ദില്ലി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയും ഹരിയാനയും ബിജെപി തൂത്തുവാരുമെന്ന് എബിപി ന്യൂസ് ഒപ്പീനിയൻ പോൾ. ഹരിയാനയിൽ 90 സീറ്റുകളിൽ 83 സീറ്റുകളും ബിജെപി സ്വന്തമാക്കുമെന്ന് ഒപ്പീനിയൻ പോൾ പറയുന്നു. കോൺ​ഗ്രസ് മൂന്ന് സീറ്റിൽ ഒതുങ്ങുമെന്നും മറ്റ് പാർട്ടികൾക്ക് നാല് സീറ്റുകൾ കിട്ടുമെന്നുമാണ് പോളിലെ പ്രവചനം.

വോട്ട് വിഹിതത്തിന്‍റെ കാര്യത്തിൽ ഹരിയാനയിൽ ബിജെപിക്ക് 48 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന് 21 ശതമാനം വോട്ടും സംസ്ഥാനത്തെ മറ്റ് പാർട്ടികൾക്ക് 31 ശതമാനം വോട്ടും ലഭിക്കുമെന്നും പ്രവചനം.

ഹരിയാനയിൽ മനോഹർ ലാൽ ഖട്ടർ വീണ്ടും മുഖ്യമന്ത്രിയായി വരണമെന്ന് 40 ശതമാനം വോട്ടർമാർ ആ​ഗ്രഹിക്കുന്നു. കഴിഞ്ഞ തവണ വിജയിച്ച കർണാൽ സീറ്റിൽ നിന്ന് തന്നെയാണ് ഇത്തവണയും ഖട്ടർ ജനവിധി തേടുന്നത്. 20 ശതമാനം ആളുകൾ ഭൂപീന്ദർ സിംഗ് ഹൂഡയെയും 14 ശതമാനം ജനങ്ങൾ ജനനായക് ജനതാ പാർട്ടി നേതാവ് ദുഷ്യന്ത് ചൗട്ടാലയെയും അനുകൂലിക്കുന്നു. 

മഹാരാഷ്ട്രയിൽ ബിജെപിക്ക് 194 സീറ്റുകൾ, കോൺ​ഗ്രസ് 86 സീറ്റ് 

മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളില്‍ ബിജെപി- ശിവസേന സഖ്യത്തിന് 194 സീറ്റ് ലഭിക്കുമെന്നാണ് സർവ്വേ ഫലം. കോൺ​ഗ്രസിന് 86 സീറ്റ് കിട്ടുമെന്നും പ്രവചിക്കുന്നു. മറ്റ് പാർട്ടികൾക്ക് എട്ട് സീറ്റുകളും ലഭിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ മഹാരാഷ്ട്രയിലെ നിലവിലുള്ള സർക്കാർ 47 ശതമാനം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ  വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, കോൺഗ്രസിന് 39 ശതമാനം വോട്ട് രേഖപ്പെടുത്തുന്നു. മറ്റ് പാർട്ടികൾക്ക് 14 ശതമാനം വോട്ട് ലഭിക്കുമെന്നും ഒപ്പീനിയൻ പോൾ പറയുന്നു.

സംസ്ഥാനത്ത് 8.9 കോടി ജനങ്ങൾക്കാണ് വോട്ടവകാശം ഉള്ളത്. ഇതിൽ സർവീസ് വോട്ടർമാരുടെ എണ്ണം ഏകദേശം 1.17 ലക്ഷമാണ്. ബിജെപി, ശിവസേന, കോൺഗ്രസ്, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) എന്നിവയാണ് മത്സര രംഗത്തെ പ്രധാന പാർട്ടികൾ. മഹാരാഷ്ട്രയിൽ ഏറെ ഉറ്റു നോക്കപ്പെടുന്ന മണ്ഡലമാണ് നാഗ്പൂര്‍ സൗത്ത് വെസ്റ്റ്. ഇവിടെ മത്സരിക്കുന്നത് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസാണ്. അദ്ദേഹത്തിന് വിജയം ഉറപ്പൊണെന്ന് ബിജെപി പ്രവർത്തകർ കണക്ക് കൂട്ടുന്നു. 

തിങ്കളാഴ്ചയാണ് ഇരു സംസ്ഥാനങ്ങളിലേയും ജനങ്ങൾ വോട്ട് രേഖപ്പെടുത്താനായി ബൂത്തുകളിലേക്ക് എത്തുന്നത്. 24-നാണ് വോട്ടെണ്ണൽ. നാളെ പരസ്യ പ്രചാരണം അവസാനിക്കും.