എല്ലാ സേവിങ്സ് അക്കൗണ്ട് ഇടപാടുകാര്‍ക്കും ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യം നല്‍കാനും ട്രഷറി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 

തിരുവനന്തപുരം: ട്രഷറി വഴി ശമ്പളം കൈപ്പറ്റുന്ന സംവിധാനത്തിലേക്ക് പരമാവധി സര്‍ക്കാര്‍ ജീവനക്കാരെ ആകര്‍ഷിക്കാന്‍ വാര്‍ഷിക പലിശാ നിരക്ക് ഉയര്‍ത്തി സര്‍ക്കാര്‍. എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇ‍ടിഎസ്ബി) അക്കൗണ്ടിലെ വാര്‍ഷിക പലിശ നിരക്ക് നാലില്‍ നിന്ന് ആറ് ശതമാനമായാണ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. 

മാസത്തിലെ ആദ്യത്തെ 15 ദിവസത്തേക്കെങ്കിലും മിനിമം ബാലന്‍സ് തുകയായ 100 രൂപ അക്കൗണ്ടില്‍ സൂക്ഷിക്കുന്നവര്‍ക്കാണ് പുതിയ തീരുമാനത്തിന്‍റെ ഗുണം ലഭിക്കുക. എല്ലാ സേവിങ്സ് അക്കൗണ്ട് ഇടപാടുകാര്‍ക്കും ഇന്‍റര്‍നെറ്റ് ബാങ്കിങ് സൗകര്യം നല്‍കാനും ട്രഷറി സ്ഥിര നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് അര ശതമാനം വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. 

ഇടിഎസ്ബിയില്‍ നിന്ന് ശമ്പളം വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യണമെന്നുളളവര്‍ ഈ മാസം 15 ന് മുന്‍പ് സാലറി ഡ്രോയിങ് ആന്‍ഡ് ഡിസ്ബേഴ്സിങ് ഓഫീസര്‍മാരെ രേഖാമൂലം വിശദവിവരങ്ങള്‍ അറിയിക്കണം. ഇതിനുളള അപേക്ഷ ഫോറം സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ശമ്പളത്തിന്‍റെ നിശ്ചിത ശതമാനം തുക മാത്രം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാനുളള സംവിധാനവും ഉണ്ട്. 

ട്രഷറി വഴി ശമ്പളം വാങ്ങാന്‍ തീരുമാനിക്കുന്നവര്‍ ഉടന്‍ കെവൈസി (നോ യുവര്‍ കസ്റ്റമര്‍) ഡിഡിഒമാര്‍ക്ക് നല്‍കണം. ഇല്ലെങ്കില്‍ ശമ്പളം മുടങ്ങാന്‍ സാധ്യതയുണ്ട്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇടിഎസ്ബി അക്കൗണ്ട് വഴിയാണ് ശമ്പളം വിതരണം ചെയ്യുക. അധ്യാപകര്‍ അടക്കം സംസ്ഥാനത്തെ അഞ്ചര ലക്ഷം ജീവനക്കാരുടെ ശമ്പളാണ് ഇത്തരത്തില്‍ വിതരണം ചെയ്യപ്പെടുന്നത്.