ഫാൽക്കെ അവാർഡ്, ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരി എന്നിങ്ങനെ റെക്കോർഡുകളുടെ രാജ്ഞിയായി ആശ മാറി.

പുതിയ കാലത്തോടും പുതിയ തലമുറയോടും അതിവേഗം ഇണങ്ങാൻ കഴിഞ്ഞ അവർ എആർ റഹ്മാൻ അടങ്ങുന്ന സംഗീതജ്ഞർക്കും പ്രിയങ്കരിയായി. സ്കൂളിൽ പോകാത്ത, ഇംഗ്ലീഷ് പഠിക്കാത്ത ആശ, വിദേശ കലാകാരൻമാരുമായി ചേർന്നൊരുക്കിയ ഫ്യൂഷൻ ആൽബങ്ങളും ഹിറ്റ് ചാർട്ടുകളിൽ ഇടം നേടി. 90 വയസ് പിന്നിട്ടപ്പോഴും ആശ സ്റ്റേജ് ഷോകളിൽ കൗമാരക്കാരിയുടെ ചുറുചുറുക്കോടെ എത്തിയിരുന്നു. സംഗീതാസ്വാദകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ഒടുവിൽ പാട്ടിനോടുള്ള ആശ അടങ്ങിയിട്ടില്ലെന്ന് പറഞ്ഞ് ആശ ഭോസ്‌ലെ മടങ്ങി. കാലമെത്ര മാറിവന്നാലും മറക്കില്ല ആശ എന്ന നിത്യവിസ്മയത്തെ.


