നിറഞ്ഞ ചിരിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങിയത്.

മികച്ച ​ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്റെ പ്രിയ ഗായിക നഞ്ചിയമ്മ. നിറഞ്ഞ ഹർഷാരവത്തോടെയാണ് നഞ്ചിയമ്മയെ സദസ് സ്വീകരിച്ചത്. പ്രിയ ​ഗായികയുടെ പേര് വായിച്ചപ്പോൾ തന്നെ സദസ്സില്‍ നിന്ന് കയ്യടികള്‍ ഉയര്‍ന്നു. പിന്നാലെ പ്രയഭേദമെന്യേ എല്ലാവരും എഴുന്നേറ്റ് നിന്ന് നഞ്ചിയമ്മയ്ക്ക് ആദരവ് അർപ്പിച്ചു. 

നിറഞ്ഞ ചിരിയോടെയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് നഞ്ചിയമ്മ പുരസ്‌കാരം വാങ്ങിയത്. അന്തരിച്ച സംവിധായകന്‍ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. സച്ചിക്കാണ് മികച്ച സംവിധായകനുള്ള അവാർഡ് ലഭിച്ചിരുന്നത്. 

നഞ്ചിയമ്മയ്ക്ക് ദേശീയ പുരസ്കാരം ലഭിച്ചതിന് പിന്നാലെ വിമര്‍ശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രം​ഗത്തെത്തിയിരുന്നു. നഞ്ചമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിച്ചിരുന്നു.
ഒരുമാസം സമയം കൊടുത്താൽ പോലും സാധാരണ ഒരു ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ചവര്‍ക്ക് ഈ അംഗീകാരം അപമാനമായി തോന്നില്ലേയെന്നും ലിനു ലാല്‍ ചോദിച്ചു. ഇതേ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളില്‍ നഞ്ചിയമ്മയെ അനുകൂലിച്ച് കൊണ്ട് നിരവധി പേര്‍ പ്രതികരണങ്ങളുമായി എത്തിയിരുന്നു. 

മികച്ച നടി അപർണ, നടൻ സൂര്യ, അജയ് ദേവ്ഗൺ, സഹനടൻ ബിജു മേനോൻ; ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ വിതരണം ചെയ്തു

'ദേശീയ പുരസ്കാര വിവാദം കാര്യമാക്കുന്നില്ല. വിമർശനം മക്കൾ പറയുന്നതു പോലെയെ കണക്കാക്കുന്നുള്ളു. ആരോടും വിരോധമില്ല' എന്നായിരുന്നു നഞ്ചിയമ്മ ഈ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്. 

ഇന്ന് വൈകുന്നേരത്തോടെയാണ് 68മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം അപർണ ബാലമുരളിയും മികച്ച നടനുള്ള അവാർഡ് സൂര്യയും അജയ് ദേവ്ഗണും ഏറ്റുവാങ്ങി. മികച്ച സഹനടനുള്ള പുരസ്കാരം നടൻ ബിജു മേനോനും ഏറ്റുവാങ്ങി.