ഇന്നലെ രാത്രി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചു. 

ദില്ലി: ലഘുനിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കുറച്ച തീരുമാനം പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍. ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ പിപിഎഫ്, സുകന്യ സമൃദ്ധി യോജന എന്നിവയുടെ പലിശ നിരക്ക് കുറച്ച് നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. 

ഇന്നലെ രാത്രിയോടെ പലിശ നിരക്ക് കുറച്ചുകൊണ്ടുളള ഉത്തരവ് വന്നതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു. നാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലും കൂടിയാണ് തീരുമാനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ രാത്രി പുറപ്പെടുവിച്ച ഉത്തരവ് പിന്‍വലിക്കുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചു. ഇതോടെ 6.4 ശതമാനത്തിലേക്ക് കുറച്ച പിപിഎഫിന്റെ പലിശ നിരക്ക് 7.1 ശതമാനമായി തുടരും (കഴിഞ്ഞ പാദത്തിലെ നിരക്കില്‍ മാറ്റമില്ല). പെണ്‍കുട്ടികള്‍ക്കായുളള കരുതല്‍ നിക്ഷേപ പദ്ധതിയായ സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമായും മുതിര്‍ന്ന പൗരന്മാരുടെ വരുമാനമാര്‍ഗമായിരുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമിന്‍റെ പലിശ 7.4 ശതമാനമായും നിലനിര്‍ത്തും.

Scroll to load tweet…

കിസാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാന്‍ 124 മാസം മതി. 138 മാസം വേണമെന്നായിരുന്നു ഇന്നലത്തെ ഉത്തരവ്. പലിശ 6.9 ശതമാനം തന്നെയാകും. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്‍റെ വാര്‍ഷിക പലിശ നാല് ശതമാനവും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക് 6.8 ശതമാനവുമായി മാറ്റമില്ലാതെ തുടരും.

"ഇത്തരത്തിലൊരു ഉത്തരവ് ഇറക്കുന്നതിന് അനുവാദമുളള അതോറിറ്റി ആരാണ്? ധനമന്ത്രിയായി തുടരാൻ നിർമല സീതാരാമന് ധാർമ്മിക അവകാശമില്ല, ”കോൺ​ഗ്രസ് വക്താവ് രൺദീപ് സൂർജാവാല പറഞ്ഞു. കോടിക്കണക്കിന് ആളുകളെ ബാധിക്കുന്ന ഇങ്ങനെയൊരു ഉത്തരവ് ആലോചനയില്ലാതെ ഇറക്കിയത് ​ഗുരുതരമായ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.