ശമ്പള വർധനവ് സാമ്പത്തിക ഭാവിക്കുള്ള അവസരമാണെങ്കിലും, പലരും വരുമാനം കൂടുമ്പോൾ ചെലവുകളും കൂട്ടി സാമ്പത്തിക ലക്ഷ്യങ്ങൾ മറക്കുന്നു. വർധിച്ച തുക മുഴുവനായും ചെലവാക്കാതെ ഒരു ഭാഗം നിക്ഷേപങ്ങൾക്കും എമർജൻസി ഫണ്ടിനും ഉപയോഗിക്കുന്നതാണ് അനുയോജ്യം. വലിയ ലോണുകൾ ഒഴിവാക്കി, ഇൻഷുറൻസ് പരിരക്ഷ പുനഃപരിശോധിച്ച് സാമ്പത്തിക ഭാവിയെ സുരക്ഷിതമാക്കാം.
വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിനുള്ള അംഗീകാരമായാണ് പലര്‍ക്കും ശമ്പള വര്‍ധനവ്. കൃത്യമായ ബജറ്റിലൂടെയും ചെലവുകള്‍ ചുരുക്കിയും മാസങ്ങള്‍ തള്ളിനീക്കിയതിന് ശേഷം, കയ്യില്‍ അല്പം കൂടുതല്‍ പണം വരുന്നത് വലിയ ആശ്വാസമാണ്. പുതിയൊരു കാര്‍ വാങ്ങാനും, ഫോണ്‍ മാറ്റാനും അല്ലെങ്കില്‍ കുറച്ചുകൂടി വലിയൊരു ഫ്‌ളാറ്റിലേക്ക് മാറാനുമൊക്കെ ഈ സമയത്ത് ആഗ്രഹമുണ്ടാകാം.
സ്വന്തം അധ്വാനത്തിന്റെ ഫലം ആസ്വദിക്കുന്നതില്‍ ഒരു തെറ്റുമില്ല. എന്നാല്‍ ഒരു ശമ്പള വര്‍ധന സാമ്പത്തിക ഭാവി മെച്ചപ്പെടുത്താനുള്ള ഒരു അവസരം കൂടിയാണ്. വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ആളുകള്‍ അവരുടെ ചെലവുകളും വേഗത്തില്‍ കൂട്ടുന്നു എന്നതാണ് ഇതിലെ പ്രധാന പ്രശ്‌നം. ഒരു വര്‍ഷം കഴിയുമ്പോള്‍, കയ്യില്‍ എന്തുകൊണ്ട് ബാക്കി പണമൊന്നുമില്ല എന്ന് അവര്‍ ചിന്തിക്കും. അടുത്തിടെ ശമ്പളം വര്‍ധിച്ചിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും ഒഴിവാക്കേണ്ട കുറച്ച് കാര്യങ്ങൾ നോക്കാം.
വര്‍ധിച്ച ശമ്പളം മുഴുവനായും ചെലവാക്കുന്നത്
പ്രതിമാസ ശമ്പളത്തില്‍ 15,000 രൂപയുടെ വര്‍ധനവ് ഉണ്ടായെന്ന് കരുതുക. ഈ തുക മുഴുവനായും വലിയ വാടക, പുറത്തുനിന്നുള്ള ഭക്ഷണം, ഷോപ്പിങ് അല്ലെങ്കില്‍ സബ്‌സ്‌ക്രിപ്ഷനുകള്‍ എന്നിവയ്ക്കായി വളരെ എളുപ്പത്തില്‍ ചെലവായിപ്പോകും. താമസിയാതെ തന്നെ പഴയ ശമ്പളത്തിലെ അതേ സാമ്പത്തിക ബുദ്ധിമുട്ട് പുതിയ ശമ്പളത്തിലും നിങ്ങള്‍ക്ക് അനുഭവപ്പെടാന്‍ തുടങ്ങും. ചെലവുകള്‍ പെട്ടെന്ന് കൂട്ടുന്നതിന് പകരം, വര്‍ധിച്ച തുക വിഭജിക്കാന്‍ ശ്രമിക്കുക. അതില്‍ ഒരു ഭാഗം നിക്ഷേപിക്കാം. കുറച്ചു ഭാഗം എമര്‍ജന്‍സി ഫണ്ടിലേക്ക് മാറ്റാം. ബാക്കിയുള്ളവ സ്വന്തം ഇഷ്ടങ്ങള്‍ക്കായി ഉപയോഗിക്കാം. അങ്ങനെ ചെയ്താല്‍ ഭാവിയെ ബാധിക്കാതെ ജീവിതം ആസ്വദിക്കാന്‍ സാധിക്കും.
