പുതിയ 'റിസ്‌ക് ബേസ്ഡ്' രീതി വരുന്നതോടെ, സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ മതിയാകും. എന്നാല്‍ കൂടുതല്‍ റിസ്‌ക് എടുക്കുന്ന ബാങ്കുകള്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.
ബാങ്കിങ് മേഖലയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനുമായി പുതിയ പരിഷ്‌കാരവുമായി റിസര്‍വ് ബാങ്ക് . ബാങ്കുകള്‍ അടയ്ക്കേണ്ട ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ മാറ്റം വരുത്താനാണ് ആര്‍ബിഐയുടെ തീരുമാനം. ഇനി മുതല്‍ എല്ലാ ബാങ്കുകളും ഒരേ നിരക്കില്‍ പ്രീമിയം അടയ്ക്കുന്നതിന് പകരം, ഓരോ ബാങ്കിന്റെയും 'റിസ്‌ക്' കണക്കാക്കി തുക നിശ്ചയിക്കുന്ന രീതിയാകും നടപ്പിലാക്കുക.
എന്താണ് നിലവിലെ രീതി? മാറ്റം എന്തിന്?
1962 മുതല്‍ ഇന്ത്യയില്‍ 'ഫ്‌ലാറ്റ് റേറ്റ്' പ്രീമിയം രീതിയാണ് പിന്തുടരുന്നത്. നിലവില്‍ ഒരു ബാങ്ക് എത്രത്തോളം സുരക്ഷിതമാണ് എന്നത് പരിഗണിക്കാതെ തന്നെ, ഓരോ 100 രൂപ നിക്ഷേപത്തിനും 12 പൈസ എന്ന നിരക്കിലാണ് ബാങ്കുകള്‍ ഡിപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്റ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷന് പ്രീമിയം നല്‍കുന്നത്. എന്നാല്‍ ഈ രീതിയില്‍ ചില പോരായ്മകളുണ്ട്: കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച് സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകളും, അമിത റിസ്‌ക് എടുക്കുന്ന ബാങ്കുകളും ഒരേ തുക പ്രീമിയം നല്‍കേണ്ടി വരുന്നു എന്നതാണ് പ്രധാന പോരായ്മ.പ്രീമിയം തുകയില്‍ വ്യത്യാസമില്ലാത്തതിനാല്‍ ചില ബാങ്കുകള്‍ നിക്ഷേപകരുടെ പണം ഉപയോഗിച്ച് അമിത റിസ്‌കുള്ള ഇടപാടുകള്‍ നടത്താന്‍ മുതിരുന്നു. പുതിയ 'റിസ്‌ക് ബേസ്ഡ്' രീതി വരുന്നതോടെ, സുരക്ഷിതമായി പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് കുറഞ്ഞ പ്രീമിയം തുക അടച്ചാല്‍ മതിയാകും. എന്നാല്‍ കൂടുതല്‍ റിസ്‌ക് എടുക്കുന്ന ബാങ്കുകള്‍ ഉയര്‍ന്ന പ്രീമിയം നല്‍കേണ്ടി വരും.
ചെറുകിട നിക്ഷേപകരെ എങ്ങനെ ബാധിക്കും?
ബാങ്കുകള്‍ പ്രീമിയം നല്‍കുന്ന രീതി മാറുന്നുണ്ടെങ്കിലും നിക്ഷേപകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ മാറ്റമുണ്ടാകില്ല.
5 ലക്ഷം രൂപ സുരക്ഷ: ഒരു ബാങ്ക് തകരുന്ന സാഹചര്യം ഉണ്ടായാല്‍ നിക്ഷേപകന് ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക പരമാവധി 5 ലക്ഷം രൂപയായി തന്നെ തുടരും (മുതലും പലിശയും ഉള്‍പ്പെടെ).
പരോക്ഷ നേട്ടം: പുതിയ നിയമം വരുന്നതോടെ ബാങ്കുകള്‍ കൂടുതല്‍ കരുതലോടെ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാകും. ഇത് ബാങ്കുകള്‍ തകരാനുള്ള സാധ്യത കുറയ്ക്കുകയും നിക്ഷേപകര്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം നല്‍കുകയും ചെയ്യും.
മെച്ചപ്പെട്ട പ്രവര്‍ത്തനം: കുറഞ്ഞ പ്രീമിയം ലഭിക്കുന്നതിനായി ബാങ്കുകള്‍ അവരുടെ സാമ്പത്തിക അടിത്തറയും പ്രവര്‍ത്തന രീതിയും കൂടുതല്‍ മെച്ചപ്പെടുത്തും.
സാമ്പത്തിക സുസ്ഥിരത: ബാങ്കിങ് മേഖല കൂടുതല്‍ സുരക്ഷിതമാകും.
പ്രവര്‍ത്തന രീതി: നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകള്‍ക്ക് ഇതിലൂടെ സാമ്പത്തിക ലാഭം ലഭിക്കും.
എതൊക്കെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ബാങ്കുകളുടെ റിസ്‌ക് കണക്കാക്കുക എന്ന കാര്യത്തില്‍ റിസര്‍വ് ബാങ്ക് ഉടന്‍ വിശദമായ മാര്‍ഗ്ഗരേഖ പുറത്തിറക്കും.
