എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 2.75 ശതമാനമായി കുറച്ചു.

റിസര്‍വ് ബാങ്ക് മോണിറ്ററി പോളിസി കമ്മിറ്റി റിപ്പോ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറയ്ക്കുകയും പോളിസി 'അക്കൊമഡേറ്റീവ്' എന്നതിലേക്ക് മാറുകയും ചെയ്തതോടെ, സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ വീണ്ടും കുറയാന്‍ സാധ്യതയുണ്ട്. സ്ഥിര വരുമാനത്തിനായി ഈ നിക്ഷേപങ്ങളെ ആശ്രയിക്കുന്ന മുതിര്‍ന്ന പൗരന്മാരെ ഇത് ബാധിക്കും. ഇതിന്‍റെ ചുവട് പിടിച്ച് ബാങ്ക് ഓഫ് ഇന്ത്യ ഏപ്രില്‍ 15 മുതല്‍ 7.3 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന 400 ദിവസത്തെ പ്രത്യേക നിരക്കിലുള്ള സ്ഥിര നിക്ഷേപ പദ്ധതി പിന്‍വലിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ എല്ലാ കാലാവധികളിലുമുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ കുറയ്ക്കുകയും ചെയ്തു. എച്ച്ഡിഎഫ്സി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 2.75 ശതമാനമായി കുറച്ചു.

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ചെറുകിട സമ്പാദ്യ പദ്ധതികള്‍ 

മുതിര്‍ന്ന പൗരന്മാര്‍ക്ക് പോസ്റ്റ് ഓഫീസുകളും ബാങ്കുകളും നല്‍കുന്ന ചെറുകിട നിക്ഷേപ പദ്ധതികള്‍ പരിഗണിക്കാം. 2025 ഏപ്രില്‍-ജൂണ്‍ പാദത്തിലെ ചെറുകിട സമ്പാദ്യ നിരക്കുകള്‍ ധനകാര്യ മന്ത്രാലയം മാറ്റമില്ലാതെ നിലനിര്‍ത്തിയിട്ടുണ്ട് എന്നുള്ളത് അനുകൂല ഘടകമാണ്. ഉദാഹരണത്തിന് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്സ് സ്കീമുകള്‍ വളരെ ഉയര്‍ന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഈ സ്കീമില്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നാഷണല്‍ സേവിംഗ്സ് മന്ത്ലി ഇന്‍കം സ്കീം (പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം സ്കീം എന്നും അറിയപ്പെടുന്നു) നാഷണല്‍ സേവിംഗ്സ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് മറ്റ് രണ്ട് മികച്ച നിക്ഷേപ പദ്ധതികള്‍ 

ദീര്‍ഘകാല സ്ഥിര നിക്ഷേപങ്ങള്‍ പരിഗണിക്കാം.

പലിശ നിരക്കുകള്‍ വീണ്ടും കുറയാന്‍ പോകുന്നതിനാല്‍ പലിശ നിരക്ക് 25 ബേസിസ് പോയിന്‍റ് കുറവാണെങ്കില്‍ പോലും മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ കാലാവധിയുള്ള എഫ്ഡികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. ഇത് പലിശ നിരക്കുകളിലെ കുറവ് അടുത്ത മൂന്ന് വര്‍ഷത്തേക്ക് നിക്ഷേപങ്ങളെ ബാധിക്കാതെ സംരക്ഷിക്കും.