ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' എന്ന ചിത്രത്തിനായി, 30 വർഷം മുൻപ് പുറത്തിറങ്ങാതെ പോയ 'യവന കഥയിൽ' എന്ന ഗാനം റിലീസ് ചെയ്തു.
‘യവന കഥയിൽ’ എന്ന എവർഗ്രീൻ ഗാനത്തിന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' വെർഷൻ റിലീസ് ചെയ്തു, ചിത്രത്തിലെ പ്രധാന രംഗങ്ങൾ കോർത്തിണക്കിയാണ് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഔസേപ്പച്ചൻ സംഗീതം നൽകിയ ഗാനത്തിന് വരികൾ എഴുതിയത് ഷിബു ചക്രവർത്തിയാണ്. യേശുദാസും കെഎസ് ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചത്. 30 വർഷങ്ങൾക്ക് മുൻപ് നടക്കാതെ പോയ അന്ന എന്ന ചിത്രത്തിലെ ഗാനമാണ് യവന കഥയിൽ.
ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രമാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. നിവിൻ പോളിയും മമിത ബൈജുവും നായികനായകന്മാരായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 250 കോടിയടുപ്പിച്ച് നേടി പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 4ന് ചിത്രത്തിന്റെ തെലുങ്ക്, തമിഴ് വെർഷനുകൾ റിലീസ് ചെയ്തിരുന്നു. തമിഴ്നാട്ടിലും തെലുങ്കാനയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസ് നിർമിക്കുന്ന ആറാമത്തെ ചിത്രവുമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. സൂപ്പർ ഹിറ്റായ 'പ്രേമലു'വിനുശേഷം ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും 'ബത്‍ലഹേം കുടുംബ യൂണിറ്റി'ന് ഉണ്ട്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് സിനിമയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ചിത്രത്തിലുള്ളത്. ചാലക്കുടി, പൊള്ളാച്ചി, ഗോവ, ഹൈദ്രബാദ്, കുട്ടിക്കാനം എന്നീ ലൊക്കേഷനുകളിലായി നൂറിലധികം ദിവസങ്ങൾ കൊണ്ടായിരുന്നു സിനിമയുടെ ചിത്രീകരണം പൂർത്തിയായിട്ടുള്ളത്.



