മുംബൈ: ഐസിഐസിഐ ബാങ്ക് തങ്ങളുടെ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോമില്‍ 'ഇഎംഐ അറ്റ് ഇന്റര്‍നെറ്റ് ബാങ്കിംഗ് 'എന്നു പേരില്‍ തത്സമയ ഇഎംഐ സൗകര്യം ആരംഭിച്ചു. മുന്‍കൂര്‍ അംഗീകാരം ലഭിച്ച ഇടപാടുകാര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയുള്ള ഇടപാടുകള്‍ എളുപ്പത്തിലും സൗകര്യപ്രദമായും പ്രതിമാസ ഗഡുക്കളായി അടയ്ക്കാനാണ് ഈ സൗകര്യം ലക്ഷ്യമിടുന്നത്. പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. ഇഷ്ട ഉപകരണങ്ങളുടെ വാങ്ങല്‍, ഇന്‍ഷുറന്‍സ് പ്രീമിയം, സ്‌കൂള്‍ ഫീസ് തുടങ്ങിയവയെല്ലാം ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ സേവിംഗ്‌സ് അക്കൗണ്ടില്‍ പ്രതിമാസ ഗഡുവായി അടയ്ക്കാം.

ബാങ്കിംഗ് വ്യവസായത്തില്‍ ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് പ്ലാറ്റ്ഫോമില്‍ തല്‍ക്ഷണ ഇഎംഐ സൗകര്യം അവതരിപ്പിക്കുന്നത് ആദ്യമായാണെന്ന് ഐസിഐസിഐ ബാങ്ക് പറഞ്ഞു. പ്രമുഖ ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ് വേ കമ്പനികളായ ബില്‍ഡെസ്‌ക്, റേസര്‍പെയ് എന്നിവയുമായി  സഹകരിച്ചാണ് ബാങ്ക്  ഈ സൗകര്യമൊരുക്കുന്നത്. നിലവില്‍, ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഇന്‍ഷുറന്‍സ്, യാത്ര, വിദ്യാഭ്യാസം- സ്‌കൂള്‍ ഫീസ്, ഇലക്ട്രോണിക് ശൃംഖലകള്‍ എന്നിങ്ങനെ ആയിരത്തിലധികം വ്യാപാരികളുമായി ഈ വിഭാഗങ്ങളില്‍  'ഇഎംഐ @ ഇന്റര്‍നെറ്റ് ബാങ്കിംഗ്' പ്രവര്‍ത്തനക്ഷമമാക്കി. ഭാവിയില്‍ കൂടുതല്‍ പേയ്മെന്റ് ഗേറ്റ് വേ കമ്പനികള്‍, വ്യാപാരികള്‍ എന്നിവരുമായി പങ്കാളിത്തമുണ്ടാക്കും. സംവിധാനത്തിലേക്ക് കൂടുതല്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തുവാനും ബാങ്ക് ആഗ്രഹിക്കുന്നു.

ഉപഭോക്താക്കളുടെ സൗകര്യം വര്‍ധിപ്പിക്കുവാനും അവര്‍ക്ക് ബാങ്കിംഗ് സൗകര്യം തടസമില്ലാതെ ലഭ്യമാക്കുന്നതിനും ഐസിഐസിഐ ബാങ്ക് പ്രതിജ്ഞാബദ്ധമാണെന്ന് ഐസിഐസിഐ ബാങ്ക് ഹെഡ് അണ്‍സെക്യേഡ് അസറ്റ്‌സ് ഹെഡ് സുദിപ്ത റോയ് പറഞ്ഞു.