മുംബൈ: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ഐടി മേഖല ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് വിലയിരുത്തല്‍. ആഭ്യന്തര റേറ്റിംഗ് ഏജന്‍സിയായ ഐക്രയുടേതാണ് കണ്ടെത്തല്‍. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. 

ഐടി സേവന മേഖലയില്‍ ഏഴ് മുതല്‍ ഒന്‍പത് ശതമാനം വരെ വളര്‍ച്ചയുണ്ടാകുമെന്നാണ് ഐക്ര കണക്കാക്കുന്നത്. വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുക ഡിജിറ്റല്‍ സൊല്യൂഷന്‍സായിരിക്കും. വ്യവസായിക സംഘടനയായ നാസ്കോമിന്‍റെ വിലയിരുത്തല്‍ പ്രകാരം 2019-20 സാമ്പത്തിക വര്‍ഷവും നടപ്പ് സാമ്പത്തിക വര്‍ഷത്തേതിന് സമാനമായ 9.1 ശതമാനം വളര്‍ച്ച കൈവരിക്കും. 

ബാങ്കിംഗ്, ധനകാര്യ മേഖലകള്‍ എന്നിവ ചെലവ് ചുരുക്കലിന് ശ്രമിക്കുന്നതിനാല്‍ ഈ മേഖലകളില്‍ നിന്നുളള വരുമാനത്തില്‍ ഐടി കമ്പനികള്‍ക്ക് കുറവ് നേരിടും. എന്നാല്‍, ഇന്‍ഷുറന്‍സ് മേഖല ഈ നഷ്ടം നികത്താന്‍ ഉതകുന്ന തരത്തില്‍ പിന്തുണ നല്‍കുമെന്നാണ് കണക്കാക്കുന്നത്. എണ്ണ വില സ്ഥിരത കൈവരിക്കുന്നതും റീട്ടെയ്ല്‍ മേഖലയിലുണ്ടാകുന്ന വളര്‍ച്ചയും ഐടി മേഖലയുടെ വരുമാനം വര്‍ധിപ്പിക്കും.