ദില്ലി: ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ബട്ടണുകളിൽ ഏറ്റവും അവസാനത്തേതാണെങ്കിലും ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിൽ നോട്ട ചെറുതല്ലാത്ത സ്ഥാനം തന്നെ വഹിച്ചിട്ടുണ്ട്.  45,000-ത്തിലധികം വോട്ടർമാരാണ് ദില്ലിയിൽ നോട്ടയ്ക്ക് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് 2014നെക്കാൾ 6200 വോട്ടുകളുടെ അധികമാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കിൽ പറയുന്നത്.

നോട്ടയ്ക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ പോൾ ചെയ്തിരിക്കുന്നത് സംവരണ മണ്ഡലമായ വടക്കുപടിഞ്ഞാറൻ ദില്ലിയിലാണ്.10,210 വോട്ടുകളാണ് ഇവിടെ നോട്ടയ്ക്ക് ലഭിച്ചത്. ബിജെപി ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തോടെ ജയിച്ച പടിഞ്ഞാറൻ ദില്ലിയാണ് രണ്ടാം സ്ഥാനത്ത്.  ഇവിടെ 8937 വോട്ടുകൾ നോട്ടയ്ക്ക് ലഭിച്ചു. ന്യൂ ദില്ലിയിൽ 6601 വോട്ടുകളും നോട്ടയ്ക്ക് ലഭിച്ചു. 

അതേസമയം മനോജ് തിവാരിയും ഷീലാ ദീക്ഷിതും ഏറ്റുമുട്ടിയ വടക്കുകിഴക്കൻ ദില്ലിയിൽ 4589 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. 2013-ൽ ദില്ലി, ഛത്തീസ്ഗഢ്, മിസോറം, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ് നോട്ട സംവിധാനം ആദ്യമായി കൊണ്ടുവരുന്നത്.