ഇന്നത്തെക്കാലത്ത് വീട് വാങ്ങാനും വയ്ക്കാനും ആളുകൾ ഒരു പോലെ ഇഷ്ടപ്പെടുന്നു. രണ്ടിനും അതിന്റേതായ നേട്ടങ്ങളും കോട്ടങ്ങളും ഉണ്ട് താനും. ഇക്കാര്യത്തിൽ ശരിയായ തീരുമാനമെടുക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.

വീട് വാങ്ങുക എന്നത് വില മാത്രം നോക്കി തീരുമാനിക്കേണ്ട കാര്യമല്ല. താമസം തുടങ്ങാന്‍ പാകത്തിലുള്ള വീടുകള്‍ സുരക്ഷിതത്വവും ഉറപ്പും നല്‍കുമ്പോള്‍, നിര്‍മാണത്തിലുള്ളവ കുറഞ്ഞ വിലയും കൂടുതല്‍ ഓപ്ഷനുകളും നല്‍കുന്നു. ഇതില്‍ ഏതാണ് നിങ്ങള്‍ക്ക് അനുയോജ്യം? നിങ്ങളുടെ ആവശ്യങ്ങളും സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ നേരിടാനുള്ള പാകവും അടിസ്ഥാനമാക്കിയാണ് ഇത് തീരുമാനിക്കേണ്ടത്.

താമസിക്കാന്‍ പാകത്തിലുള്ള വീടുകളുടെ ഗുണങ്ങള്‍

എന്താണ് വാങ്ങുന്നതെന്ന് നേരിട്ട് കണ്ട് മനസിലാക്കാം എന്നതാണ് റെഡി-ടു-മൂവ് വീടുകളുടെ ഏറ്റവും വലിയ ഗുണം. ഫ്‌ലാറ്റ്, നിര്‍മാണ നിലവാരം, ചുറ്റുപാട്, ബില്‍ഡിങ്ങിലെ മറ്റ് സൗകര്യങ്ങള്‍ എന്നിവ പണം നല്‍കുന്നതിന് മുന്‍പ് തന്നെ നേരിട്ട് പരിശോധിക്കാം. സ്വന്തം ആവശ്യത്തിനാണ് വാങ്ങുന്നതെങ്കില്‍, നിര്‍മാണം പൂര്‍ത്തിയാകാന്‍ കാത്തുനില്‍ക്കാതെ ഉടന്‍ തന്നെ താമസം മാറുകയും ചെയ്യാം.

സാമ്പത്തികമായും ഇത് ഏറെ ഗുണകരമാണ്. നിര്‍മാണം പൂര്‍ത്തിയാകുന്നത് വരെ വാടകയും ഭവനവായ്പയുടെ ഇഎംഐയും ഒരേസമയം അടയ്‌ക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഇവിടെ ഒഴിവാക്കാം. രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍, മെയിന്റനന്‍സ് ഡെപ്പോസിറ്റ്, ഇന്റീരിയര്‍ തുടങ്ങിയവയ്ക്കുള്ള ചെലവുകള്‍ ഉണ്ടെങ്കിലും, വീടിന് ആകെ എത്ര രൂപയാകും എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് കൃത്യമായ ധാരണയുണ്ടാകും.

കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍..

കാത്തിരിക്കാന്‍ മനസുള്ളവര്‍ക്ക് നിര്‍മാണത്തിലുള്ള പ്രോജക്റ്റുകള്‍ മികച്ചൊരു ഓപ്ഷനാണ്. തുടക്കത്തില്‍ തന്നെ ബുക്ക് ചെയ്യുന്നവര്‍ക്ക് ഫ്‌ലോര്‍ പ്ലാനും ഇഷ്ടമുള്ള യൂണിറ്റും തിരഞ്ഞെടുക്കാന്‍ കൂടുതല്‍ അവസരമുണ്ടാകും. നിര്‍മാണത്തിന്റെ ഓരോ ഘട്ടങ്ങള്‍ പൂര്‍ത്തിയാകുന്നതിനനുസരിച്ച് പണം അടച്ചാല്‍ മതിയാകും എന്നത് സാമ്പത്തിക ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. എന്നാല്‍, ഭാവിയില്‍ ലഭിക്കാനിരിക്കുന്ന ഒരു വീടിനാണ് നിങ്ങള്‍ പണം നല്‍കുന്നത് എന്നതാണ് ഇതിലെ പ്രധാന പോരായ്മ. നിര്‍മാണം പ്രതീക്ഷിച്ചതിലും നീണ്ടുപോയാല്‍ അത് നിങ്ങളുടെ ബജറ്റിനെയും പ്ലാനുകളെയും കാര്യമായി ബാധിക്കും.

ഇവിടെയാണ് റെറയുടെ പാധാന്യം. പ്രോജക്ട് രജിസ്‌ട്രേഷന്‍, വാങ്ങുന്നവരില്‍ നിന്ന് ലഭിക്കുന്ന തുകയുടെ 70 ശതമാനം പ്രോജക്റ്റിന്റെ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കല്‍ തുടങ്ങിയ നിയമങ്ങളിലൂടെ റെറ ഉപഭോക്താക്കള്‍ക്ക് സുരക്ഷയൊരുക്കുന്നു. നിര്‍മാണം വൈകിയാലോ മറ്റ് വീഴ്ചകള്‍ ഉണ്ടായാലോ പരിഹാരം കണ്ടെത്താനും റെറ സഹായിക്കും.

ബില്‍ഡറെക്കുറിച്ചറിയണം..

നിര്‍മാണത്തിലുള്ള ഒരു വീട് ബുക്ക് ചെയ്യുന്നതിന് മുന്‍പ് ബില്‍ഡറുടെ മുന്‍കാല ചരിത്രം പരിശോധിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. റെറ രജിസ്‌ട്രേഷന്‍, പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയ തീയതി, മറ്റ് അനുമതികള്‍, പ്രോജക്ട് അപ്ഡേറ്റുകള്‍, അവര്‍ക്കെതിരെയുള്ള പരാതികള്‍ എന്നിവ പരിശോധിക്കണം. ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനായി റെറ പോര്‍ട്ടലില്‍ പ്രോജക്ട് വിവരങ്ങള്‍ നല്‍കണമെന്ന് നിയമമുണ്ട്. ഏത് വീട് വാങ്ങണം എന്ന് തീരുമാനിക്കുന്നതില്‍ നികുതിക്കും പങ്കുണ്ട്. കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുന്‍പുള്ള നിര്‍മാണത്തിലുള്ള റെസിഡന്‍ഷ്യല്‍ പ്രോജക്റ്റുകള്‍ക്ക് ജിഎസ്ടി ബാധകമാണ്.