ശ്രീനാഥ് ഭാസിയെ നായകനാക്കി എ ബി ബിനില്‍ സംവിധാനം ചെയ്യുന്ന 'പൊങ്കാല' ഡിസംബര്‍ 5 ന് തിയറ്ററുകളിലെത്തും. 

ശ്രീനാഥ് ഭാസിയെ നായകനാക്കി എ ബി ബിനില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് പൊങ്കാല. ഡിസംബറില്‍ 5 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. പള്ളത്തി മീനെ പോലെ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണന്‍ ആണ്. രഞ്ജിന്‍ രാജ് ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹനാന്‍ ഷാ ആണ്. ഗ്രേസ് ഫിലിം കമ്പനിയാണ് ചിത്രം ആഗോള തലത്തില്‍ റിലീസ് ചെയ്യുന്നത്. ഇവരുടെ ആദ്യ റിലീസ് ചിത്രം കൂടിയാണ് പൊങ്കാല. കേരളത്തിൽ മാത്രം 100 തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന പൊങ്കാല ശ്രീനാഥ് ഭാസിയുടെ മഞ്ഞുമ്മൽ ബോയ്സ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ, ചെറായി ഭാഗങ്ങളിലായിരുന്നു. ഗ്ലോബൽ പിക്ചേഴ്സ് എന്റർടെയ്ന്‍‍മെന്‍ഫ്, ജൂനിയർ 8 എന്നീ ബാനറുകളില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനിൽ പിള്ളയും ചേർന്ന് നിർമ്മിക്കുന്നു.

കൊ- പ്രൊഡ്യൂസർ ഡോണ തോമസ്. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ, മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം ജാക്സൺ, എഡിറ്റർ അജാസ് പുക്കാടൻ, സംഗീതം രഞ്ജിൻ രാജ്, മേക്കപ്പ് - അഖിൽ ടി.രാജ്. കോസ്റ്റ്യും ഡിസൈൻ സൂര്യാ ശേഖർ. ആർട്ട് നിധീഷ് ആചാര്യ. പ്രൊഡക്ഷൻ കൺട്രോളർ സെവൻ ആർട്സ് മോഹൻ. ഫൈറ്റ് മാഫിയ ശശി, രാജാ ശേഖർ, പ്രഭു ജാക്കി, കൊറിയോഗ്രാഫി വിജയ റാണി, പി ആർ ഒ മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് ജിജേഷ് വാടി, ഡിസൈൻസ് അർജുൻ ജിബി. മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത്

Pallathi Meena Pole ft Hanan Shaah| Pongala |Sreenath Bhasi| Ranjin Raj| A B Binil |Harinarayanan BK