തമിഴിലും തെലുങ്കിലും ഒരേസമയം എത്തുന്ന ചിത്രം

ധനുഷ് നായകനായെത്തുന്ന പുതിയ ചിത്രങ്ങള്‍ തമിഴ് സിനിമാപ്രേമികളില്‍ എപ്പോഴും താല്‍പര്യം ഉണര്‍ത്താറുണ്ട്. താരപദവി ഉള്ളപ്പോഴും വൈവിധ്യമാര്‍ന്ന തിരക്കഥകള്‍ തെരഞ്ഞെടുക്കാനുള്ള അദ്ദേഹത്തിന്‍റെ സന്നദ്ധതയാണ് ഇതിന് കാരണം. ധനുഷിന്‍റെ ഈ വര്‍ഷത്തെ ആദ്യ റിലീസ് തമിഴിലും തെലുങ്കിലും ഒരേ സമയം എത്തുന്ന ഒരു ചിത്രമാണ്. തെലുങ്ക് സംവിധായകന്‍ വെങ്കി അട്‍ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തമിഴ് പതിപ്പിന്‍റെ പേര് വാത്തി എന്നാണ്. തെലുങ്ക് പതിപ്പിന്‍റെ പേര് സര്‍ എന്നും. ഇപ്പോഴിതാ വാത്തിയിലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നാടോടി മന്നന്‍ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് യുഗഭാരതിയാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആന്‍റണി ദാസന്‍ ആണ്. കമിംഗ് ഓഫ് ഏജ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായ അധ്യാപകന്‍റെ വേഷത്തിലാണ് ധനുഷ് എത്തുന്നത്. ബാലമുരുകന്‍ എന്നാണ് തമിഴ് പതിപ്പില്‍ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. സംയുക്ത മേനോന്‍ ആണ് നായിക. സായ് കുമാര്‍, തനികെല്ല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ഹൈപ്പര്‍ ആദി, ശര, ആടുകളം നരേന്‍, ഇളവരശ്, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ : ബോളിവുഡിനെ ട്രാക്കിലെത്തിക്കുമോ 'പഠാന്‍'? ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് തീയതി തീരുമാനിച്ചു

സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസ്, സായ് സൌജന്യ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. ഛായാഗ്രഹണം ജെ യുവ്‍രാജ്, എഡിറ്റിംഗ് നവീന്‍ നൂലി, ആക്ഷന്‍ കൊറിയോഗ്രഫി വെങ്കട്, ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നാനേ വരുവേന്‍ ആയിരുന്നു ധനുഷിന്‍റെ അവസാന റിലീസ്.

Naadodi Mannan Lyrical Song | Vaathi Songs | Dhanush, Samyuktha | GV Prakash Kumar | Venky Atluri