തിരുവനന്തപുരം: ഗോൾഡ്മാൻ സാച്ചസ്, മാസ്റ്റർകാർഡ് എന്നിവയുമായി സഹകരിച്ച് ആപ്പിള്‍ പുതിയ ഡിജിറ്റല്‍ ക്രെഡിറ്റ് കാര്‍ഡ് സേവനം രംഗത്തിറക്കുന്നു. ഡിജിറ്റൽ ക്രെഡിറ്റ് കാർഡ് സേവന രംഗത്തേക്ക് ആപ്പിളെത്തുമ്പോള്‍ വാർഷിക ഫീസ്, ലേറ്റ് ഫീസ്, അന്താരാഷ്ട്ര ഉപയോഗത്തിനുള്ള ഫീസ് പോലുള്ളവ ഈടാക്കില്ലെന്ന വാഗ്ദാനമാണ് കമ്പനി നൽകുന്നത്. 

ഐ ഫോണിലെ ഐഒഎസ് 12.4 പതിപ്പിലെ വാലറ്റ് ആപ്പ് വഴിയാണ് കാർഡ് കൈകാര്യം ചെയ്യാൻ കഴിയുക. കൂടാതെ ആപ്പിളുമായി നേരിട്ട് പണമിടപാട് നടത്തുമ്പോള്‍ മൂന്ന് ശതമാനവും ആപ്പിൾ പേ വഴി വാങ്ങുമ്പോൾ രണ്ട് ശതമാനവും ക്യാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നു. ആപ്പിൾ കാ‍ർഡിന് രണ്ട് കാർഡ് നമ്പറുകളാണ് ഉണ്ടാവുക. അതിലൊന്ന് വെ‍ർച്വൽ ഡിജിറ്റൽ ഇടപാടുകൾ വേണ്ടിയുള്ളതാണ്. ആപ്പിൾ ടൈറ്റാനിയം കാ‍ർഡുകൾക്ക് വേണ്ടിയുള്ളതാണ് രണ്ടാമത്തെ നമ്പര്‍. 

ആപ്പിൾ പേ ലഭ്യമല്ലാത്ത സ്ഥലങ്ങളിൽ ടൈറ്റാനിയം കാർഡ് ഉപയോഗിക്കാനാകും. ഉപഭോക്താവിന്റെ പേര്, ആപ്പിൾ ലോഗോ, ഇഎംവി ചിപ്പ് എന്നിവ കാർഡിലുണ്ടാകും. വാലറ്റ് ആപ്പ് ആവശ്യമുള്ളപ്പോൾ ആപ്പിൾ ടൈറ്റാനിയം കാർഡ് ആക്ടിവേറ്റ് ചെയ്യാം. നിലവിൽ ചുരുക്കം ആളുകളിലേക്കാണ് ആപ്പിൾ കാർഡ് എത്തുന്നത്. ഈ മാസം അവസാനത്തോടെ ആവശ്യപ്പെടുന്ന ഐ ഫോൺ ഉപഭോക്താക്കളിലേക്ക് ആപ്പിൾ ക്രെഡിറ്റ് കാർഡ് എത്തും.