ദില്ലി: പെൻഷൻ മേഖലയിലെ നേരി‌‌ട്ടുളള വിദേശനിക്ഷേപ പരിധി 74 ശതമാനത്തിലേക്ക് ഉയർത്തിയ നടപ‌ടിക്ക് പിന്നാലെ ദേശീയ പെൻഷൻ പദ്ധതിയിൽ മാറ്റം വന്നേക്കുമെന്ന് സൂചന. ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) പെൻഷൻ ഫണ്ട് റ​ഗുലേറ്ററി ആൻഡ് ഡെവലപ്പ്മെന്റ് അതോറിറ്റിക്ക് (പിഎഫ്ആർഡിഎ) കീഴിൽ നിന്ന് മാറ്റിയേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ. 

ഇത് സംബന്ധിച്ച ബിൽ ഈ വർഷം പാർലമെന്റിൽ അവതരിപ്പിക്കും. 2013 ൽ പിഎഫ്ആർഡിഎ നിയമം കൊണ്ടുവന്നത് മുതൽ എൻപിഎസ് ഇതിന് കീഴിലാണ്. വിദേശനിക്ഷേപ പരിധി കൂട്ടുന്നതിനാണ് ഈ നിയമം ഭേദ​ഗതി ചെയ്യുന്നത്. ദേശീയ പെൻഷൻ പദ്ധതി കമ്പനി നിയമത്തിന് കീഴിലോ പ്രത്യേകമായി രൂപീകരിക്കുന്ന 15 അം​ഗ ബോർഡിന് കീഴിലോ കൊണ്ടുവരാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ.