ദില്ലി: ഈസ്റ്റ് ദില്ലിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി രംഗത്ത്. ഗൗതം ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടിയുടെ ഈസ്റ്റ് ദില്ലി സ്ഥാനാര്‍ത്ഥി അതിഷി മര്‍ലിന കോടതിയില്‍ പരാതി നല്കി.

ദില്ലി കരോള്‍ബാഗിലും രജീന്ദര്‍ നഗറിലും വോട്ടര്‍പട്ടികയില്‍ ഗൗതം ഗംഭീറിന്‍റെ പേരുണ്ടെന്നാണ് അതിഷി ആരോപിക്കുന്നത്.  ഇവ രണ്ടും സെന്‍ട്രല്‍ ദില്ലി ലോക്സഭാ മണ്ഡലത്തില്‍ വരുന്ന നിയോജകമണ്ഡലങ്ങളാണ്.  നിയമപ്രകാരം ഒരു വര്‍ഷം വരെ ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇതെന്നും അതിഷി ട്വീറ്റില്‍ പറഞ്ഞു. 

ഗംഭീറിന്‍റെ രണ്ട് മണ്ഡലങ്ങളിലെയും വോട്ടര്‍പ്പട്ടിക വിവരങ്ങളും അതിഷി പങ്കുവച്ചിട്ടുണ്ട്. ഗംഭീറിന്‍റെ സ്ഥാനാര്‍ത്ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് തീസ് ഹസാരി കോടതിയില്‍ അതിഷി ഹര്‍ജി നല്കിയിരിക്കുന്നത്. 37കാരനായ ഗൗതം ഗംഭീര്‍ കഴിഞ്ഞ മാസമാണ് ബിജെപിയില്‍ ചേര്‍ന്നത്.