ഇത്തവണ എപ്പിക് ഫാന്റസിയാണെന്നും മിഥുന്‍ മാനുവല്‍ തോമസ്.
ചില സിനിമകൾ അങ്ങനെയാണ്, അവയുടെ ഫ്രാഞ്ചൈസിക്കായി പ്രേക്ഷകരിൽ കാത്തിരിപ്പ് ഉയർത്തും. എന്നാൽ പരാജയപ്പെട്ടൊരു സിനിമയ്ക്ക് അങ്ങനെ ഒരു കാത്തിരിപ്പ് ഉണ്ടാവുക എന്നത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ആ അപൂർവ്വതയുമായി എത്തിയ സിനിമയാണ് ആട്. ആദ്യ ഭാഗം പരാജയപ്പെട്ടപ്പോൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റായി മാറിയ കഥയാണ് ആടിന് പറയാനുള്ളത്. ഇക്കൂട്ടത്തിലേക്ക് ആട് 3യും എത്തുകയാണ്. സിനിമയുടെ പൂജ ഇന്ന് നടന്നു.
മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഫസ്റ്റ് ക്ലാപ്പടിച്ചത് ഉണ്ണി മുകുന്ദനാണ്. പരാജയത്തിൽ നിന്നും ഇത്രയും വലിയൊരു ബ്രാൻഡായി മാറുക എന്നത് ചെറിയ കാര്യമല്ലെന്ന് ഉണ്ണി വേദിയിൽ പറഞ്ഞു. ഷാജി പാപ്പനായി എത്തുന്ന ജയസൂര്യ കുടുംബ സമേതമാണ് പൂജയ്ക്ക് എത്തിയത്. സൈജു കുറുപ്പ് അടക്കമുള്ളവരും ചടങ്ങിൽ സന്നിഹിതരായി. മെയ് 15 മുതൽ ആട് 3യുടെ ഷൂട്ടിംഗ് ആരംഭിക്കും. എല്ലാം ഒത്തുവന്നാൽ ക്രിസ്മസ് റിലീസായി ചിത്രം തിയറ്റിലെത്തിക്കുമെന്ന് മിഥുൻ മാനുവൽ തോമസ് അറിയിച്ചു.
"2015ൽ ആദ്യ ഭാഗം ഇറങ്ങുമ്പോൾ ബോക്സ് ഓഫീസിൽ പൊട്ടിപ്പോയൊരു സിനിമയായിരുന്നു. അതാണ് റിയാലിറ്റി. രണ്ടാം ഭാഗം വന്നപ്പോൾ ഒരു മൂന്ന് ഭാഗമുള്ള സിനിമ ആക്കണമെന്ന് വിചാരിച്ചു. അങ്ങനെ അത് വലിയ സിനിമയായി. ആട് 3 സോംബി ചിത്രമാണോന്ന് ചോദ്യങ്ങൾ വന്നിരുന്നു. അല്ല എന്നാണ് അതിന് മറുപടി. പക്ഷേ ആടിന്റെ സ്വഭാവം മാറ്റാതെ, അതിന്റെ ഫ്ലേവറുകളൊന്നും മാറ്റാതെ സിനിമ അൽപം വലുതാക്കുകയാണ്. എപ്പിക് ഫാന്റസിയിലേക്ക് പോകുകയാണ്. അത്രപ്പെട്ടെന്ന് ചെയ്യാൻ പറ്റിയ ജോണറല്ല അത്. പടത്തിന് ഫാന്റസി ഉണ്ടാകണം, എപ്പിക് സ്വഭാവവും വേണം. ഫാന്റണി എലമെന്റ് ഇപ്പോൾ ഞാൻ പറയുന്നില്ല. പക്ഷേ അത് സോംബി അല്ല. മറ്റൊന്നാണ്. ആട് ഒന്നിലും രണ്ടിലും ഉണ്ടായിരുന്ന എല്ലാ കഥാപാത്രങ്ങളും മൂന്നിലും ഉണ്ടാകും. എല്ലാം ഒത്തുവന്നാൽ ഷാജി പാപ്പനും സംഘവും ഈ ക്രിസ്മസിന് എത്തുമെന്നാണ് കരുതപ്പെടുന്നത്", എന്നാണ് മിഥുൻ മാനുവൽ തോമസ് പറഞ്ഞത്.
"വീണ്ടും ഷാജി പാപ്പൻ ആകാൻ പോകുന്നതിന്റെ ആകാംക്ഷ എനിക്കുമുണ്ട്. എന്റെ 107-ാമത്തെ സിനിമയാണ് ഇത്. എത്രയൊക്കെ നല്ല സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും എവിടെ പോയാലും ആളുകൾ ഷാജി പാപ്പാ എന്ന് വിളിക്കും. അതൊരു വല്ലാത്ത സന്തോഷമാണ്. ഒരു സിനിമ വരിക, അത് ഫ്ലോപ്പാവുക, അതിന്റെ രണ്ടാം ഭാഗം ചിന്തിക്കുകയെന്നത് ഇന്ത്യൻ സിനിമയിൽ വേറൊരു പടമുണ്ടോന്ന് എനിക്കറിയില്ല. ആളുകളുടെ നിർദ്ദേശ പ്രകാരം വീണ്ടും ചിന്തിപ്പിച്ച ഒരേയൊരു സിനിമ ആട് 2 ആയിരിക്കും", എന്നാണ് ജയസൂര്യ പറഞ്ഞത്.


