വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി

കാസര്‍കോട്: നരേന്ദ്ര മോദിയെ പുകഴ്ത്തിക്കൊണ്ടുള്ള നിലപാടിലുറച്ച് എ പി അബ്ദുള്ളക്കുട്ടി. എഫ്ബി പോസ്റ്റിൽ ഉറച്ചുനിൽക്കുന്നുവെന്ന് അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. പറഞ്ഞത് സത്യസന്ധമായ കാര്യങ്ങൾ മാത്രമാണ്. മോദിയുടെ വിജയത്തെക്കുറിച്ച് വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ഉള്ളുതുറന്ന അഭിപ്രായമായി മാത്രം ഇതിനെ കണ്ടാൽമതിയെന്ന് അബ്ദുള്ളക്കുട്ടി കൂട്ടിച്ചേര്‍ത്തു. 

വികസന പദ്ധതികൾ തന്നെയാണ് മോദിക്ക് ജയം സമ്മാനിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയവിരോധം പറഞ്ഞിട്ട് കാര്യമില്ലെന്നും അബ്ദുള്ളക്കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ദരിദ്രരായവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കിയതും കക്കൂസ് നിര്‍മ്മിച്ച് നല്‍കിയതൊക്കെയും വോട്ടായി മാറിയെന്നും അബ്ദുള്ളക്കുട്ടി വിശദമാക്കുന്നു. മഞ്ചേശ്വരം തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാവുമോ, പാര്‍ട്ടി വിടുമോയെന്നുമുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയാണ് അബ്ദുള്ളക്കുട്ടിയുടെ വിശദീകരണം. 

മോദിയുടെ വിജയത്തെപ്പറ്റി നിഷ്പക്ഷമായും ശാന്തമായും എല്ലാവരും വിശകലനം ചെയ്യുകയാണ് വേണ്ടത്. വികസന പദ്ധതികളാണ് മോദിക്ക് വൻ ജയം സമ്മാനിച്ചത്. മോദിയുടെ പ്രവർത്തന ശൈലിയിൽ ഗാന്ധിയൻ മൂല്യങ്ങളുണ്ട്.ടോയ്‍ലറ്റുകൾ നിർമ്മിച്ച് നൽകിയതും നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്ഷൻ നൽകയതുമുൾപ്പെടെയുള്ള പദ്ധതികൾ എടുത്തു കാട്ടിയായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പോസ്റ്റ്. രാജ്യത്തെ രാഷ്ട്രീയം മാറുകയാണെന്നും നരേന്ദ്രമോദിയെ വിമർശിക്കുന്നവർ യാഥാർത്ഥ്യം മറക്കരുതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിച്ചത്.