അപ്രതീക്ഷിത സാമ്പത്തിക ചെലവുകളെ നേരിടാൻ എമർജൻസി ഫണ്ട് അത്യാവശ്യമാണ്. ഈ ഫണ്ട് നിക്ഷേപിക്കുമ്പോൾ വരുമാനത്തേക്കാൾ പ്രധാന്യം നൽകേണ്ടത് പണം എത്ര വേഗത്തിൽ കയ്യിൽ കിട്ടും എന്നതിനാണ്. ഫിക്സഡ് ഡെപ്പോസിറ്റുകൾ, സേവിംഗ്സ് അക്കൗണ്ടുകൾ, ലിക്വിഡ് മ്യൂച്വൽ ഫണ്ടുകൾ എന്നിവ ഇതിനായി പരിഗണിക്കാവുന്നതാണ്.

പെട്ടെന്ന് വരുന്ന സാമ്പത്തിക ചെലവുകളിൽ തളരാതെ മുന്നോട്ട് പോകാന്‍ സഹായിക്കുന്ന ഒന്നാണ് എമർജൻസി ഫണ്ട്. എന്നാല്‍ ഈ ഫണ്ട് എവിടെ നിക്ഷേപിക്കണം എന്നത് പലർക്കും ഇപ്പോഴും സംശയമാണ്. അടിയന്തര സാഹചര്യങ്ങൾക്കായി കരുതി വക്കുന്ന ഈ ഫണ്ടിൽ നിന്നുള്ള വരുമാനമാണോ അതോ തിരിച്ചെടുക്കുന്ന സമയത്ത് അതെത്രയും പെട്ടെന്ന് കയ്യിൽക്കിട്ടേണ്ടത് എന്നതിനാണോ നമ്മൾ കൂടുതൽ പ്രാധാന്യം നൽകേണ്ടത് എന്ന ചോദ്യം പ്രധാനമാണ്. എമര്‍ജന്‍സി ഫണ്ടില്‍ പ്രധാന്യം “ലിക്വിഡിറ്റിക്ക്”, അഥവാ പണം എത്ര പെട്ടെന്ന് കൈയിലെത്തും എന്നതിനാണ് മുൻഗണന നൽകേണ്ടതെന്ന് വിദഗ്ദർ പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

എന്താണ് എമര്‍ജന്‍സി ഫണ്ട്?

അപ്രതീക്ഷിതമായി വരുന്ന ചെലവുകള്‍ അതായത് ആശുപത്രി ചെലവ്, വാഹന റിപ്പയർ, ജോലി നഷ്ടപ്പെടല്‍ തുടങ്ങിയ സാഹചര്യങ്ങളെ നേരിടാന്‍ പ്രത്യേകം മാറ്റിവെക്കുന്ന തുകയാണ് എമര്‍ജന്‍സി ഫണ്ട്. ഇത് ദീര്‍ഘകാല നിക്ഷേപങ്ങളെ തൊടാതെ പ്രതിസന്ധികളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നു.

എവിടെ നിക്ഷേപിക്കണം?

എമർജൻസി ഫണ്ടിനായി മാറ്റി വക്കുന്ന തുക എവിടെ നിക്ഷേപിക്കണമെന്ന ചോദ്യത്തിന് ഉത്തരം നൽകുകയാണ് സെബി രജിസ്റ്റര്‍ഡ് ഇന്‍വെസ്റ്റ്മെന്റ് അഡ്വൈസറായ അവിനാഷ് ലുത്രി. ‘എമര്‍ജന്‍സി’ എന്നത് എല്ലാവർക്കും ഒരേ തരത്തിലുള്ള സാഹചര്യമല്ലെന്നും അതുകൊണ്ട് നിക്ഷേപ മാര്‍ഗവും അതനുസരിച്ച് തിരഞ്ഞെടുക്കണമെന്നും അദ്ദേഹം നിർദേശിക്കുന്നു.

ആശുപത്രിക്കേസുകൾ അടക്കമുള്ള അടിയന്തര സാഹചര്യങ്ങളില്‍ പണം ഉടനെ ലഭിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ഏറ്റവും പ്രായോഗികമായത് ഫിക്‌സഡ് ഡെപ്പോസിറ്റ് (FD) ആണ്. സേവിംഗ്സ് അക്കൗണ്ടിലും പണം സൂക്ഷിച്ച് വയ്ക്കാം. എന്നാല്‍ വലിയൊരു തുക പലരും സേവിംഗ്സ് അക്കൌണ്ടിലാക്കി സൂക്ഷിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ മ്യൂച്വല്‍ ഫണ്ടുകളിൽ പണം സൂക്ഷിച്ചാൽ പണം കയ്യിൽക്കിട്ടാൻ കുറച്ചധികം സമയമെടുക്കും. സാധാരണയായി 2-3 പ്രവൃത്തി ദിവസങ്ങള്‍ വേണ്ടിവന്നേക്കും. ഇനി ദിവസങ്ങൾ വൈകിയാലും പ്രശ്നമില്ലാത്ത അടിയന്തര ആവശ്യങ്ങള്‍ക്ക് മ്യൂച്വല്‍ ഫണ്ടുകള്‍ പരിഗണിക്കാം. പ്രത്യേകിച്ച് ലിക്വിഡ് ഫണ്ടുകള്‍, ഓവര്‍നൈറ്റ് ഫണ്ടുകള്‍, ആര്‍ബിട്രാജ് ഫണ്ടുകള്‍ എന്നിവ ലാഭകരമായ ഓപ്ഷനുകളാണെന്നും അവിനാഷ് ലുത്രി വിശദീകരിക്കുന്നു.

ഇനി, ടാക്സിന്റെ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് നോക്കാം. എമര്‍ജന്‍സി ഫണ്ടില്‍ ടാക്സുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കാകരുത് ആദ്യ പരിഗണന നൽകേണ്ടത്. പണം എത്ര വേഗത്തിൽ ലഭ്യമാകും എന്നതാണ് പ്രധാനം. കുറഞ്ഞ നികുതി സ്ലാബിൽ പെട്ടവർക്ക് സ്ഥിര നിക്ഷേപങ്ങളിൽ ഫണ്ട് സൂക്ഷിക്കാം. എന്നാല്‍ ഉയർന്ന നികുതി സ്ലാബിലുള്ളവര്‍ക്ക് ഡെബ്റ്റ് ഫണ്ടുകളടക്കം പരിഗണിക്കാം.