ബിജെപി ചിഹ്നവും 'മോദിക്ക്‌ വോട്ട്‌ ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യവുമാണ്‌ നായയുടെ ശരീരത്തില്‍ ഒട്ടിച്ചിരുന്ന പോസ്‌റ്ററില്‍ ഉണ്ടായിരുന്നത്‌ 

മുംബൈ: ശരീരത്തില്‍ ബിജെപി അനുകൂല പോസ്‌റ്ററുമായി തെരഞ്ഞെടുപ്പ്‌ ദിനത്തില്‍ പോളിംഗ്‌ ബൂത്തിലെത്തിയ നായയെ പൊലീസ്‌ ഉദ്യോഗസ്ഥര്‍ കസ്‌റ്റഡിയിലെടുത്തു. വടക്കന്‍ മഹാരാഷ്ട്രയിലെ നന്ദൂര്‍ബര്‍ ടൗണിലെ ബൂത്തില്‍ വോട്ട്‌ രേഖപ്പെടുത്താന്‍ നായയുമായി എത്തിയ ഉടമസ്ഥനെതിരെ കേസും എടുത്തിട്ടുണ്ട്‌.

തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്ക്‌ശേഷമാണ്‌ ബിജെപി പോസ്‌റ്റുമായി നായ ഉടമസ്ഥന്‍ ഏക്‌നാഥ്‌ മോത്തിറാം ചൗധരിക്കൊപ്പം ടൗണില്‍ പ്രത്യക്ഷപ്പെട്ടത്‌. മോത്തിറാം വോട്ട്‌ രേഖപ്പെടുത്താന്‍ ബൂത്തിലേക്ക്‌ പോയപ്പോള്‍ പരിസരങ്ങളില്‍ ചുറ്റിത്തിരിയുകയായിരുന്നു നായ. ബിജെപി ചിഹ്നവും മോദിക്ക്‌ വോട്ട്‌ ചെയ്യൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമാണ്‌ നായയുടെ ശരീരത്തില്‍ ഒട്ടിച്ചിരുന്ന പോസ്‌റ്ററില്‍ ഉണ്ടായിരുന്നത്‌.

തെരഞ്ഞെടുപ്പ്‌ പുരോഗമിക്കുന്നതിനിടെ നായയെക്കുറിച്ചും ഉടമസ്ഥനെക്കുറിച്ചും ആരോ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഐപിസി സെക്ഷന്‍ 171 എ പ്രകാരം തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്‌ കാണിച്ച്‌ മോത്തിറാമിനെതിരെ കേസ്‌ ഫയല്‍ ചെയ്‌തു. തെരഞ്ഞെടുപ്പ്‌ ദിവസം പ്രചാരണം നടത്തിയെന്നാണ്‌ കേസ്‌. പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത നായയെ പിന്നീട്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‌ കൈമാറി.