ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ സാമ്പത്തിക ഇടപാടുകളില്‍ ഇതിനോടകം ഭാഗമായിക്കഴിഞ്ഞു. ചെലവ് നിരീക്ഷിക്കാനും തട്ടിപ്പുകള്‍ തടയാനും എഐ സഹായിക്കുമെങ്കിലും, സാമ്പത്തിക തീരുമാനങ്ങള്‍ പൂര്‍ണ്ണമായി അതിനെ ഏല്‍പ്പിക്കുന്നത് അപകടകരമാണ്. 

നിങ്ങളുടെ ബാങ്കിംഗ് ആപ്പ് തനിയെ പണം നിക്ഷേപിക്കുന്നു, ചിലവ് കൂടുമ്പോള്‍ മുന്നറിയിപ്പ് നല്‍കുന്നു, സംശയാസ്പദമായ ഇടപാടുകള്‍ സെക്കന്റുകള്‍ക്കുള്ളില്‍ കണ്ടെത്തുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇതിനോടകം തന്നെ നമ്മുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമായിക്കഴിഞ്ഞു. എന്നാല്‍ പണം കൈകാര്യം ചെയ്യാനുള്ള പൂര്‍ണ്ണ അധികാരം എഐയെ ഏല്‍പ്പിക്കാന്‍ സമയമായോ? വിപണിയിലെ പുതിയ ട്രെന്‍ഡുകള്‍ ജാഗ്രത പാലിക്കണമെന്നാണ് സൂചിപ്പിക്കുന്നത്. കൃത്യമായ നിയമങ്ങള്‍ അനുസരിച്ച് ചെയ്യേണ്ട ആവര്‍ത്തന സ്വഭാവമുള്ള ജോലികളില്‍ എഐ മനുഷ്യരേക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ട്.

പോര്‍ട്ട്‌ഫോളിയോ ക്രമീകരണം: നിക്ഷേപങ്ങള്‍ കൃത്യസമയത്ത് പുനഃക്രമീകരിക്കാന്‍ എഐക്ക് സാധിക്കും

ചെലവ് നിരീക്ഷണം: ഓരോ ചെറിയ ഇടപാടുകളും തരംതിരിച്ച് വിശകലനം ചെയ്യാന്‍ എഐക്ക് സാധിക്കും.

തട്ടിപ്പുകള്‍ തടയല്‍: അസാധാരണമായ ഇടപാടുകള്‍ മനുഷ്യനേക്കാള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ എഐ അല്‍ഗോരിതങ്ങള്‍ക്ക് കഴിയും.

അപകട സാധ്യത എവിടെ?

തീരുമാനങ്ങള്‍ എടുക്കുന്ന ഘട്ടത്തിലേക്ക് എഐ കടക്കുമ്പോഴാണ് അപകടസാധ്യതകള്‍ കൂടുന്നത്. ഇതിന്റെ പ്രധാന കാരണങ്ങൾ നോക്കാം.

പഴയ ഡാറ്റ: കഴിഞ്ഞകാല കണക്കുകള്‍ വെച്ചാണ് എഐ ഭാവി പ്രവചിക്കുന്നത്. എന്നാല്‍ വിപണിയിലെ പെട്ടെന്നുണ്ടാകുന്ന തകര്‍ച്ചകളോ സാമ്പത്തിക നയങ്ങളിലെ മാറ്റമോ മുന്‍കൂട്ടി കാണാന്‍ ഇതിന് കഴിയില്ല.

വികാരങ്ങളില്ല: ജോലി നഷ്ടപ്പെടുകയോ കുടുംബത്തില്‍ അസുഖങ്ങള്‍ വരികയോ ചെയ്യുന്ന സാഹചര്യം മെഷീനുകള്‍ക്ക് മനസ്സിലാകില്ല. നമ്പറുകള്‍ പറയുന്നതനുസരിച്ച് മാത്രം അവ തീരുമാനമെടുക്കും.

ലാഭം ആര്‍ക്ക്?

എഐ ടൂളുകള്‍ നിര്‍മ്മിക്കുന്നത് സ്വകാര്യ കമ്പനികളാണ്. ചിലപ്പോള്‍ അവരുടെ സ്വന്തം ഫണ്ടുകളോ ഉല്‍പ്പന്നങ്ങളോ വിറ്റഴിക്കാനായിരിക്കും അല്‍ഗോരിതങ്ങള്‍ മുന്‍ഗണന നല്‍കുന്നത്. എന്തെങ്കിലും നഷ്ടം സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഒരിക്കലും എഐ ഏറ്റെടുക്കില്ല, അത് പൂര്‍ണ്ണമായും ഉപഭോക്താവിന്റെ തലയിലാകും.

പരിഹാരം: എഐയെ സഹായിയാക്കുക, മുതലാളിയാക്കരുത്

സാമ്പത്തിക കാര്യങ്ങളില്‍ എഐയെ ഒരു 'ജൂനിയര്‍ അനലിസ്റ്റായി' മാത്രം കാണുന്നതാണ് സുരക്ഷിതം. വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷിക്കാനും ഇവയെ ഉപയോഗിക്കാം. എന്നാല്‍ വലിയ തീരുമാനങ്ങള്‍ എടുക്കുമ്പോഴും നിക്ഷേപ ലക്ഷ്യങ്ങള്‍ നിശ്ചയിക്കുമ്പോഴും അന്തിമ നിയന്ത്രണം നിങ്ങളുടെ കയ്യില്‍ തന്നെയായിരിക്കണം.