കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.
ഇന്നത്തെ കാലത്ത് പാട്ടുകളേ പോലെ തന്നെ സിനിമകളിലെ സൗണ്ട് ട്രാക്കുകളും ശ്രദ്ധിക്കുന്നവരാണ് പ്രേക്ഷകർ. ഈ ശ്രദ്ധ സംഗീത സംവിധായകർക്ക് വലിയ പ്രചോദനമായും മാറാറുണ്ട്. പലപ്പോഴും ഇത്തരം ട്രാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുമുണ്ട്. ഇപ്പോഴിതാ ബ്ലോക് ബസ്റ്റർ ഹിറ്റായി മാറിയ തുടരുമിന്റെ ഒഎസ്ടി(ഒറിജിനല്‍ സൗണ്ട് ട്രാക്ക്) വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കാടേറും കൊമ്പാ പോരുന്നോ വേട്ടക്കായ്.. എന്ന് തുടങ്ങുന്ന ട്രാക്ക് ആലപിച്ചിരിക്കുന്നത് സംഗീത സംവിധായകൻ ജേക്സ് ബിജോയും സംഘവും ചേർന്നാണ്. തിയറ്ററുകളിൽ ഒന്നാകെ ആവേശം തീർത്ത ട്രാക്ക് പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. 'തൃശ്ശൂർ പൂരത്തിന് രാമൻ ഇറങ്ങി വന്നു നിക്കുമ്പോൾ കിട്ടുന്ന രോമാഞ്ചം ആയിരുന്നു ഈ സീനിൽ ലാലേട്ടൻ പെർഫോം ചെയ്യുമ്പോൾ കിട്ടിയത്', എന്നാണ് ആരാധകർ കമന്റുകളായി രേഖപ്പെടുത്തിയിരിക്കുന്നത്.
മോഹൻലാലിന്റെ കരിയറിലെ 360-ാമത് ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രത്തിൽ ശോഭന ആയിരുന്നു നായിക. പതിനഞ്ച് വർഷത്തിന് ശേഷം മോഹൻലാൽ-ശോഭന ഹിറ്റ് കോമ്പോ എത്തിയത് പ്രേക്ഷകരിൽ ആവേശം ഉളവാക്കിയിരുന്നു. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് നിര്‍മ്മാണം. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.

കെ ആര്‍ സുനിലിന്‍റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ബോക്സ് ഓഫീസില്‍ മിന്നും പ്രകടനമാണ് തുടരും കാഴ്ചവയ്ക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന സിനിമ എന്ന നേട്ടവും തുടരും സ്വന്തമാക്കി കഴിഞ്ഞു.


