1962-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സുബുദ്ദി ആദ്യം മത്സര രംഗത്തിറങ്ങുന്നത്. പിന്നീട് ലോക്‌സഭയിലേക്കും ഒഡീഷ നിയമസഭയിലേക്കുമായി 32 തവണ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഭുവനേശ്വര്‍: പരാജയങ്ങള്‍ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന വിശ്വാസമാണ് ഒഡീഷ സ്വദേശി ഷ്യാം ബാബു സുബുദ്ദി എന്ന 84-കാരനെ മുന്നോട്ട് നയിക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന ഇദ്ദേഹത്തിന് പ്രായത്തിനൊപ്പം തന്നെ തെരഞ്ഞെടുപ്പ് അനുഭവങ്ങളുമുണ്ട്. 32 തവണയാണ് ഇദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടിട്ടുള്ളത്. മത്സരിച്ചപ്പോഴെല്ലാം പരാജയം ഏറ്റുവാങ്ങിയിട്ടും വര്‍ധിത വീര്യത്തോടെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങാന്‍ ഒരുങ്ങുകയാണ് സുബുദ്ദി.
1962-ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് സുബുദ്ദി ആദ്യം മത്സര രംഗത്തിറങ്ങുന്നത്. പിന്നീട് ലോക്‌സഭയിലേക്കും ഒഡീഷ നിയമസഭയിലേക്കുമായി 32 തവണ മത്സരിച്ചെങ്കിലും വിജയിച്ചില്ല. അസ്‌ക, ബര്‍ഹാംപൂര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്നാണ് സുബുദ്ദി ഇത്തവണ ജനവിധി തേടുന്നത്. ഒഴിഞ്ഞുകിടക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കായി ജൂണ്‍11-ന് നടക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്നാണ് പ്രായം മനസ്സിനെ ബാധിക്കാത്ത സുബുദ്ദി പറയുന്നത്.
മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനും മുന്‍ മുഖ്യമന്ത്രി ബിജു പട്‌നായ്കിനും എതിരെ സുബുദ്ദി മത്സരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങളല്ല, മത്സരിക്കുന്നതാണ് പ്രധാനമെന്നാണ് സുബുദ്ദി പറയുന്നത്.
