വായ്പ വാങ്ങുന്നവര്‍ക്കിടയില്‍ ഒരു സാധാരണ സംശയം എല്ലാ വ്യക്തിഗത വായ്പകള്‍ക്കും ഈട് ആവശ്യമുണ്ടോ ഇല്ലയോ എന്നതാണ്.

ടിയന്തര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ഫണ്ട് ലഭിക്കുന്നതിനുള്ള ഏറ്റവും എളുപ്പ മാര്‍ഗങ്ങളിലൊന്നാണ് വ്യക്തിഗത വായ്പകള്‍ അഥവാ പേഴ്സണല്‍ ലോണുകള്‍ . മെഡിക്കല്‍ ആവശ്യങ്ങള്‍, വീട് നവീകരണം അല്ലെങ്കില്‍ ഒരു വിവാഹം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ക്ക് പണം ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ വായ്പ വാങ്ങുന്നവര്‍ക്കിടയില്‍ ഒരു സാധാരണ സംശയം എല്ലാ വ്യക്തിഗത വായ്പകള്‍ക്കും ഈട് ആവശ്യമുണ്ടോ ഇല്ലയോ എന്നതാണ്. എല്ലാ വ്യക്തിഗത വായ്പകള്‍ക്കും കടം വാങ്ങുന്നയാള്‍ ഈട് സമര്‍പ്പിക്കേണ്ടതില്ല എന്നതാണ് ഉത്തരം.

ഈട് ആവശ്യമുണ്ടോ എന്നത് ഏത് തരം വായ്പ , വായ്പ സുരക്ഷിത വായ്പയാണോ അതോ സുരക്ഷിതമല്ലാത്ത വായ്പയാണോ എന്നതിനെയും കടം കൊടുക്കുന്നയാളുടെ റിസ്ക് എടുക്കാനുള്ള കഴിവിനെയും ആശ്രയിച്ചിരിക്കുന്നു.

സുരക്ഷിതമായതും സുരക്ഷിതമല്ലാത്തതുമായ വ്യക്തിഗത വായ്പകള്‍

എല്ലാ വ്യക്തിഗത വായ്പകളും സാധാരണയായി രണ്ട് തരത്തിലാണ് നല്‍കുന്നത്: സുരക്ഷിതമല്ലാത്തതും സുരക്ഷിതമായതുമായ വ്യക്തിഗത വായ്പകള്‍. അപേക്ഷിക്കുന്നതിന് മുമ്പ് രണ്ടും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങള്‍ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കാരണം അപേക്ഷകന്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വായ്പയെ ആശ്രയിച്ചാണ് ഈട് വേണോ, വേണ്ടയോ എന്നത് നിശ്ചയിക്കുന്നത്.

സുരക്ഷിത വ്യക്തിഗത വായ്പയ്ക്ക് ഈട് ആവശ്യമാണ് .സ്വര്‍ണ്ണം, സ്വത്ത് അല്ലെങ്കില്‍ സ്ഥിര നിക്ഷേപങ്ങള്‍ പോലുള്ള ആസ്തികള്‍ പണയം വയ്ക്കണം. ഇവയ്ക്ക് പലിശ നിരക്ക് കുറവാണ്. കാരണം ഈട് വായ്പ നല്‍കുന്നയാളുടെ റിസ്ക് കുറയ്ക്കുന്നു . സുരക്ഷിതമല്ലാത്ത വായ്പകള്‍് വായ്പാ യോഗ്യതയും വരുമാനവും അടിസ്ഥാനമാക്കിയാണ് നല്‍കുന്നത്. ഇവയ്ക്ക് പലിശ കൂടുതലാണ്.


ഈട് ആവശ്യമായി വരുന്നതെപ്പോള്‍?

കുറഞ്ഞ ക്രെഡിറ്റ് സ്കോര്‍: മോശം തിരിച്ചടവ് ചരിത്രമോ കുറഞ്ഞ് ക്രെഡിറ്റ് സ്കോറോ ഉണ്ടെങ്കില്‍ ആസ്തികള്‍ ഈടായി നല്‍കേണ്ടി വന്നേക്കാം.
ഉയര്‍ന്ന വായ്പ തുക: ഗണ്യമായി ഉയര്‍ന്ന വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ഈട് ആവശ്യപ്പെട്ടേക്കാം
ക്രമരഹിതമായ വരുമാനം അല്ലെങ്കില്‍ സ്വയം തൊഴില്‍: വായ്പയ്ക്ക് യോഗ്യത നേടുന്നതിന് സ്ഥിര വരുമാന സ്രോതസ്സില്ലാത്ത വ്യക്തികള്‍ക്ക് ഈട് നല്‍കേണ്ടി വന്നേക്കാം.