പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയുടെ ഇന്ധന ഇറക്കുമതിച്ചെലവ് വർധിക്കുന്ന സാഹചര്യത്തിൽ, കാർഷിക അവശിഷ്ടങ്ങളും കന്നുകാലി സമ്പത്തും ഉപയോഗിച്ച് ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ബയോഗ്യാസിന്റെ സാധ്യതകൾ രാജ്യം പരിശോധിച്ചു വരികയാണ്. മാലിന്യ നിർമ്മാർജ്ജനം, തൊഴിലവസരങ്ങൾ, ഊർജ്ജ സുരക്ഷ എന്നിവ ഉറപ്പാക്കാൻ ബയോഗ്യാസിന് കഴിയും.

പശ്ചിമേഷ്യയില്‍ യുദ്ധാന്തരീക്ഷം മുറുകുമ്പോള്‍ ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റുന്നത് രാജ്യത്തിന്റെ ഇന്ധന ഇറക്കുമതിക്കുള്ള ചെലവാണ്. ഏകദേശം 143 ബില്യണ്‍ ഡോളറാണ് (ഏകദേശം 12 ലക്ഷം കോടി രൂപ!) എണ്ണ ഇറക്കുമതിക്കായി മാത്രം പ്രതിവര്‍ഷം ഇന്ത്യ ചിലവാക്കുന്നത്. ഈ സാഹചര്യത്തിലാണ് ആഭ്യന്തരമായി ഉത്പാദിപ്പിക്കാവുന്ന ബയോഗ്യാസിലേക്ക് രാജ്യം ഉറ്റുനോക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റ് ശുദ്ധമായ ഊര്‍ജ്ജ സ്രോതസ്സുകള്‍ക്ക് (സോളാര്‍, ഇലക്ട്രിക്) വിദേശത്തുനിന്നുള്ള ഉപകരണങ്ങളെ ആശ്രയിക്കേണ്ടി വരുമ്പോള്‍, ബയോഗ്യാസിന്റെ കാര്യത്തില്‍ ഇന്ത്യ പൂര്‍ണ്ണമായും സ്വയംപര്യാപ്തമാണ്. രാജ്യത്തെ കാര്‍ഷിക അവശിഷ്ടങ്ങളും കന്നുകാലി സമ്പത്തും തന്നെയാണ് ഇതിന്റെ കരുത്ത്.

പശുക്കള്‍ നല്‍കും പവര്‍: 7 സിലിണ്ടര്‍ വരെ ലാഭം!

ബയോഗ്യാസ് പ്ലാന്റുകള്‍ വഴി അടുക്കള ബജറ്റിലും വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കും. 'സ്‌മോള്‍കെയ്‌സ്', 'സി.ഇ.ഇ.ഡബ്ല്യു' എന്നിവയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് പശുക്കളുള്ള ഒരു കുടുംബത്തിന് ചാണകത്തില്‍ നിന്ന് മാത്രം വര്‍ഷം 100 കിലോ എല്‍.പി.ജിക്ക് തുല്യമായ ബയോഗ്യാസ് ഉത്പാദിപ്പിക്കാം. അതായത് ഏകദേശം 7 ഗ്യാസ് സിലിണ്ടറുകള്‍ ലാഭിക്കാം!. ഇന്ത്യയില്‍ മൂന്നോ അതിലധികമോ പശുക്കളുള്ള ഏകദേശം 4 കോടി കുടുംബങ്ങളുണ്ട്. ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്ക് ബയോഗ്യാസ് ഉത്പാദനത്തിന്റെ കേന്ദ്രങ്ങളായി മാറാനുള്ള സാഹചര്യമുണ്ട്.

മാലിന്യത്തില്‍ നിന്ന് പണം; വായു മലിനീകരണത്തിനും പരിഹാരം

പ്രതിവര്‍ഷം 500 ദശലക്ഷം ടണ്ണിലധികം കാര്‍ഷിക അവശിഷ്ടങ്ങളാണ് ഇന്ത്യയിലുണ്ടാകുന്നത്. ഇവ പലപ്പോഴും കത്തിച്ചുകളയുകയാണ് പതിവ് (ഉദാഹരണത്തിന് പഞ്ചാബിലെ വൈക്കോല്‍ കത്തിക്കല്‍). എന്നാല്‍ ഇവ കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റിയാല്‍ രാജ്യത്തിന് പ്രതിവര്‍ഷം 62 ദശലക്ഷം മെട്രിക് ടണ്‍ ഇന്ധനം ലഭിക്കും. നിലവില്‍ ഇതിന്റെ ഒരു ശതമാനം പോലും ഇന്ത്യ ഉപയോഗപ്പെടുത്തുന്നില്ല എന്നതാണ് വസ്തുത.

ചുരുക്കത്തില്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തോടൊപ്പം ഗ്രാമീണ മേഖലയില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും, വിദേശ നാണ്യം ലാഭിക്കാനും ബയോഗ്യാസ് വിപ്ലവത്തിലൂടെ ഇന്ത്യക്ക് സാധിക്കും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയുടെ മുഖച്ഛായ മാറ്റാന്‍ ഈ 'നാടന്‍' സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.