Asianet News MalayalamAsianet News Malayalam

സർക്കാരിനെതിരെ പ്രതിഷേധം; തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ മത്സരിക്കുന്നത് 189 കര്‍ഷകര്‍

നിസാമാബാദ് മണ്ഡലത്തിൽ 245 കർഷകരാണ് തെരഞ്ഞെടുപ്പ് പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ തള്ളപ്പെട്ടതും പിന്‍വലിച്ചതുമായ പത്രികകള്‍ കഴിഞ്ഞ് ബാക്കി 189 കർഷകർ തെരഞ്ഞെടുപ്പിൽ മത്സരിക്കും. 

189 Telangana turmeric farmers are contesting Lok Sabha polls
Author
Telangana, First Published Mar 28, 2019, 8:32 PM IST

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കും കർഷകരുടെ അവസ്ഥ ബോധ്യപ്പെടുത്തി കൊടുക്കാൻ അവരുടെ മണ്ഡലങ്ങളിൽ 1000 കർഷകർ വീതം മത്സരിക്കണമെന്നായിരുന്നു തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയുടെ ആഹ്വാനം. ഒടുവിൽ ആ ആഹ്വാനം കർഷകർ ഏറ്റെടുത്തു. എന്നാൽ മോദിക്കൊ രാഹുലിനൊ എതിരെ വാരാണസിയിലും അമേഠിയിലുമല്ല കർഷകർ മത്സരിച്ചതെന്ന് മാത്രം. കവിത മത്സരിക്കുന്ന നിസാമാബാദിലാണ് കര്‍ഷകര്‍ മത്സരിക്കുന്നത്. 

നിസാമാബാദ് മണ്ഡലത്തിൽ 245 കർഷകരാണ് തെരഞ്ഞെടുപ്പ് പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയില്‍ തള്ളപ്പെട്ടതും പിന്‍വലിച്ചതുമായ പത്രികകള്‍ കഴിഞ്ഞ് ബാക്കി 189 കർഷകർ തെരഞ്ഞെടുപ്പിൽ മത്സരിക്കും. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കാന്‍ ശ്രമം സജീവമായി നടക്കുന്നുണ്ട്. മഞ്ഞൾ, ചോളം കർഷകരാണ് പത്രിക സമർപ്പിച്ചവരിൽ ഭൂരിഭാഗവും. സ്വതന്ത്ര സ്ഥാനാർഥികളായാണ് ഇവർ പത്രിക സമർപ്പിച്ചത്.

നിസാമാബാദ്, ജഗതിയാൽ ജില്ലകളിൽ നിന്നുള്ളവരാണ് പത്രിക സമർപ്പിച്ചത്. മഞ്ഞൾ ഉൾപ്പെടെയുള്ള കാർഷിക വിളയുടെ താങ്ങുവില 5,000ത്തിൽ നിന്നം 15,000ത്തിലേക്ക് ഉയർത്തുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയവയാണ് കർഷകർ മുന്നോട്ട് വയ്ക്കുന്ന പ്രധാന ആവശ്യങ്ങൾ. 

എന്നാൽ ഈ‌ ആവശ്യങ്ങള്‍ നടപ്പാക്കുന്നതിൽ തെലങ്കാന സർക്കാർ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം. അതേസമയം, സ്ഥാനാര്‍ത്ഥികളുടെ എണ്ണം 96 കവിഞ്ഞാല്‍ വോട്ടിങ് യന്ത്രം പറ്റില്ല. പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്ന കാര്യവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പരിഗണിക്കേണ്ടിവരും. 

Follow Us:
Download App:
  • android
  • ios