വനിതകളുടെ സാമ്പത്തിക സുരക്ഷയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നു. ജൻ ധൻ അക്കൗണ്ടുകൾ വഴി വായ്പ, ഇൻഷുറൻസ്, ക്രെഡിറ്റ് കാർഡുകൾ എന്നിവ നൽകി സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുകയാണ് ലക്ഷ്യം. 

ദില്ലി: രാജ്യത്തെ സാധാരണക്കാരായ ലക്ഷക്കണക്കിന് വനിതകളുടെ സാമ്പത്തിക സുരക്ഷയും സ്വയം പര്യാപ്തതയും ലക്ഷ്യമിട്ട് പുതിയ പദ്ധതികൾക്ക് കേന്ദ്ര സർക്കാർ രൂപം നൽകുന്നു. സ്ത്രീകൾക്ക് ജൻ ധൻ ബാങ്ക് അക്കൗണ്ടുകൾ വഴി വായ്പാ സൗകര്യങ്ങളും ഇൻഷുറൻസ് പരിരക്ഷയും ഉൾപ്പെടെയുള്ള സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതാണ് സർക്കാർ തയ്യാറാക്കുന്ന പദ്ധതി. ഫെബ്രുവരിയിൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

സാമ്പത്തിക സംവിധാനത്തിന്റെ മുഖ്യധാരയിലേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഈ നീക്കം നടത്തുന്നത്. സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിട്ട ക്രെഡിറ്റ് കാർഡുകൾ, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ, പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ എന്നിവ ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നാകുമെന്നാണ് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഇതുവഴി സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ ആരംഭിക്കാനും കുടുംബ വരുമാനത്തിൽ കൂടുതൽ പങ്കുവഹിക്കാനും അവസരം ലഭിക്കുമെന്നാണ് വിലയിരുത്തൽ.

ഗ്രാമീണ മേഖലകളിലെ സംരംഭങ്ങൾക്കും സ്വയം സഹായ സംഘങ്ങൾക്കും വായ്പ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിനായി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ഗ്രാമീൺ ക്രെഡിറ്റ് സ്കോർ സംവിധാനം നടപ്പാക്കുന്നതും സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും വിലയിരുത്തൽ പ്രക്രിയ ലളിതമാക്കുന്നതിലൂടെ ഗ്രാമീണ സ്ത്രീകൾക്കും സംരംഭകർക്കും വേഗത്തിൽ വായ്പ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം, ജൻ സുരക്ഷാ പദ്ധതികൾക്ക് കീഴിലുള്ള നിലവിലെ ഇൻഷുറൻസ് പ്ലാനുകളുടെ കവറേജ് വർധിപ്പിക്കാനും ഗുണഭോക്താക്കൾക്ക് കൂടുതൽ ഉയർന്ന ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാനുള്ള അവസരം നൽകാനും സർക്കാർ ആലോചിക്കുന്നു. അപകടസാധ്യതകൾ വർധിക്കുന്ന സാഹചര്യത്തിൽ കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിന് ഇത് നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

നിതി ആയോഗ് നൽകിയ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പദ്ധതികൾ നടപ്പാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. പ്രവർത്തനരഹിതമായി തുടരുന്ന പ്രധാനമന്ത്രി ജൻ ധൻ യോജന അക്കൗണ്ടുകൾ സജീവമാക്കുന്നതിനുള്ള നടപടികളും നിതി ആയോഗ് ശുപാർശ ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി ജൻ ധൻ അക്കൗണ്ടുകൾ വഴി അക്കൗണ്ട് ഉടമകൾക്ക് ക്രെഡിറ്റ് കാർഡുകളും ഇൻഷുറൻസ് പരിരക്ഷയും ലഭ്യമാക്കുന്ന സംവിധാനമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്.

രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ജൻ ധൻ അക്കൗണ്ടുകൾ മുഖേന എല്ലാവർക്കും ക്രെഡിറ്റ് കാർഡും വായ്പാ സൗകര്യവും ഉറപ്പാക്കുകയും സാമ്പത്തിക സാക്ഷരത വളർത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന നിലപാടിലാണ് നിതി ആയോഗ്. 2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുക എന്ന ദേശീയ ലക്ഷ്യത്തിന്റെ ഭാഗമായാണ് എല്ലാവർക്കും സാമ്പത്തിക സേവനങ്ങൾ ഉറപ്പാക്കുന്ന ജൻ ധൻ പദ്ധതികളുടെ പ്രവർത്തനം സർക്കാർ സമഗ്രമായി വിലയിരുത്തുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.