ഈ വർഷത്തെ കഠിനമായ വേനൽച്ചൂട് ശാരീരികമായി മാത്രമല്ല, സാമ്പത്തികമായും നമ്മളെ ബാധിക്കുന്നു. വൈദ്യുതി ഉപഭോഗം, കാർഷിക ഉത്പാദനം, തൊഴിൽ ഉത്പാദനക്ഷമത എന്നിവയിലെ ആഘാതങ്ങൾ വിലക്കയറ്റത്തിനും സാധാരണക്കാരുടെ ബജറ്റ് താളം തെറ്റുന്നതിനും കാരണമാകുന്നു.

ഈ വ‍‍‌ർഷം പതിവിലും നേരത്തെയാണ് കേരളത്തിലുൾപ്പെടെ വേനൽക്കാലമെത്തിയത്. അത്യന്തം കഠിനമായ ചൂടാണ് നമുക്ക് അനുഭവിക്കേണ്ടി വരുന്നത്. രാജ്യത്ത് പല സംസ്ഥാനങ്ങളിലും താപനില 45 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരത്തിലെത്തിയെന്നാണ് ഐഎംഡിയുടെ കണക്ക്. ഈ വർഷം സാധാരണത്തേക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. എൽ നിനോ പ്രതിഭാസത്തിന് ശേഷമുള്ള കാലാവസ്ഥാ മാറ്റങ്ങളാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ, പൊള്ളുന്ന ഈ ചൂട് നമ്മുടെ ശാരീരിക അവസ്ഥകളിൽ മാത്രമല്ല മാറ്റമുണ്ടാക്കിയിരിക്കുന്നത്. സാമ്പത്തിക മേഖലയിലും ഇത് വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കുകയാണ്.ഇത് നമ്മളെ ഏതൊക്കെ രീതിയിൽ ബാധിക്കുന്നുണ്ടെന്ന് നോക്കാം.

വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നു

ചൂട് കൂടുന്നതിനൊപ്പം രാജ്യത്തെ വൈദ്യുതി ആവശ്യകത കുത്തനെ ഉയർന്നു. കേരളത്തിലടക്കം പീക്ക് ടൈമിൽ നിയന്ത്രണം വക്കേണ്ട അവസ്ഥയിൽ വരെയെത്തി. സാധാരണയായി മെയ് മാസത്തിലാണ് ഇത്രയും കൂടുതൽ വൈദ്യുതി ഉപഭോ​ഗം ഉണ്ടാകാറുള്ളത്. എയർ കണ്ടീഷണറുകൾ, കൂളറുകൾ, ഫ്രിഡ്ജുകൾ എന്നിവയുടെ ഉപയോഗം വർധിച്ചതോടെ വീടുകളിലും ഓഫീസുകളിലും വൈദ്യുതി ബിൽ കൂടുന്ന സ്ഥിതിയാണ്. ആവശ്യകത വിതരണത്തെ മറികടക്കുമ്പോൾ, വൈദ്യുതി വിതരണ കമ്പനികൾ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു. ഇതിന്റെ ഭാരം അവസാനം ഉപഭോക്താക്കൾക്കാണ്.

കൃഷിയിലും ഭക്ഷ്യവിലയിലും ചൂടിന്റെ ആഘാതം

ഉഷ്ണ തരം​ഗത്തിന്റെ അടുത്ത വലിയ ആഘാതമുള്ളത് കാ‍‌ർഷിക മേഖലയിലാണ്. 2022ൽ ഗോതമ്പ് ഉൽപ്പാദനം കുറഞ്ഞതും കയറ്റുമതി നിയന്ത്രണങ്ങൾ വരുത്തേണ്ടിവന്നതും ഇതിന് ഉദാഹരണമാണ്. പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ പഴങ്ങൾ, പച്ചക്കറികൾ, പാലുത്പന്നങ്ങൾ പോലുള്ള നാശനഷ്ട സാധ്യത കൂടുതലുള്ള ഉൽപ്പന്നങ്ങളിൽ ആദ്യം തന്നെ വിലവർധന കാണാം. ചൂട് കാരണം ഇവയുടെ ഷെൽഫ് ലൈഫ് കുറയുകയും ഡിമാന്റ് ഉയരുകയും ചെയ്യും.

ഗതാഗതച്ചെലവും ലോജിസ്റ്റിക്സും

ചൂട് വിതരണ ശൃംഖലകളെയും ബാധിക്കുന്നു. കോൾഡ് സ്റ്റോറേജ് സംവിധാനങ്ങൾ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നു. സാധനങ്ങളുടെ ഗതാഗതം വേഗത്തിൽ നടത്തേണ്ടി വരുന്നതിനാൽ ചെലവ് കൂടുന്നു. ഇന്ത്യ പോലെയുള്ള വികസ്വര രാജ്യങ്ങളിൽ ചൂട് വിതരണ സംവിധാനത്തെ ബാധിച്ച് ഭക്ഷ്യവില ഉയരാൻ കാരണമാകുന്നുവെന്ന് വേൾഡ് ബാങ്ക് നടത്തിയ പഠനങ്ങൾ പറയുന്നു. ഇന്ധനക്ഷമത കുറയുകയും വാഹനങ്ങൾ കൂടുതൽ വേഗത്തിൽ കേടാകുകയും ചെയ്യുന്നതും ഗതാഗതച്ചെലവ് ഉയർത്തുന്നു.

തൊഴിൽ മണിക്കൂറുകൾ

ചൂട് തൊഴിലാളികളുടെ ഉൽപാദനക്ഷമതയെയും ബാധിക്കുന്നു. നിർമ്മാണം, ലോജിസ്റ്റിക്സ്, ഫാക്ടറികൾ തുടങ്ങിയ മേഖലകളിൽ ജോലി സമയങ്ങൾ കുറയുകയും കാര്യക്ഷമത ഇടിയുകയും ചെയ്യുന്നു. ഇന്റ‍‌ർനാഷണൽ ലേബ‍‌ർ ഓ‍ർ​ഗനൈസേഷൻ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ചൂട് കാരണം ഓരോ വർഷവും കോടിക്കണക്കിന് തൊഴിൽ മണിക്കൂറുകളാണ് നഷ്ടമാകുന്നത്. ഉൽപാദനം കുറയുമ്പോഴും ആവശ്യകതയിൽ മാറ്റമില്ലാതെ തുടരുന്നത് വിലവർധനയ്ക്ക് കാരണമാകുന്നു.

മുകളിൽപ്പറഞ്ഞ കാരണങ്ങളൊക്കെ സാധാരണക്കാരുടെ ജീവിതത്തെ നേരിട്ട് ബാധിക്കും. ഓരോ മേഖലയിലും ഉണ്ടാകുന്ന വിലക്കയറ്റവും മറ്റു മാറ്റങ്ങളും സാധരാണക്കാരുടെ ബജറ്റിൽ വലിയ ആഘാതമുണ്ടാക്കും.