രാജ്യത്ത് സാധാരണ സാധന സാമഗ്രികളുടെ വിലക്കയറ്റം 4 മുതല്‍ 6 ശതമാനം വരെയായിരിക്കുമ്പോഴാണ് ഇതിന്റെ ഇരട്ടി വേഗതയില്‍ ചികിത്സാ ചെലവ് കുതിക്കുന്നത്. ഇന്ത്യയിൽ ചികിത്സാ ചെലവുകൾ ഭയാനകമായി വർധിക്കുന്നതിനാൽ നിലവിലുള്ള ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ അപര്യാപ്തമാകുന്നു.
നമ്മുടെ കുടുംബ ബജറ്റുകളെ നിശബ്ദമായി തകര്‍ക്കുന്ന രണ്ട് പ്രധാന വില്ലന്മാരാണ് വിദ്യാഭ്യാസ ചെലവുകളും ചികിത്സാ ചെലവുകളും. ഇതില്‍ വിദ്യാഭ്യാസം നമുക്ക് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാന്‍ സാധിച്ചേക്കാം. എന്നാൽ, മെഡിക്കല്‍ എമര്‍ജന്‍സി എപ്പോള്‍ വരുമെന്ന് ആര്‍ക്കും പറയാനാവില്ല. ആശുപത്രിയിലെത്തി ബില്ല് കയ്യില്‍ കിട്ടുമ്പോള്‍ വിലപേശാനും സമയമുണ്ടാകില്ല. ഇന്ത്യയിലെ ചികിത്സാ ചെലവുകള്‍ ഓരോ വര്‍ഷവും 10 മുതല്‍ 14 ശതമാനം വരെയാണ് വര്‍ധിക്കുന്നത്. സാധാരണ സാധന സാമഗ്രികളുടെ വിലക്കയറ്റം 4 മുതല്‍ 6 ശതമാനം വരെയായിരിക്കുമ്പോഴാണ് ഇതിന്റെ ഇരട്ടി വേഗതയില്‍ ചികിത്സാ ചെലവ് കുതിക്കുന്നത്. ഇതിനര്‍ത്ഥം, നിങ്ങളുടെ കയ്യിലുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയുടെ യഥാര്‍ത്ഥ മൂല്യം ഓരോ വര്‍ഷവും കുറഞ്ഞുകൊണ്ടിരിക്കുന്നു എന്നാണ്. ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ചികിത്സാ ചെലവ് ഭയപ്പെടുത്തുന്ന രീതിയിലാണ് ഉയരുന്നത്.
അക്കോ ഇന്‍ഷുറന്‍സ്: 2024 സാമ്പത്തിക വര്‍ഷത്തില്‍ ഹോസ്പിറ്റലൈസേഷന്‍ ക്ലെയിമുകളില്‍ 12.8 ശതമാനം വര്‍ധനവുണ്ടായി. ശരാശരി ക്ലെയിം തുക 62,548 രൂപയില്‍ നിന്ന് 70,558 രൂപയായി ഉയര്‍ന്നു.
കെയര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്: പകര്‍ച്ചവ്യാധികള്‍ക്കുള്ള ചികിത്സാ ചെലവ് 2018-ല്‍ ശരാശരി 24,569 രൂപയായിരുന്നെങ്കില്‍ 2022-ല്‍ അത് 64,135 രൂപയായി (160% വര്‍ധനവ്) മാറി.
2025-ല്‍ ചികിത്സാ ചെലവ് 13 ശതമാനത്തിലധികം വര്‍ധിക്കുമെന്നാണ് പ്രമുഖ ഏജന്‍സികളായ എഓണ്‍ , ഡബ്ല്യുടിഡബ്ല്യു എന്നിവര്‍ ചൂണ്ടിക്കാട്ടുന്നത്. ചുരുക്കത്തില്‍, ഇന്ന് 5 ലക്ഷം രൂപ ചിലവുള്ള ഒരു ശസ്ത്രക്രിയയ്ക്ക് 12 ശതമാനം വര്‍ധന കണക്കാക്കിയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ ഏകദേശം 8.9 ലക്ഷം രൂപയാകും. പോളിസി തുക അപ്പോഴും 5 ലക്ഷം തന്നെയാണെങ്കില്‍ ബാക്കി തുക കയ്യില്‍ നിന്ന് നല്‍കേണ്ടി വരും.
എന്തുകൊണ്ട് ചികിത്സാ ചെലവ് കൂടുന്നു?
