കാലാവധി കഴിഞ്ഞിട്ടും കെവൈസി പുതുക്കാത്ത 57 ലക്ഷം ബാങ്ക് അക്കൗണ്ടുകൾ സംസ്ഥാനത്തുണ്ടെന്ന് എസ്‌സിബിസി. പ്രധാൻ മന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ് കൂടുതലും പുതുക്കാത്തത്. നോമിനേഷൻ നൽകാത്തതിനാൽ പിൻവലിക്കാത്ത നിക്ഷേപങ്ങളുടെ എണ്ണത്തിലും വർധനവ്.
സംസ്ഥാനത്ത് കാലാവധി കഴിഞ്ഞിട്ടും കെവൈസി നടപടിക്രമങ്ങൾ അനുസരിച്ച് പുതുക്കാത്തത് 57 ലക്ഷം ബാങ്ക് അക്കൗണ്ടുകളെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി(എസ് സി ബി സി) കൺവീനർ കെ എസ് പ്രദീപ്. ഇത് നിർബന്ധമായും പുതുക്കേണ്ടതാണ്. അല്ലെങ്കിൽ സേവനങ്ങൾ തടസപ്പെട്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ ആകെ ബാങ്ക് അക്കൗണ്ടുകളുടെ എണ്ണം വച്ച് നോക്കുമ്പോൾ 20 ശതമാനം പേർ ഇതിൽ ഉൾക്കൊള്ളുന്നുണ്ടെന്നാണ് കണക്ക്. കെവൈസി അക്കൗണ്ട് പുതുക്കുന്നത് വളരെ എളുപ്പമാണ്. ബാങ്കിലെത്തി ഫോട്ടോ, ആധാർ കാർഡ്, പാൻ കാർഡ് എന്നിവ നൽകിയാണ് കെ വൈ സി പുതുക്കേണ്ടത്.
2014- 2015 കാലത്ത് വിവിധ സബ്സിഡികൾക്കും മറ്റ് ആനുകൂല്യങ്ങൾക്കുമായി എടുത്ത പ്രധാൻ മന്ത്രി ജൻധൻ യോജന അക്കൗണ്ടുകളാണ് ഇങ്ങനെ പുതുക്കാതെ കിടക്കുന്ന അക്കൗണ്ടുകളിലേറയും. സീറോ ബാലൻസ് അക്കൗണ്ടായാണ് ഇവ തുടങ്ങിയത്. എത്രയും പെട്ടെന്ന് ഈ അക്കൗണ്ടുകളിലെ കെ വൈ സി പുതുക്കിയില്ലെങ്കിൽ സബ്സിഡിയായി ലഭിക്കുന്ന തുകയടക്കം പിൻവലിക്കാനാകാത്ത അവസ്ഥ വരുമെന്നും എസ് സി ബി സി മുന്നറിയിപ്പ് നൽകി.
അതേ സമയം, സംസ്ഥാനത്ത് നോമിനേഷൻ നൽകാത്തതിനെത്തുടർന്ന് പിൻവലിക്കാത്ത നിക്ഷേപങ്ങളുടെ എണ്ണത്തിലും വൻ വർധനവാണുള്ളത്. രാജ്യത്തെയാകെ കണക്കെടുക്കുമ്പോൾ അൺക്ലെയിമ്ഡ് ഡെപ്പോസിറ്റിലുള്ളത് 67,000 കോടി രൂപയെന്നാണ് കണക്കുകൾ. നോമിനിയില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ ഇങ്ങനെ കിടക്കുന്ന പണം പത്ത് വർഷം അതേ ബാങ്കിൽ നിർജീവമായി കിടക്കുകയാണ് ചെയ്യുക. പിന്നീട് ഈ പണം റിസർവ്വ് ബാങ്കിന്റെ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും.
