കിഴക്കൻ ദില്ലിയിൽ ബിജെപി സ്ഥാനാർത്ഥിയായ ഗൗതം ഗംഭീർ തുറന്ന വാഹനത്തിൽ പ്രചാരണം നടത്തിയപ്പോൾ കൈവീശാൻ ഡ്യൂപ്പിനെ ഇറക്കിയ ശേഷം കാറിനകത്ത് യാത്ര ചെയ്തുവെന്നാണ് ആരോപണം
ദില്ലി: കിഴക്കൻ ദില്ലിയിലെ ബിജെപി സ്ഥാനാർത്ഥി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെതിരെ പുതിയ ആരോപണവുമായി ആംആദ്മി പാർട്ടി രംഗത്തെത്തി. വാഹന പ്രചാരണ ജാഥയിൽ വോട്ടർമാരെ കൈവീശി അഭിവാദ്യം ചെയ്യാൻ അപരനെ ഇറക്കിയ ശേഷം കാറിനകത്ത് ഗംഭീർ യാത്ര ചെയ്യുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗംഭീർ ജനങ്ങളെ വഞ്ചിക്കുന്നുവെന്ന ആരോപണവുമായി ആംആദ്മി പാർട്ടി നേതാവും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ രംഗത്തെത്തി.
"സിനിമയിൽ ഡ്യൂപ്പിനെ വച്ച് സംഘട്ടന രംഗം പകർത്തുന്നത് കേട്ടിട്ടുണ്ട്, ക്രിക്കറ്റിൽ റണ്ണറെ വച്ച് ഓടുന്നതും അറിയാം. എന്നാൽ ആദ്യമായാണ് പ്രചാരണത്തിന് ഡ്യൂപ്പിനെ വയ്ക്കുന്നത് കാണുന്നത്," എന്ന് മനീഷ് സിസോദിയ തന്റെ ട്വീറ്റിൽ കുറിച്ചു.
"കോൺഗ്രസും ബിജെപിയും ജനങ്ങളെ കബളിപ്പിക്കുന്നത് ഇങ്ങിനെയാണ്. ഗൗതം ഗംഭീർ എസി കാറിനകത്ത് ഇരിക്കുന്നു. അദ്ദേഹത്തിന് ചൂട് പ്രശ്നമാണ്. അദ്ദേഹം നിൽക്കേണ്ട സ്ഥാനത്ത് അപരനെ നിർത്തിയിരിക്കുന്നു. പ്രവർത്തകർ അപരന് ചുറ്റും നിൽക്കുന്നു. ഈ അപരൻ യഥാർത്ഥത്തിൽ കോൺഗ്രസ് നേതാവാണ്," മനീഷ് സിസോദിയ ആരോപിച്ചു. കിഴക്കൻ ഡൽഹിയിൽ ഇക്കുറി ശക്തമായ മത്സരമാണ് നടക്കുന്നത്. ആംആദ്മി നേതാവ് അതിഷിയാണ് ഗംഭീറിന്റെ എതിരാളി.