ആധുനിക സാങ്കേതികവിദ്യകളുടെ കടന്നുവരവാണ് ഇതിന് പ്രധാന കാരണം. പത്ത് വര്‍ഷം മുന്‍പ് ഇല്ലാതിരുന്ന റോബോട്ടിക് സര്‍ജറികളും നൂതന എംആര്‍ഐ പരിശോധനകളും ഇന്ന് സര്‍വ്വസാധാരണമാണ്. ഇതിനൊപ്പം വിദഗ്ധ ഡോക്ടര്‍മാരുടെ ഫീസും വര്‍ധിച്ചു. കോവിഡിന് ശേഷം ആളുകള്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളായതും ജീവിതശൈലീ രോഗങ്ങള്‍ (ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം) വര്‍ധിച്ചതും ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ കൂടാന്‍ കാരണമായി.
5 ലക്ഷത്തിന്റെ പോളിസി കൊണ്ട് ഇന്ന് കാര്യമുണ്ടോ?
അഞ്ചോ പത്തോ വര്‍ഷം മുന്‍പ് എടുത്ത 5 ലക്ഷം രൂപയുടെ പോളിസി ഇന്നും അതേപടി തുടരുന്നത് വലിയ അപകടമാണ്. മെട്രോ നഗരങ്ങളിലെ വന്‍കിട ആശുപത്രികളില്‍ ഒരു ഐസിയു വാസമോ, ക്യാന്‍സര്‍ ചികിത്സയോ വന്നാല്‍ ബില്ല് 15 മുതല്‍ 25 ലക്ഷം വരെയാകാന്‍ ഇന്ന് അധിക സമയം വേണ്ട. 12 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 5 വര്‍ഷം മുന്‍പത്തെ 5 ലക്ഷം രൂപയുടെ മൂല്യം ഇന്ന് വെറും 2.8 ലക്ഷം രൂപയ്ക്ക് തുല്യമാണ്.
പരിഹാരമെന്ത്? 'സൂപ്പര്‍ ടോപ്പ്-അപ്പ്' രക്ഷയാകും
ചികിത്സാ ചെലവിനൊപ്പം നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷയും വളരുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനുള്ള പ്രായോഗിക വഴികള്‍ താഴെ പറയുന്നവയാണ്:
ബേസ് പോളിസി + സൂപ്പര്‍ ടോപ്പ്-അപ്പ് : കുറഞ്ഞത് 10 ലക്ഷം രൂപയുടെ ഒരു അടിസ്ഥാന പോളിസി എടുക്കുക. ഇതിന് മുകളില്‍ 50 ലക്ഷം രൂപ വരെയോ അതിലധികമോ ഉള്ള 'സൂപ്പര്‍ ടോപ്പ്-അപ്പ്' പോളിസി ചേര്‍ക്കുക. സാധാരണ പോളിസിയെക്കാള്‍ വളരെ കുറഞ്ഞ പ്രീമിയത്തില്‍ വലിയ പരിരക്ഷ ലഭിക്കാന്‍ ഇത് സഹായിക്കും.
റീസ്റ്റോറേഷന്‍ ബെനഫിറ്റ് : ഒരു ചികിത്സയ്ക്ക് ശേഷം പോളിസി തുക തീര്‍ന്നുപോയാല്‍ കമ്പനി തന്നെ അത് വീണ്ടും പുതുക്കി നല്‍കുന്ന രീതിയാണിത്. ഒരു വര്‍ഷം തന്നെ ഒന്നിലധികം ആശുപത്രി വാസങ്ങള്‍ ഉണ്ടായാല്‍ ഇത് ഗുണകരമാകും.
ക്രിട്ടിക്കല്‍ ഇല്‍നസ് കവര്‍ : ക്യാന്‍സര്‍, പക്ഷാഘാതം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ ബാധിച്ചാല്‍ ചികിത്സാ ചെലവിനപ്പുറം വീട്ടിലെ വരുമാനം മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാന്‍ ഇത് സഹായിക്കും. രോഗം സ്ഥിരീകരിച്ചാലുടന്‍ വലിയൊരു തുക ലംപ്സമായി ലഭിക്കുന്ന രീതിയാണിത്.
കൃത്യമായ പരിശോധന: ഓരോ 2-3 വര്‍ഷം കൂടുമ്പോഴും നിങ്ങളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഇന്നത്തെ ആശുപത്രി ചെലവുകള്‍ക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുകയും കുറവാണെങ്കില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
ആശുപത്രിയില്‍ അഡ്മിറ്റായ ശേഷം പോളിസി മതിയാകില്ല എന്ന് തിരിച്ചറിയുന്നതിനേക്കാള്‍ നല്ലത്, ഇപ്പോഴേ കരുതിയിരിക്കുന്നതാണ്. പണപ്പെരുപ്പം സമ്പാദ്യം ചോര്‍ത്തുന്നതിന് മുന്‍പ് ഇന്‍ഷുറന്‍സ് പോളിസി തുക വര്‍ധിപ്പിക്കുക.
