Asianet News MalayalamAsianet News Malayalam

അടുത്ത വർഷം എട്ട് ശതമാനത്തിന് മുകളിൽ ശമ്പള വർധന ഉണ്ടാകും, ഐടി രം​ഗത്ത് ഇരട്ട അക്ക വർധന: സർവേ റിപ്പോർട്ട്

സമീപ മാസങ്ങളിൽ ബിസിനസ്സ് സാഹചര്യം മെച്ചപ്പെട്ടപ്പോൾ, 2021 ലെ ഇന്ത്യയിലെ ശരാശരി ശമ്പള വർദ്ധനവ് എട്ട് ശതമാനം എന്ന കണക്കിൽ മുന്നേറി.

Workforce and Increments Trends Survey by Deloitte in Indian job market
Author
Mumbai, First Published Sep 20, 2021, 4:54 PM IST

2022 ൽ സ്വകാര്യ മേഖലയിലെ ശരാശരി വാർഷിക ശമ്പള വർദ്ധനവ്  8.6 ശതമാനമായിരിക്കുമെന്ന് റിപ്പോർട്ട്. മികച്ച ശമ്പള വർധനവോടെ തൊഴിൽ വിപണി കൊവിഡ് പകർച്ചവ്യാധിക്ക് മുൻപത്തെ സാഹചര്യത്തിലേക്ക് മെച്ചപ്പെടും, ഡെലോയിറ്റിന്റെ വർക്ക്ഫോഴ്സ് ആന്റ് ഇൻക്രിമെൻറ് ട്രെൻഡ്സ് സർവേയിൽ നിന്നുള്ള ആദ്യ ഘട്ട റിപ്പോർട്ടിലാണ് വിവരങ്ങളുളളത്. വരും മാസങ്ങളിൽ ബിസിനസ്സ് ആത്മവിശ്വാസം ക്രമാനുഗതമായി മെച്ചപ്പെടുന്നതിന് അനുസൃതമായി തൊഴിൽ വിപണിയും സജീവമാകും, സർവേയിൽ പങ്കെടുത്ത 25 ശതമാനം കമ്പനികളും 2022 ൽ ഇരട്ട അക്ക വർദ്ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

2020 ലെ കൊവിഡ് ലോക്ക്ഡൗണുകളെയും യാത്രാ നിയന്ത്രണങ്ങളെയും തുടർന്ന് ശമ്പളത്തിൽ ശരാശരി 4.4 ശതമാനം കുറവുണ്ടായി. എന്നാൽ, സമീപ മാസങ്ങളിൽ ബിസിനസ്സ് സാഹചര്യം മെച്ചപ്പെട്ടപ്പോൾ, 2021 ലെ ഇന്ത്യയിലെ ശരാശരി ശമ്പള വർദ്ധനവ് എട്ട് ശതമാനം എന്ന കണക്കിൽ മുന്നേറി.

രണ്ട് ഡസനിലധികം മേഖലകളിലും ഉപമേഖലകളിലുമായുളള 450 ഓർ​ഗനൈസേഷനുകളിൽ നിന്നുള്ള എച്ച്ആർ പ്രൊഫഷണലുകളുടെ പങ്കാളിത്തത്തോടെ 2021 ജൂലൈയിൽ ഇന്ത്യയിൽ നടത്തിയ സർവേയുടെ ഫലങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുളളത്. 

2022 ൽ ഇൻഫർമേഷൻ ടെക്നോളജി മേഖല ഏറ്റവും ഉയർന്ന വർദ്ധനവ് നൽകുമെന്ന് സർവേ സൂചിപ്പിക്കുന്നു, ഐടിക്ക് ശേഷം ലൈഫ് സയൻസ് രം​ഗത്തായിരിക്കും കൂടുതൽ ശമ്പള വർധനവ് ലഭിക്കുക. ഇരട്ട അക്ക വർധനവ് നൽകാൻ സാധ്യതയുള്ള ഒരേയൊരു മേഖല ഐടി മാത്രമായിരിക്കും, ഡിജിറ്റൽ / ഇ-കൊമേഴ്സ് കമ്പനികൾ പട്ടികയിൽ ആദ്യ സ്ഥാനങ്ങളിൽ തന്നെയുണ്ട്. എന്നാൽ, 2022 ലും റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, റെസ്റ്റോറന്റുകൾ, ഇൻഫ്രാസ്ട്രക്ചർ, റിയൽ എസ്റ്റേറ്റ് മേഖലകളിൽ ശമ്പള പ്രതിസന്ധി രൂക്ഷമായി തുടർന്നേക്കും.  

