2020- 21 സാമ്പത്തിക വർഷത്തെ സ്വർണ ബോണ്ടുകളുടെ വിൽപ്പന ജൂലൈ 10ന് അവസാനിക്കും. ഇഷ്യു വില 4,852 രൂപയാണ്. കഴിഞ്ഞ മാസത്തെ ഇഷ്യു വില 4,677 രൂപയായിരുന്നു. ജൂലൈ ആറിനാണ് സ്വർണ ബോണ്ടുകളുടെ വിൽപ്പന ആരംഭിച്ചത്.

ഓൺലൈനായി അപേക്ഷിച്ച് ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുന്നവർക്ക്‌ ഗ്രാമിന് 50 രൂപ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം നിക്ഷേപകർക്ക് 4,802 രൂപയാണ് ബോണ്ട് വില. 999 പരിശുദ്ധിയുള്ള ഒരു ഗ്രാം സ്വർണമാണ് കുറഞ്ഞ നിക്ഷേപം. മെച്യൂരിറ്റി കാലാവധി എട്ട് വർഷമാണെങ്കിലും അഞ്ച് വർഷത്തിന് ശേഷം പിൻവലിക്കാം. 2.5 ശതമാനം പലിശയാണ് റിസർവ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.

ലിക്വിഡിറ്റിക്ക് വിധേയമായി ഒരു തീയതിയിൽ ഇഷ്യു ചെയ്ത് രണ്ടാഴ്ച്ചക്കുള്ളിൽ ബോണ്ടുകൾ സ്റ്റോക്ക് എക്സേഞ്ചുകൾ വഴി വിറ്റഴിക്കാവുന്നതാണ്. സാമ്പത്തിക നിയന്ത്രണത്തിന്റെ ഭാഗമായി ആഭ്യന്തര സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വർണം വാങ്ങാൻ പ്രേരിപ്പിക്കുന്നതിനായി 2015 ലാണ് പരാധികാര സ്വർണ ബോണ്ട് പദ്ധതി റിസർവ് ബാങ്ക് ആരംഭിച്ചത്.

1,760 കോടി രൂപ ജൂൺ മാസം വരെ ബോണ്ടിൽ നിക്ഷേപിച്ചിട്ടുണ്ട്. സ്വർണ വിപണിയെ സംബത്തിച്ചിടത്തോളം വളരെ ചെറിയ തുക മാത്രമാണിത്.
4,852 നിരക്കിലാണ് സ്വർണ ബോണ്ടിൽ നിക്ഷേപിക്കേണ്ടത്. ആഗോള അനിശ്ചിതാവസ്ഥ കാരണം സ്വർണത്തിന് അസാധാരണ വർഷമാണ് 2020. ലോകമെമ്പാടുമുള്ള ധന നയം സ്വർണത്തിന് അനുകൂലമാണ്. സ്വർണാഭരണ വിപണി ദുർബലമാണെങ്കിലും, വൻ നിക്ഷേപകർ ഓൺലൈൻ നിക്ഷേപം വഴി വൻ ലാഭമാണ് നേടുന്നത്.

"സ്വർണ ബോണ്ട് സ്വർണാഭരണ വിപണിയെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഏകദേശം അഞ്ച് ലക്ഷം കോടിക്ക് മുകളിലാണ് ഇന്ത്യൻ സ്വർണ വിപണി. 1,760 കോടി ചെറിയ തുക മാത്രമേയാകുന്നൊള്ളൂ. 2.5% പലിശയും വളരെ കുറഞ്ഞ നിരക്കാണ്. റിസർവ് ബാങ്ക് ​ഗോൾഡ് ബോണ്ട് ദീർഘകാല പദ്ധതിയുമാണ്. മൾട്ടികമ്മോഡിറ്റി എക്സ്ചേഞ്ച് പോലുള്ളവയിൽ നിക്ഷേപിക്കുകയോ ട്രേഡ് ചെയ്യുകയോ ആയാൽ ചെറിയ കാലയളവിൽ തന്നെ വലിയ ലാഭം ലഭ്യമാണ്," ഓൾ ഇൻഡ്യ ജം ആന്റ് ജുവല്ലറി ഡൊമസ്റ്റിക്ക് കൗൺസിൽ (GJC) ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.