മുംബൈ: കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ അസാധാരണ കാലത്ത് കര്‍ഷകരുടെ ജീവിതം സുഗമമാക്കുതിനായി കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് (കെസിസി) റിവ്യൂവിന് യോനോ കൃഷിയില്‍ അവസരം ഒരുക്കുന്നു. ഈ പുതിയ ഫീച്ചറിന്റെ അവതരണത്തോടെ കര്‍ഷകര്‍ക്ക് ഇനി കെസിസി പരിധി പുതുക്കുതിനായി ബാങ്ക് ബ്രാഞ്ചിലേക്ക് പോകേണ്ടതില്ലെന്ന് സ്റ്റേറ്റ് ബാങ്ക് വ്യക്തമാക്കി. കര്‍ഷകര്‍ക്ക് ഇനി വീടിന്റെ സുരക്ഷിതത്വത്തില്‍ ഇരുന്ന് യോനോ കൃഷിയിലൂടെ കെസിസി പുതുക്കാം.

യോനോ കൃഷിയിലൂടെയുള്ള കെസിസി പുതുക്കല്‍ എസ്ബിഐ അക്കൗണ്ടുള്ള 75 ലക്ഷം കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും. പേപ്പര്‍ രഹിത കെസിസി പുതുക്കല്‍ കര്‍ഷകരുടെ ചെലവു കുറയ്ക്കുമെന്ന് മാത്രമല്ല, ഇതിനായുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാകുകയും വിളവെടുപ്പ് കാലത്തും മറ്റും കാലതാമസം കൂടാതെ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

രാജ്യത്തെ പത്തോളം പ്രാദേശിക ഭാഷകളില്‍ സാങ്കേതിക വിദ്യ കര്‍ഷകരിലേക്ക് എത്തിക്കുന്ന ബഹു ഭാഷ പ്ലാറ്റ്‌ഫോമായ യോനോ കൃഷിയിലൂടെ കെസിസി റിവ്യൂ കൂടാതെ യോനോ ഖാത, യോനോ ബചത്, യോനോ മിത്ര, യോനോ മണ്ഡി തുടങ്ങിയ സേവനങ്ങളും കര്‍ഷക ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.