നൈപുണ്യ വികസനവും ജോലിയിലെ മികച്ച പ്രകടനവും അനുസരിച്ച് ശമ്പള വർധനവിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകും. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ശരാശരി പ്രകടനം നടത്തുന്നവരെക്കാൾ 1.8 മടങ്ങ് വർദ്ധനവ് പ്രതീക്ഷിക്കാമെന്നും സർവേ റിപ്പോർട്ട് പറയുന്നു.

2020 ലെ 10 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ 2021 ൽ ഏകദേശം 12 ശതമാനം ജീവനക്കാർക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടുണ്ട്. നിയമനവുമായി ബന്ധപ്പെട്ട്, 78 ശതമാനം കമ്പനികൾ കൊവിഡ് -19 പകർച്ചവ്യാധിക്ക് മുമ്പ് ഉണ്ടായിരുന്ന അതേ വേഗതയിൽ തന്നെ റിക്രൂട്ട്മെന്റ് പ്രവർത്തനങ്ങൾ വീണ്ടും ആരംഭിച്ചിട്ടുണ്ട്. 

ഏകദേശം 12 ശതമാനം കമ്പനികളും അവരുടെ ബോണസ്, വേരിയബിൾ പേ പ്ലാനുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. സർവേയിൽ പങ്കെടുത്ത 60 ശതമാനം സ്ഥാപനങ്ങളും കൊവിഡ് -19 കണക്കിലെടുത്ത് അവരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസി അപ്ഡേറ്റ് ചെയ്തതായി വ്യക്തമാക്കി. ഓരോ മൂന്ന് ഓർഗനൈസേഷനുകളിൽ രണ്ടെണ്ണവും അവരുടെ അവധി നയം പുന:ക്രമീകരിക്കുകയും 14 മുതൽ 21 ദിവസം വരെ പ്രത്യേക അവധികൾ പുതിയതായി അവതരിപ്പിക്കുകയും ചെയ്തു. കൊവിഡ് -19 മൂലം ജീവൻ നഷ്ടപ്പെട്ട ജീവനക്കാരുടെ കുടുംബങ്ങളിൽ പകുതിയോളം പേർക്ക് ഏതെങ്കിലും തരത്തിലുളള നഷ്ടപരിഹാരം ലഭിച്ചു.

ജീവനക്കാരുടെ മുൻഗണന കണ്ടെത്തുന്നതിന് 25 ശതമാനം ഓർഗനൈസേഷനുകൾ മാത്രമാണ് ജീവനക്കാരുടെ സർവേ നടത്തിയത്. ആവശ്യമുള്ള ജോലിസ്ഥലവുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ മുൻഗണന വിലയിരുത്തുന്നതിൽ ഐടി മേഖല ഏറ്റവും സജീവമാണ്. മിക്ക സ്ഥലങ്ങളിലും ജീവനക്കാർ ഒരു ഹൈബ്രിഡ് വർക്ക് ക്രമീകരണമാണ് ഇഷ്ടപ്പെടുന്നതെന്ന് സർവേ അഭിപ്രായപ്പെടുന്നു. വെർച്വൽ / ഹൈബ്രിഡ് ജോലിസ്ഥലത്തെ മാതൃകയിൽ ടീമുകളെ നയിക്കാനും പരിശീലന പരിപാടികളിലൂടെ സഹകരണം വർദ്ധിപ്പിക്കാനും മാനേജർമാരെ സജ്ജമാക്കുന്നതിന് ചില പ്രമുഖ കമ്പനികൾ പ്രത്യേക സംവിധാനങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios