പ്രവാസികൾക്ക് ഇന്ത്യൻ ഓഹരി വിപണിയിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാൻ സാധിക്കും. ഇതിനായി എന്‍ആര്‍ഇ/എന്‍ആര്‍ഒ, ഡീമാറ്റ് അക്കൗണ്ടുകൾ എന്നിവ ആവശ്യമാണ്. കൂടാതെ ഡെലിവറി അടിസ്ഥാനത്തിലുള്ള ഇടപാടുകൾ പോലുള്ള ചില നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിക്കാന്‍ സാധിക്കും. എന്നാല്‍ ഇതിനായി എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍, ഡീമാറ്റ് അക്കൗണ്ടുകള്‍, കൂടാതെ മറ്റ് ചില പ്രത്യേക അനുമതികള്‍ എന്നിവ ആവശ്യമാണ്.

ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലും എങ്ങനെ നിക്ഷേപിക്കാം?

ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ക്കോ ഓഹരി വിപണിക്കോ നേരിട്ട് വിദേശ കറന്‍സി സ്വീകരിക്കാന്‍ കഴിയില്ല. അതുകൊണ്ട് വിദേശത്ത് താമസിക്കുന്നവര്‍ക്ക് നേരിട്ട് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ സാധിക്കില്ല. എന്നാല്‍, എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ വഴി നിക്ഷേപം നടത്താം. ഇതിനായി റിസര്‍വ് ബാങ്കിന്റെ അനുമതിയുള്ള ബാങ്കുകളുടെ ശാഖകളെ സമീപിക്കാം. ബാങ്ക് അക്കൗണ്ടിന് പുറമെ, ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും നിക്ഷേപകന് ആവശ്യമാണ്. ഓഹരികളില്‍ നിക്ഷേപിച്ച് പണം തിരികെ വിദേശത്തേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍, റിസര്‍വ് ബാങ്കിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ഓതറൈസ്ഡ് ഡീലര്‍ ബാങ്കില്‍ നിന്ന് 'പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റ് സ്‌കീം' അനുമതിയും വാങ്ങേണ്ടതുണ്ട്.

പ്രവാസികള്‍ക്കുള്ള നിയന്ത്രണങ്ങള്‍

ഇന്ത്യയിലെ സാധാരണ നിക്ഷേപകരെ പോലെ പ്രവാസികള്‍ക്ക് ഓഹരി വിപണിയില്‍ ഇന്‍ട്രാഡേ ട്രേഡിംഗ് ചെയ്യാന്‍ അനുവാദമില്ല. വാങ്ങി അന്ന് തന്നെ വില്‍ക്കുന്നതിന് പകരം, ഓഹരികള്‍ ഡീമാറ്റ് അക്കൗണ്ടില്‍ സൂക്ഷിച്ച് ഒരു ദിവസത്തിലധികം കൈവശം വെക്കുന്ന ഡെലിവറി അടിസ്ഥാനത്തിലുള്ള ഇടപാടുകള്‍ മാത്രമേ പാടുള്ളൂ. ഷോര്‍ട്ട് സെല്ലിംഗും അനുവദനീയമല്ല. നിയന്ത്രണങ്ങളോടെ ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ ട്രേഡ് ചെയ്യാം. ഇതിനായി എന്‍ആര്‍ഒ നോണ്‍- പിഐഎസ് ട്രേഡിംഗ് അക്കൗണ്ട് ഉണ്ടായിരിക്കണം.

എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകള്‍ തമ്മിലുള്ള വ്യത്യാസം എന്ത്?

ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് പ്രകാരം പ്രവാസി പദവി ലഭിച്ചു കഴിഞ്ഞാല്‍ ഇന്ത്യയിലെ ഒരു സാധാരണ സേവിംഗ്‌സ് അക്കൗണ്ടില്‍ പണം സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. പകരം എന്‍ആര്‍ഇ അല്ലെങ്കില്‍ എന്‍ആര്‍ഒ അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടത് നിര്‍ബന്ധമാണ്.

എന്‍ആര്‍ഇ അക്കൗണ്ട്: വിദേശത്തെ വരുമാനം ഇന്ത്യന്‍ രൂപയാക്കി മാറ്റിയാണ് ഈ അക്കൗണ്ടില്‍ സൂക്ഷിക്കുന്നത്. ഈ ഫണ്ടുകള്‍ക്ക് പൂര്‍ണ്ണ സുരക്ഷയുണ്ട്. സേവിംഗ്‌സ്, കറന്റ്, ആര്‍ഡി, എഫ്ഡി എന്നിങ്ങനെ പല രൂപത്തില്‍ അക്കൗണ്ട് തുടങ്ങാം. ഇതില്‍ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നികുതി നല്‍കേണ്ടതില്ല. നിക്ഷേപിച്ച പണവും ലാഭവും പൂര്‍ണ്ണമായി വിദേശത്തേക്ക് തിരികെ കൊണ്ടുപോകാനും സാധിക്കും.

എന്‍ആര്‍ഒ അക്കൗണ്ട്: ഇന്ത്യയില്‍ നിന്നുള്ള വരുമാനം (വാടക, പെന്‍ഷന്‍ തുടങ്ങിയവ) കൈകാര്യം ചെയ്യാനാണ് ഇത്. സേവിംഗ്‌സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടായി ഇത് തുടങ്ങാം. നാട്ടിലേയും വിദേശത്തേയും പണം ഇതില്‍ നിക്ഷേപിക്കാം. എന്നാല്‍ ഇതില്‍ നിന്നുള്ള പലിശയ്ക്ക് ടിഡിഎസ് ഈടാക്കും. പണം തിരികെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് ചില പരിമിതികളുമുണ്ട്.