ഇതാദ്യമായല്ല 500 രൂപ നോട്ടുകളെക്കുറിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂണിലും സമാനമായ രീതിയില്‍ ഒരു വാര്‍ത്താ ചാനലിന്റെ വീഡിയോ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

രാജ്യത്ത് 500 രൂപ നോട്ടുകള്‍ നിരോധിക്കുന്നു എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍. 2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിക്കുമെന്ന പ്രചാരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് കേന്ദ്ര വാര്‍ത്താ ഏജന്‍സിയായ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ സന്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് 'പിഐബി ഫാക്ട് ചെക്ക്' വിഭാഗം വിശദീകരണവുമായി രംഗത്തെത്തിയത്.

പ്രചാരണം വ്യാജം; നോട്ടുകള്‍ നിയമപരമായി നിലനില്‍ക്കും

500 രൂപ നോട്ടുകള്‍ നിരോധിക്കാന്‍ റിസര്‍വ് ബാങ്ക് ഇതുവരെ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്ന് പിഐബി വ്യക്തമാക്കി. പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമില്ല. 500 രൂപ നോട്ടുകള്‍ക്ക് ഇപ്പോഴും നിയമപരമായ മൂല്യം ഉണ്ട്. അതായത്, സാധാരണ പോലെ ഇടപാടുകള്‍ക്ക് ഈ നോട്ടുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും തെറ്റായ വിവരങ്ങള്‍ മറ്റുള്ളവരിലേക്ക് പങ്കുവെക്കരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

പാര്‍ലമെന്റിലും വിശദീകരണം

ഇതാദ്യമായല്ല 500 രൂപ നോട്ടുകളെക്കുറിച്ച് ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ ജൂണിലും സമാനമായ രീതിയില്‍ ഒരു വാര്‍ത്താ ചാനലിന്റെ വീഡിയോ തെറ്റായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. വിഷയത്തില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാര്‍ലമെന്റിലും വ്യക്തത വരുത്തിയിരുന്നു. 500 രൂപ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും, എടിഎമ്മുകള്‍ വഴി 100, 200 രൂപ നോട്ടുകള്‍ക്കൊപ്പം 500 രൂപ നോട്ടുകളും തുടര്‍ന്നും ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം വിശ്വസിക്കണമെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഓര്‍മ്മിപ്പിച്ചു.