ഒക്ടോബർ ഒന്ന് മുതൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ചെക്ക്ബുക്കുകൾ സാധുവായിരിക്കില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്കാണ് അറിയിച്ചിരിക്കുന്നത്. 

ദില്ലി: നിരന്തരം സാമ്പത്തിക ഇടപാട് നടത്തുന്നവർക്ക് ചെക്ക്ബുക്കിന്റെ വില എന്താണെന്ന് പ്രത്യേകം പറഞ്ഞ് കൊടുക്കേണ്ട. എന്നാൽ ബാങ്കുകളില്ലെങ്കിൽ പിന്നെ ചെക്ക്ബുക്കുകൾക്ക് കടലാസിന്റെ വില പോലും കാണില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രാജ്യത്തെ രണ്ട് ചെക്ക്ബുക്കുകൾക്ക് ഇനി ഇത്തരത്തിൽ കടലാസ് വില പോലും കാണില്ല.

ഒക്ടോബർ ഒന്ന് മുതൽ ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സിന്റെയും യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ചെക്ക്ബുക്കുകൾ സാധുവായിരിക്കില്ലെന്ന് പഞ്ചാബ് നാഷണൽ ബാങ്കാണ് അറിയിച്ചിരിക്കുന്നത്. 2020 ഏപ്രിൽ മാസത്തിൽ ഈ രണ്ട് ബാങ്കുകളും പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ചിരുന്നു. ലയന നടപടികൾ പുരോഗമിക്കുകയായിരുന്നതിനാൽ ഈ ബാങ്കുകളുടെ ചെക്ക്ബുക്കുകൾ ഉപയോഗിക്കാൻ
ഉപഭോക്താക്കൾക്ക് സാധിക്കുമായിരുന്നു.

നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലെത്തിയതോടെയാണ് ഈ ചെക്ക്ബുക്കുകൾ അസാധുവായിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പുതിയ ചെക്ക്ബുക്കുകൾ ഉടൻ ലഭ്യമാക്കുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് അറിയിച്ചിട്ടുണ്ട്. പുതിയ ചെക്ക്ബുക്ക് വേണ്ടവർക്ക് എടിഎം വഴിയോ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ പഞ്ചാബ് നാഷണൽ ബാങ്കിന്റെ കോൾ സെന്റർ വഴിയോ ഇതിന് വേണ്ട അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-180-2222 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona