ഓഫർ ലെറ്ററിൽ കാണുന്ന ശമ്പളം എന്തുകൊണ്ട് കയ്യിൽ കിട്ടുന്നില്ല എന്ന സംശയം പലർക്കുമുണ്ട്. കോസ്റ്റ് ടു കമ്പനി (CTC), ബേസിക് സാലറി, ഇൻ-ഹാൻഡ് സാലറി, ഗ്രാറ്റുവിറ്റി തുടങ്ങിയ ശമ്പള ഘടനയിലെ വിവിധ ഘടകങ്ങളെക്കുറിച്ച് വ്യക്തമായി മനസിലാക്കുന്നതിലൂടെ ഈ ആശയക്കുഴപ്പം ഒഴിവാക്കാം. 

പുതിയ ജോലിക്ക് ഓഫർ ലഭിക്കുമ്പോൾ നമ്മളാദ്യം ശ്രദ്ധിക്കുന്നത് ശമ്പളം എത്രയുണ്ട് എന്നതാണ്. പ്രത്യേകിച്ച് കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നവർ ശമ്പള വർധനവടക്കം സ്വപ്നം കണ്ടാണ് പുതിയ കമ്പനിയിൽ കയറാറുള്ളത്. എന്നാൽ മാസം തികയുമ്പോൾ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്ന തുക ഓഫർ ലെറ്ററിൽ കണ്ടതിനേക്കാൾ വളരെ കുറവായിരിക്കും. ഭൂരിഭാഗം ആളുകൾക്കും തങ്ങളുടെ ശമ്പളത്തിന്റെ ഘടന (Salary Structure) കൃത്യമായി അറിയാത്തതുകൊണ്ടാണ് ഈ ആശയക്കുഴപ്പം ഉണ്ടാകുന്നത്. കോസ്റ്റ് ടു കമ്പനി (CTC), ഇൻ-ഹാൻഡ് സാലറി, ബേസിക് സാലറി, ലീവ് എൻകാഷ്‌മെന്റ്, ഗ്രാറ്റുവിറ്റി തുടങ്ങിയ ഒരുപാട് കാര്യങ്ങൾ എന്താണെന്ന് കൃത്യമായി മനസിലാക്കിയാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബേസിക് സാലറി (Basic Salary)

ശമ്പളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ടതും മാറ്റമില്ലാത്തതുമായ അടിസ്ഥാന ഭാഗമാണിത്. മറ്റ് അലവൻസുകളോ (HRA, ബോണസ്) നികുതികളോ കുറയ്ക്കുന്നതിന് മുൻപുള്ള കൃത്യമായ തുകയാണിത്. നിങ്ങളുടെ പെർഫോമൻസ് ഇൻസെന്റീവുകൾ മാറിയാലും ഈ തുക എല്ലാ മാസവും ഒരുപോലെയായിരിക്കും. സാധാരണയായി ഇത് നിങ്ങളുടെ സിടിസിയുടെ (CTC) 40-50 ശതമാനമായിരിക്കും. എന്നാൽ പുതിയ തൊഴിൽ നിയമങ്ങൾ അനുസരിച്ച്, ബേസിക് സാലറി മൊത്തം സിടിസിയുടെ കുറഞ്ഞത് 50 ശതമാനമെങ്കിലും ആയിരിക്കണം എന്നാണ്. ജീവനക്കാരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതിനാണ് ഈ മാറ്റം. പിഎഫ് (PF), ഗ്രാറ്റുവിറ്റി, ലീവ് എൻകാഷ്‌മെന്റ്, എച്ച്ആർഎ (HRA) എന്നിവയെല്ലാം കണക്കാക്കുന്നത് ഈ ബേസിക് സാലറിയുടെ അടിസ്ഥാനത്തിലാണ്.

കോസ്റ്റ് ടു കമ്പനി (CTC)

ഒരു ജീവനക്കാരന് വേണ്ടി കമ്പനി ഒരു വർഷം ചിലവഴിക്കുന്ന ആകെ തുകയാണ് സിടിസി (CTC). എന്നാൽ ഇത് ജീവനക്കാരന് നേരിട്ട് ലഭിക്കുന്ന പണമല്ല. സിടിസിയിൽ ബേസിക് സാലറിയും, അലവൻസുകളും (ഹൗസ് റെന്റ് അലവൻസ്, ട്രാവൽ അലവൻസ്)ബോണസ്, ഇൻഷുറൻസ് പ്രീമിയം പിഎഫിലേക്ക് (PF) കമ്പനി നൽകുന്ന വിഹിതം, ഗ്രാറ്റുവിറ്റി എന്നിവയും അടങ്ങിയിരിക്കുന്നു. ചുരുക്കത്തിൽ, സിടിസി നിങ്ങളുടെ കയ്യിൽ കിട്ടുന്ന ശമ്പളമല്ല, നിങ്ങളെ അക്കൊമഡേറ്റ് ചെയ്യാൻ കമ്പനിയുടെ ഭാ​ഗത്ത് നിന്ന് എടുക്കുന്ന ചിലവാണ്. ഉദാഹരണത്തിന്, നിങ്ങളുടെ സിടിസി 10 ലക്ഷം രൂപയാണെങ്കിൽ, അതിന്റെ വലിയൊരു പങ്ക് നിങ്ങൾക്ക് പണമായിട്ടല്ല, മറിച്ച് മറ്റ് ആനുകൂല്യങ്ങളായിട്ടാണ് ലഭിക്കുന്നത്.

ഇൻ-ഹാൻഡ് സാലറി (In-Hand/Take-Home Salary)

പിഎഫ് പോലുള്ള മറ്റ് ഫണ്ടുകളൊക്കെ കിഴിച്ച് കഴിഞ്ഞ ശേഷം എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന യഥാർത്ഥ തുകയാണിത്. സാധാരണയായി ഇത് സിടിസി തുകയേക്കാൾ 15 മുതൽ 20 ശതമാനം വരെ കുറവായിരിക്കും. ഇൻകം ടാക്സ് (TDS), പ്രൊഫഷണൽ ടാക്സ്, ജീവനക്കാരന്റെ പിഎഫ് (PF) വിഹിതം എന്നിവയാണ് ഇവിടെ ഡിഡക്ഷൻ ചെയ്യപ്പെടുന്നത്. ഒരു ഉദാഹരണം നോക്കാം. നിങ്ങളുടെ മാസത്തെ ഗ്രോസ് സാലറി 75,000 രൂപയാണെന്ന് കരുതുക.

ജീവനക്കാരന്റെ പിഎഫ് വിഹിതം: 3,600

പ്രൊഫഷണൽ ടാക്സ്: 200

ടിഡിഎസ് (TDS): 4,000

ആകെ കുറയ്ക്കുന്ന തുക: 7,800

എന്നിങ്ങനെ ഡിഡക്ട് ചെയ്യും. അപ്പോൾ നിങ്ങളുടെ ഇൻ-ഹാൻഡ് സാലറി 67,200 രൂപയായിരിക്കും.

ലീവ് എൻകാഷ്‌മെന്റ് (Leave Encashment)

ഉപയോഗിക്കാത്ത പെയ്ഡ് ലീവുകൾ (Paid Leaves) പണമാക്കി മാറ്റുന്നതിനെയാണ് ലീവ് എൻകാഷ്‌മെന്റ് എന്ന് പറയുന്നത്. ജോലി രാജിവെയ്ക്കുമ്പോഴോ വിരമിക്കുമ്പോഴോ അല്ലെങ്കിൽ കമ്പനി പോളിസി അനുസരിച്ച് വർഷാവസാനമോ ഇത് ലഭിക്കും. ഇത് കണക്കാക്കുന്നത് നിങ്ങളുടെ ബേസിക് സാലറിയെ അടിസ്ഥാനമാക്കിയാണ്. കണക്കാക്കുന്ന രീതി:ബേസിക് സാലറി 30,000 രൂപയുള്ള ഒരാൾക്ക് 15 ദിവസത്തെ ലീവ് ബാക്കിയുണ്ടെന്ന് കരുതുക. ഒരു ദിവസത്തെ ശമ്പളം കൊണ്ട് ദിവസത്തെ ​ഗുണിക്കുന്ന രീതിയാണിത്. ചില കമ്പനികൾ മാസത്തിൽ 26 പ്രവൃത്തി ദിവസങ്ങൾ വെച്ചും ഇത് കണക്കാക്കാറുണ്ട്.

ഗ്രാറ്റുവിറ്റി (Gratuity)

ഒരു കമ്പനിയിൽ ദീർഘകാലം ജോലി ചെയ്തതിനുള്ള അംഗീകാരമായി ജീവനക്കാരന് കമ്പനി നൽകുന്ന തുകയാണിത്. സാധാരണയായി 5 വർഷം തുടർച്ചയായി ജോലി പൂർത്തിയാക്കിയവർക്കാണ് ഇത് ലഭിക്കുക. പുതിയ തൊഴിൽ നിയമങ്ങൾ പ്രകാരം ബേസിക് സാലറി 50 ശതമാനമാകുന്നതോടെ ഗ്രാറ്റുവിറ്റി തുക വലിയ രീതിയിൽ വർദ്ധിക്കും. കൂടാതെ ഫിക്സഡ് ടേം (കരാർ അടിസ്ഥാനത്തിൽ) ജോലി ചെയ്യുന്നവർക്ക് ഒരു വർഷം പൂർത്തിയാക്കിയാൽ തന്നെ ആനുപാതികമായ ഗ്രാറ്റുവിറ്റിക്ക് അർഹതയുണ്ടായിരിക്കും.