ദുബായ് സബീൽ പാർക്കിൽ നടന്ന 'എമിറേറ്റ്സ് ലവ്സ് ഇന്ത്യ' പരിപാടിയിൽ നടൻ നീരജ് മാധവിൻ്റെ റാപ്പ് ഷോ കാണാൻ ആയിരക്കണക്കിന് ആളുകളെത്തി, ഇത് ദീപാവലി സീസണിലെ യു.എ.ഇയിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി ഇവന്റായി മാറി.
'എമിറേറ്റ്സ് ലവ്സ് ഇന്ത്യ' എന്ന കമ്മ്യൂണിറ്റി ഇവന്റിനോടനുബന്ധിച്ച് ദുബായ് സബീൽ പാർക്കിൽ, നടനും റാപ്പറുമായ നീരജ് മാധവിന്റെ ഷോ കാണാൻ എത്തിയത് പതിനായിരങ്ങൾ. ദീപാവലി സീസൺ ആയതുകൊണ്ട് തന്നെ യു.എ.ഇയിൽ നടത്തപ്പെട്ട ഏറ്റവും വലിയ കമ്മ്യൂണിറ്റി പരിപാടിയായും ഇത് മാറുകയുണ്ടായി.
ഊർജ്ജസ്വലമായ പരിപാടിയിൽ തന്റെ ഹിറ്റ് റാപ്പുകളായ 'പണി പാളി'യും 'ഗർജ്ജന'വും നീരജ് മാധവ് അവതരിപ്പിച്ചു. തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു സദസിന് മുൻപിൽ പാടിയിട്ടില്ലെന്ന് നീരജ് ഷോയ്ക്കിടെ കാണികളെ അഭിസംബോധന ചെയ്ത് പറയുകയുണ്ടായി. ഒരു ഘട്ടത്തിൽ, പ്രേക്ഷകരെ കാണാൻ വേണ്ടി ലൈറ്റുകൾ ഓണാക്കാൻ സംഘാടകരോട് നീരജ മാധവ് ആവശ്യപ്പെട്ടു. ആർപ്പുവിളിക്കുന്ന ആരവത്തിന് മുന്നിൽ വലിയ സംതൃപ്തിയോടെയാണ് നീരജ് റാപ് അവതരിപ്പിച്ചത്.
സൗജന്യ പ്രവേശനമായത് കൊണ്ട് തന്നെ വൈകുന്നേരം ഷോ കാണാൻ എത്തിയവരുടെ തിരക്ക് വർദ്ധിച്ചതിനാൽ, വേദിയിലേക്കുള്ള പ്രവേശന കവാടങ്ങൾ താത്കാലികമായി സംഘാടകർ അടച്ചിരുന്നു. അതുകൊണ്ട് തന്നെ ഷോ കാണാനായി നേരത്തെ എത്തിയ പലർക്കും പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. പരിപാടി കാണാൻ സാധിക്കാത്തവർക്കായി ദുബായിൽ ഒരു ഷോ കൂടി നടത്താൻ പദ്ധതിയുണ്ടെന്ന് നീരജ് മാധവ് സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
"ഇത് അവിശ്വസിനീയമായിരുന്നു നമ്മൾ മലയാളികൾ നമ്മുടെ ശക്തി കാണിച്ചു. എന്നാൽ അതേ സമയം, അവിടെ എത്തിയ നിരവധി ആളുകൾക്ക് ഷോ കാണാൻ കഴിയാതെ മടങ്ങേണ്ടിവന്നതിൽ എനിക്ക് നിരാശയുണ്ട്. വേദിയിലേക്ക് പ്രവേശിക്കാൻ കഴിയാത്തവരോട് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. സംഘാടകരും ഞാനും നിസ്സഹായരായിരുന്നു. ഇതിന് പരിഹാരമായി, എനിക്ക് ദുബായിൽ ഒരു ഷോ കൂടി നടത്താൻ കഴിയും. അത് സാധ്യമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിക്കും." നീരജ് മാധവ് കുറിച്ചു.



