ഇന്ന് കുറഞ്ഞ കാത്തിരിപ്പ് കാലാവധിയില്‍ മെറ്റേണിറ്റി കവറേജ് നല്‍കുന്ന ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാനുകള്‍ ലഭ്യമാണ്. ഒരു പോളിസി തിരഞ്ഞെടുക്കുമ്പോള്‍ ക്ലെയിം ലിമിറ്റ്, കവറേജ് വിവരങ്ങള്‍, നവജാത ശിശുവിനുള്ള പരിരക്ഷ എന്നിവ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കേണ്ടതുണ്ട്. തൊഴിലുടമ നല്‍കുന്ന ഇന്‍ഷുറന്‍സിനെ മാത്രം ആശ്രയിക്കുന്നതിലെ അപകടങ്ങളും മനസിലാക്കുക.
കുടുംബത്തിന് വേണ്ടി ഒരു ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്ലാന്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ പ്രസവാനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് പലരുടേയും സംശയമാണ്. മുന്‍കാലങ്ങളില്‍ മെറ്റേണിറ്റി പരിരക്ഷ ലഭിക്കണമെങ്കില്‍ പോളിസി എടുത്ത് രണ്ട് മുതല്‍ നാല് വര്‍ഷം വരെ കാത്തിരിക്കണമായിരുന്നു. ഇതുമൂലം പലര്‍ക്കും ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാതെ വരികയോ, വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്യേണ്ടി വരികയോ ചെയ്തു. എന്നാല്‍ ഇന്ന് ഈ സാഹചര്യം പാടെ മാറിയിട്ടുണ്ട്. വെറും മൂന്ന് മാസത്തെ കാത്തിരിപ്പ് കാലാവധിയില്‍ മെറ്റേണിറ്റി കവറേജ് നല്‍കുന്ന പ്ലാനുകള്‍ ഇപ്പോള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ ഗര്‍ഭധാരണത്തിന് മുന്‍പ് തന്നെ ഇന്‍ഷുറന്‍സ് എടുക്കാനും കാര്യങ്ങള്‍ എളുപ്പത്തില്‍ പ്ലാന്‍ ചെയ്യാനും ദമ്പതികള്‍ക്ക് സാധിക്കും.
പോളിസി തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം പരിശോധിക്കണം?
വെയ്റ്റിങ് പീരിയഡ് കുറഞ്ഞ പോളിസി ആണെന്ന് കരുതി മാത്രം പ്ലാനുകള്‍ തിരഞ്ഞെടുക്കരുത്.
ക്ലെയിം ലിമിറ്റ്: പ്രസവ ചെലവുകള്‍ക്കായി ഇന്‍ഷുറന്‍സ് കമ്പനി പരമാവധി എത്ര തുക നല്‍കുമെന്ന് ഉറപ്പാക്കുക. പോളിസി കവറേജ് തുക മുഴുവനായും ഇതിനായി ലഭിക്കില്ല, മറിച്ച് ഒരു നിശ്ചിത തുകയാകും ലഭിക്കുക. പോളിസികള്‍ക്കനുസരിച്ച് ഇത് 50,000 രൂപ മുതല്‍ 2 ലക്ഷം രൂപ വരെയാകാം.
കവറേജ് വിവരങ്ങള്‍: സാധാരണ പ്രസവം, സിസേറിയന്‍, പ്രസവത്തിന് മുന്‍പും പിന്‍പുമുള്ള പരിചരണ ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ടോ എന്ന് പരിശോധിക്കണം.
കുഞ്ഞിനുള്ള പരിരക്ഷ: ജനിച്ച ഒന്നാം ദിവസം മുതല്‍ നവജാത ശിശുവിന് ലഭിക്കുന്ന കവറേജ്, വാക്‌സിനേഷനുകള്‍, ജന്മനാ ഉള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വൈകല്യങ്ങള്‍ക്കുമുള്ള ചികിത്സ എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലാനുകള്‍ വേണം തിരഞ്ഞെടുക്കാന്‍.
കമ്പനി നല്‍കുന്ന ഇന്‍ഷുറന്‍സ് മാത്രം മതിയോ?
തൊഴിലുടമ നല്‍കുന്ന ഗ്രൂപ്പ് ഹെല്‍ത്ത് കവര്‍ നല്ലൊരു പരിരക്ഷയാണെങ്കിലും, അതിനെ മാത്രം ആശ്രയിക്കുന്നത് ശരിയല്ല. കാരണം, ഇവ ജോലി ചെയ്യുന്ന കാലയളവില്‍ മാത്രം ലഭിക്കുന്നവയാണ്. ജോലി മാറുകയോ രാജി വയ്ക്കുകയോ ചെയ്താല്‍ ഈ പരിരക്ഷ നഷ്ടപ്പെടും.


