എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍

തൃശൂര്‍: രമ്യ ഹരിദാസിനെതിരെ നടത്തിയ വിവാദ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചുവെന്ന മന്ത്രി എ കെ ബാലന്‍റെ വാക്കുകളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീന‍ർ എ വിജയരാഘവന്‍. രമ്യ ഹരിദാസിനെതിരായി താന്‍ നടത്തിയത് രാഷ്ട്രീയ പരാമര്‍ശം മാത്രമാണ്. എ കെ ബാലൻ തനിക്കെതിരെ പറയുമെന്ന് തോന്നുന്നില്ല. എന്താണ് എ കെ ബാലൻ അത്തരമൊരു പരാമര്‍ശം നടത്താന്‍ കാരണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും വിജയരാഘവന്‍ പറഞ്ഞു. 

രമ്യ ഹരിദാസിനെതിരെ വിജയരാഘവൻ നടത്തിയ പരാമർശം പി കെ ബിജുവിന്‍റെ തോൽവിയെ ബാധിച്ചുവെന്നാണ് എ കെ ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പരാമർശം ആലത്തൂരിലെ വോട്ടർമാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലൻ പക്ഷേ ഏതെങ്കിലും രൂപത്തിൽ അപമാനിക്കണമെന്ന് വിജയരാഘവൻ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേർത്തു. ദൃശ്യമാധ്യമങ്ങളിൽ വാർത്ത വന്നത് വോട്ടർമാരെ സ്വാധീനിച്ചിരിക്കാം. ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാർട്ടി പരിശോധിക്കുമെന്നും ബാലന്‍ വ്യക്തമാക്കിയിരുന്നു.