സാമ്പത്തിക ലക്ഷ്യങ്ങള്‍ മറക്കുന്നത്
ശമ്പളം കൂടുമ്പോള്‍ സ്വന്തമായി ഒരു വീട്, റിട്ടയര്‍മെന്റ് ഫണ്ട് അല്ലെങ്കില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ഫണ്ട് എന്നിവയൊക്കെ എളുപ്പത്തില്‍ സ്വരൂപിക്കാന്‍ സാധിക്കും. എന്നാല്‍, അധികമായി ലഭിക്കുന്ന തുക ദൈനംദിന ചെലവുകളിലേക്ക് പോകുന്നതുകൊണ്ട് പലരും ഈ ലക്ഷ്യങ്ങള്‍ മാറ്റിവെക്കാറാണ് പതിവ്. ഇത് ഒഴിവാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗം, ശമ്പളം വര്‍ധിച്ചയുടനെ നിങ്ങളുടെ എസ്.ഐ.പി-കള്‍ അല്ലെങ്കില്‍ റെക്കറിങ് നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ്. പണം ചെലവാക്കി തുടങ്ങുന്നതിന് മുന്‍പ് തന്നെ അത് നിക്ഷേപിക്കുകയാണെങ്കില്‍ പിന്നീട് ആ പണത്തിന്റെ കുറവ് അനുഭവപ്പെടില്ല.
എമര്‍ജന്‍സി ഫണ്ട്
ശമ്പളം കൂടിയതുകൊണ്ട് മാത്രം നിങ്ങള്‍ സാമ്പത്തികമായി സുരക്ഷിതരാകണമെന്നില്ല. നാളെ നിങ്ങളുടെ ജോലി നഷ്ടപ്പെട്ടാല്‍, ഇഎംഐകളും മറ്റ് കുടുംബച്ചെലവുകളും അടച്ചുതീര്‍ക്കാന്‍ പെട്ടെന്ന് സാധിക്കാതെ വരും. ആ സമയത്ത് ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടെങ്കില്‍ അത് വലിയൊരു ആശ്വാസമാകും. മറ്റ് ചെലവുകള്‍ക്കായി ഉപയോഗിക്കുന്നതിന് മുന്‍പ്, ശമ്പള വര്‍ധനവ് ഒരു എമര്‍ജന്‍സി ഫണ്ട് രൂപീകരിക്കാനാണ് ഉപയോഗിക്കേണ്ടത്. ആറ് മുതല്‍ പന്ത്രണ്ട് മാസത്തേക്കുള്ള ജീവിതച്ചെലവുകള്‍ക്ക് ആവശ്യമായ പണം മാറ്റിവെക്കുന്നതായിരിക്കും അനുയോജ്യം.
ധൃതിപിടിച്ച് വലിയ ലോണുകള്‍ എടുക്കുന്നത്
വരുമാനം വര്‍ധിക്കുമ്പോള്‍ വലിയ ഹോം ലോണ്‍, കാര്‍ ലോണ്‍ അല്ലെങ്കില്‍ പേഴ്‌സണല്‍ ലോണ്‍ എന്നിവയ്ക്ക് നിങ്ങള്‍ അര്‍ഹരായേക്കാം. എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ കൂടുതല്‍ കടം വാങ്ങണം എന്നല്ല. ബാങ്ക് കൂടുതല്‍ തുക നല്‍കാന്‍ തയ്യാറായതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് അത് എളുപ്പത്തില്‍ അടച്ചുതീര്‍ക്കാന്‍ കഴിയുമെന്ന് കരുതുന്നത് തെറ്റാണ്. വലിയ ഇഎംഐ-കള്‍ നിങ്ങളുടെ സമ്പാദ്യത്തെയും നിക്ഷേപത്തെയും പ്രതികൂലമായി ബാധിക്കും. കടം വാങ്ങിയ പണം ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങുന്നതിനും ജീവിതസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും മുന്‍പായി, ആ സാധനം നിങ്ങള്‍ക്ക് ശരിക്കും ആവശ്യമുണ്ടോ അതോ പുതിയ ശമ്പളം കാരണം അത് വാങ്ങാന്‍ നിങ്ങള്‍ക്ക് കഴിയുന്നതുകൊണ്ടാണോ എന്ന് സ്വയം ചിന്തിക്കുക.
ഇന്‍ഷുറന്‍സും നിക്ഷേപങ്ങളും
വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് സാമ്പത്തിക ഉത്തരവാദിത്തങ്ങളും വര്‍ധിക്കാറുണ്ട്. നിങ്ങള്‍ അടുത്തിടെ വിവാഹിതനാകുകയോ, വീട് വാങ്ങുകയോ അല്ലെങ്കില്‍ ഒരു കുടുംബം തുടങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍, നിലവിലുള്ള ലൈഫ്, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ മതിയാകണമെന്നില്ല. അതുപോലെ, അഞ്ച് വര്‍ഷം മുന്‍പുള്ള ശമ്പളത്തിന് അനുയോജ്യമായ നിക്ഷേപങ്ങള്‍ നിലവിലെ ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമാകണമെന്നില്ല. ശമ്പള വര്‍ധനവ് പതിമാസ ബജറ്റ് മാത്രമല്ല, സാമ്പത്തിക പ്ലാനിങ്ങും പുനഃപരിശോധിക്കാനുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.


