Asianet News MalayalamAsianet News Malayalam

Squid Game| സ്ക്വിഡ് ഗെയിം പഠിപ്പിക്കുന്ന സാമ്പത്തിക പാഠങ്ങൾ

നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത് ആഗോള തലത്തിൽ തന്നെ ഹിറ്റായി മാറിയ ദക്ഷിണ കൊറിയൻ സീരീസ് സ്ക്വിഡ് ഗെയിം പഠിപ്പിക്കുന്ന സാമ്പത്തിക പാഠങ്ങൾ

Squid Game personal finance lessons from Netflix hit series
Author
Thiruvananthapuram, First Published Nov 16, 2021, 3:15 PM IST

സെപ്തംബറിൽ നെറ്റ്ഫ്ലിക്സിൽ (Netflix) റിലീസ് ആയതിന് ശേഷം ദക്ഷിണ കൊറിയൻ സീരീസ് (South Korean Series) സ്ക്വിഡ് ഗെയിം (Squid Game) ബമ്പർ ഹിറ്റായി മാറി. കാണിയുടെ വൈകാരിക തലങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന ഈ സീരീസ് ജീവിതത്തിൽ തീർച്ചയായും മറക്കാൻ പാടില്ലാത്ത ചില സാമ്പത്തിക പാഠങ്ങൾ കൂടി പങ്കുവെക്കുന്നുണ്ട്.

ധനികരാകാൻ കുറുക്കുവഴികളില്ല

എളുപ്പത്തിൽ ധനികരാകാനുള്ള വഴികൾ എപ്പോഴും ആളെ അപായപ്പെടുത്തുന്ന കെണികളാകാമെന്നാണ് സ്ക്വിഡ് ഗെയിം പഠിപ്പിക്കുന്ന ഒരു പാഠം. വേഗത്തിൽ ധനികരാകാമെന്ന വിശ്വാസത്തിലാണ് സീരീസിലെ കഥാപാത്രങ്ങളെല്ലാം മത്സരത്തിൽ പങ്കെടുക്കുന്നത്. ഓരോ ആളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ധനികരാകാൻ എളുപ്പവഴി തേടി വലിയ കടക്കെണിയിലായവരാണെന്നത് കഥയിൽ പരാമർശിക്കുന്നുണ്ട്. 

ആരോഗ്യമാണ് വലിയ സമ്പത്ത്

സ്ക്വിഡ് ഗെയിം സീരീസിലെ ഒരു രംഗത്തിൽ കാലിൽ പഴുത്ത വ്രണവുമായി ആശുപത്രിയിലാകുന്ന വയോധികയായ സിയോങ് ഗി-ഹുന്നിന്റെ മാതാവ്, ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് സാമ്പത്തിക ബാധ്യതയെ തുടർന്ന് മകൻ നിർത്തിയതിനാലാണ് അമ്മ ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തുന്നത്. അതിനാൽ തന്നെ ആരോഗ്യ ഇൻഷുറൻസ് ഒരു സുരക്ഷിതത്വമാണെന്ന കാര്യം സീരീസ് ഓർമ്മിപ്പിക്കുന്നു.

തുറന്ന് സംസാരിക്കൂ, സഹായം തേടൂ

സ്ക്വിഡ് ഗെയിം സീരീസിലെ കഥാപാത്രങ്ങളെല്ലാം വൻ കടക്കെണിയിൽ നിൽക്കുന്നവരാണ്. എന്നാൽ ആരും തങ്ങളകപ്പെട്ടിരിക്കുന്ന പ്രയാസം മറ്റൊരാളുമായി പങ്കുവെക്കാൻ തയ്യാറാകുന്നില്ല. സാമ്പത്തിക ബാധ്യതയിൽ നിന്ന് രക്ഷപ്പെടാൻ മോഷണവും ചൂതാട്ടവും ആശ്രയിക്കുന്നവർ ചുറ്റുമുള്ള ബന്ധുക്കളോടും സുഹൃത്തുക്കളോടും തങ്ങളുടെ വിഷമം തുറന്ന് പറയാൻ തയ്യാറായിരുന്നെങ്കിൽ അത് വലിയ മാറ്റം അവരുടെ ജീവിതത്തിൽ സാധ്യമാക്കിയേനെയെന്ന് സീരീസ് പറഞ്ഞുവെക്കുന്നു.

പാസ്‌വേഡുകളുടെ പിൻ

സിയോങ് ഗി-ഹുൻ എന്ന സ്ക്വിഡ് ഗെയിം സീരീസിലെ കേന്ദ്രകഥാപാത്രം തന്റെ അമ്മയുടെ ഡെബിറ്റ് കാർഡുമായി എടിഎമ്മിൽ പോകുന്ന സീനുണ്ട്. ആദ്യം തന്റെ ജന്മദിന തീയതി എടിഎം പിന്നായി അടിച്ചുകൊടുക്കുന്നെങ്കിലും ഇത് തെറ്റാണെന്ന് പറയുമ്പോൾ തന്റെ മകളുടെ ജനനത്തീയതിയാണ് കഥാപാത്രം ഊഹിച്ചെടുക്കുന്നത്. പലരും എളുപ്പത്തിൽ ഓർത്തുവെക്കാവുന്ന ജനനത്തീയതികളോ ക്രമ നമ്പറോ ഒക്കെയാണ് ഡെബിറ്റ്, ക്രഡിറ്റ് കാർഡുകളുടെ പിന്നായി സെറ്റ് ചെയ്യുന്നത്. ഇങ്ങിനെ ഒരു നമ്പർ സെറ്റ് ചെയ്താൽ എത്ര വേഗത്തിൽ മോഷണത്തിന് ഇരയാകാമെന്ന പാഠവും സീരീസ് പറയുന്നു.

Follow Us:
Download App:
  • android
  • ios